കായികമേളയ്‍ക്കിടെ വീണ്ടും അപകടം; ഹാമറിന്‍റെ കമ്പി പൊട്ടി വിദ്യാര്‍ഥിക്ക് പരിക്ക്

 

കോഴിക്കോട്: സ്‍കൂള്‍ കായികമേളയ്‍ക്കിടെ വീണ്ടും ഹാമര്‍ ത്രോ അപകടം. കോഴിക്കോട് റവന്യൂ ജില്ലാ സ്‍കൂള്‍ കായികമേളയ്‍ക്കിടെ ഹാമറിന്‍റെ കമ്പി പൊട്ടി വിദ്യാര്‍ഥിക്ക് പരിക്കേറ്റു. കമ്പി പൊട്ടിയതോടെ ഹാമര്‍ ദൂരേക്ക് തെറിച്ചുപോയെങ്കിലും വിദ്യാര്‍ഥിയുടെ കൈയിലും കാലിലും കമ്പിയിടിച്ച് പരിക്കേറ്റു.

കോഴിക്കോട് രാമകൃഷ്‍ണ മിഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‍കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് നിഷാനാണ് പരിക്കേറ്റത്. അഞ്ച് കിലോഗ്രാം വിഭാഗത്തിലായിരുന്നു നിഷാന്‍ മത്സരിച്ചത്. എന്നാല്‍ ആറര കിലോയുടെ ഹാമറാണ് മത്സരത്തിനായി എത്തിച്ചതെന്ന് ആക്ഷേപമുണ്ട്.

നിഷാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അപകടത്തിന് ശേഷം അഞ്ച് കിലോയുടെ ഹാമര്‍ തന്നെ എത്തിച്ചാണ് മത്സരം തുടര്‍ന്നത്.

കായികമേളകളില്‍ അപകടം ഒഴിവാക്കാന്‍ മുന്‍കരുതലെടുക്കുമെന്ന് കായിക മന്ത്രി ഇ പി ജയരാജന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് നിയമസഭയില്‍ പറഞ്ഞത്. പാലായില്‍ കായികമേളയ്‍ക്കിടെ ഹാമര്‍ തലയില്‍ വീണ് പാല സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‍കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി അഫീല്‍ ജോണ്‍സണ്‍ മരിച്ചിരുന്നു. തുടര്‍ന്നാണ് മുന്‍കരുതലെടുക്കുമെന്ന് മന്ത്രി പറഞ്ഞത്

പാലായില്‍ നടന്ന ജൂനിയല്‍ അത്ലറ്റിക് മീറ്റിനിടെയാണ് ഗ്രൗണ്ടില്‍ ജാവലിന്‍ ത്രോ മത്സരത്തിനിടെ ജാവലിന്‍ എടുത്തുമാറ്റാന്‍ നിന്ന വൊളന്‍റിയറായിരുന്ന അഫീലിന്‍റെ തലയില്‍ ഹാമര്‍ പതിച്ചത്. തലയോട്ടിക്ക് പരിക്കേറ്റ അഫീല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടാഴ്‍ചയിലധികം ചികിത്സയില്‍ കഴിഞ്ഞു. കായികവകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ വിദഗ്‍ധ ഡോക്ടര്‍മാരായിരുന്നു ചികിത്സിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സംഘാടകര്‍ക്ക് പിഴവ് പറ്റിയതായി കായികവ വകുപ്പ് കണ്ടെത്തിയിരുന്നു. ഒരേ സമയം നിരവധി മത്സരങ്ങള്‍ സംഘടിപ്പിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് കണ്ടെത്തിയത്.

അഫീലിന്‍റെ മരണത്തില്‍ ജാവലിന്‍ ത്രോ മത്സരങ്ങളുടെ ചുമതലക്കാരും റഫറിമാരുമായ ജോസഫ്, നാരായണന്‍കുട്ടി, കാസിം മാര്‍ട്ടിന്‍ എന്നിവരാണ് പ്രതിപട്ടികയില്‍ ഉള്ളത്. മനപ്പൂര്‍വല്ലാത്ത നരഹത്യയാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. നേരത്തെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു. സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട അഫീലിന്‍റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

You must be logged in to post a comment Login