കായല്‍ കയ്യേറ്റ കേസ്; തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

ന്യൂ ഡല്‍ഹി: കായല്‍ കയ്യേറ്റ കേസില്‍ തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. കയ്യേറ്റവുമായി ബന്ധപ്പെട്ട ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു ഹര്‍ജി നല്‍കിയത്. തോമസ് ചാണ്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി. ഹര്‍ജി മെറിറ്റില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

കേസ് നല്‍കുമ്പോള്‍ തോമസ് ചാണ്ടി സംസ്ഥാന മന്ത്രിയാണ്. എന്നാല്‍ ഇപ്പോള്‍ മന്ത്രിസ്ഥാനമില്ല. അതിനാല്‍ കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. മന്ത്രിയല്ലാത്തതിനാല്‍ സുപ്രീം കോടതിയിലെ കേസ് പിന്‍വലിച്ച് ഹൈക്കോടതിയിലെ കേസുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ഇത് അംഗീകരിച്ചുകൊണ്ട് തോമസ് ചാണ്ടിയുടെ ഹര്‍ജി പിന്‍വലിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. തുടര്‍ന്ന് കേസ് പിന്‍വലിക്കുകയായിരുന്നു.

You must be logged in to post a comment Login