കായിക ലോകത്തും മീ ടു ക്യാംപെയിന്‍ ആഞ്ഞടിക്കുന്നു; വെളിപ്പെടുത്തലുമായി ജ്വാല ഗുട്ട

മുംബൈ: സമൂഹമാധ്യമങ്ങിള്‍ മീ ടു ക്യാംപെയിന്‍ കത്തിജ്വലിക്കുകയാണ്. സിനിമാ താരങ്ങളുടേയും രാഷ്ട്രീയ പ്രവര്‍ത്തകരുടേയും തുറന്നുപറച്ചിലുകള്‍ പല ഉന്നതര്‍ക്കും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനൊക്കെ പുറമെ കായിക ലോകത്തും മീ ടു ക്യാംപെയിന്‍ കാറ്റ് ആഞ്ഞടിക്കുകയാണ്. തനിക്ക് നേരിടേണ്ടിവന്ന മാനസിക പീഡനത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. ട്വിറ്ററിലൂടെയാണ് താരം തന്റെ ദുരനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

കളത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും മികച്ച വിജയങ്ങള്‍ സ്വന്തമാക്കിയിട്ടും അതൊന്നും പരിഗണിക്കാതെ ദേശീയയ ടീമില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തുകയായിരുന്നുവെന്ന് ജ്വാല ഗുട്ട പറയുന്നു. 2006 മുതല്‍ മാനസിക പീഡനം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും കള നിര്‍ത്തേണ്ടി വന്നത് ഇതുകൊണ്ടാണെന്നും താരം തുറന്നു പറഞ്ഞു.

തന്റെ ചീഫായ വ്യക്തിയില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു അനുഭവം നേരിട്ടത്. അച്ഛനും അമ്മയ്ക്കും ഇയാളില്‍ നിന്ന് ഭീഷണിയും പീഡനവും നേരിട്ടെന്നും ജ്വാല പറഞ്ഞു. കൂടാതെ, ദേശീയ ചാംപ്യനായിരുന്ന സമയത്ത് നിരവധി തവണയാണ് തന്നെ ദേശീയ ടീമില്‍ നിന്ന് തഴഞ്ഞതെന്നും ജ്വാല പറഞ്ഞു.

റിയോ ഒളിംപിക്‌സിന് ശേഷം തിരിച്ചെത്തിയപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. ഇതുകൊണ്ടൊക്കെ കളി നിര്‍ത്താന്‍ നിര്‍ബന്ധിതയാവുകയായിരുന്നുവെന്നും ജ്വാല പറഞ്ഞു. റിയോ ഒളിംപിക്‌സില്‍ കൂടെ മത്സരിച്ച മിക്‌സഡ് ഡബിള്‍സ് കളിച്ച താരത്തെ വരെ ഭീഷണിപ്പെടുത്തിയെന്നും എല്ലാ തരത്തിലും എന്നെ ഒറ്റപ്പെടുത്താനായിരുന്നു അയാളുടെ ശ്രമമെന്നും ജ്വാല പറഞ്ഞു. 2009ല്‍ ലോകത്തിലെ ഒമ്പതാം നമ്പര്‍ താരമായതിന് ശേഷമാണ് പിന്നീട് നാഷണല്‍ ടീമിലെത്തിയത്. ഇങ്ങനെ നിരവധി തവണ താന്‍ മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ജ്വാല ഗുട്ട പറഞ്ഞു.

അര്‍ജുന പുരസ്‌കാര ജേത്രിയായ ജ്വാല 2016ലെ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ജ്വാലയുടെ അക്കൗണ്ടിലുണ്ട്. മഹാരാഷ്ട്ര സ്വദേശിയായ ജ്വാല ഗുട്ട 2017ലാണ് കളി നിര്‍ത്തിയത്.

You must be logged in to post a comment Login