‘കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പലരും ചാനലിലിരുന്ന് പുലമ്പുന്നത്; എനിക്ക് 42 ഏക്കര്‍ സ്ഥലമുണ്ടെന്ന് കരുതുന്ന വിഡ്ഢികള്‍ ഇപ്പോഴുമുണ്ട്’; തന്റെ സമ്പാദ്യം 42 സെന്റും അഞ്ചുമക്കളുമെന്ന് മന്ത്രി മണി

തൊടുപുഴ: തന്റെ സമ്പാദ്യം 42 സെന്റും അഞ്ചുമക്കളുമാണെന്ന് മന്ത്രി എം.എം.മണി. തനിക്ക് 42 ഏക്കര്‍ സ്ഥലമുണ്ടെന്ന് കരുതുന്ന വിഡ്ഢികള്‍ ഇപ്പോഴുമുണ്ട്. മക്കള്‍ക്ക് ശരിയായി വിദ്യാഭ്യാസം നല്‍കാന്‍പോലും തനിക്ക് കഴിഞ്ഞില്ലെന്നും മണി പറഞ്ഞു.

‘കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പലരും ചാനലിലിരുന്ന് പുലമ്പുന്നത്. എന്റെ അച്ഛന്‍ ചെത്തുതൊഴിലാളിയായിരുന്നു. ദാരിദ്ര്യംനിറഞ്ഞ ചുറ്റുപാടില്‍നിന്നാണ് കുടുംബത്തോടൊപ്പം ഹൈറേഞ്ചിലേക്ക് കുടിയേറിയത്. പത്തുമക്കളില്‍ മൂത്തയാളായിരുന്നു താന്‍. ജീവിക്കാന്‍വേണ്ടിയാണ് ഇടുക്കിയില്‍ എത്തിയത്. അന്ന് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയാണ് ഇപ്പോഴുള്ളത്. ആ ചരിത്രമൊന്നും ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നവര്‍ പറയുന്നില്ല. കേരളത്തിന്റെ ഭാഗമായി ആ പ്രദേശത്തെ നിലനിര്‍ത്താന്‍ പട്ടം താണുപിള്ള സര്‍ക്കാരാണ് അവിടെ കുടിയേറ്റം പ്രോത്സാഹിപ്പിച്ചത്. ഇതൊന്നും പഠിക്കാതെ വന്നിട്ടാണ് ചാനലിലിരുന്ന് കൈകാര്യം ചെയ്യുന്നത്. ഇപ്പോള്‍ ഓടിച്ചിട്ട് അടിക്കുകയാണ്’, മണി പറഞ്ഞു.

മക്കള്‍ക്കുകൊടുത്തത് പരിമിതമായ വിദ്യാഭ്യാസം മാത്രമാണ്. ഇതിനൊക്കെ പാര്‍ട്ടിയാണ് എന്നെ സഹായിച്ചത്- മണി പറഞ്ഞു. തൊടുപുഴയില്‍നടന്ന കെ.പി.എം.എസ്. സംസ്ഥാന സമ്മേളനത്തില്‍വെച്ചാണ് മണി ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയ നിരീക്ഷകരായ അഡ്വ. ജയശങ്കറും എന്‍.എം. പിയേഴ്‌സണും മന്ത്രി പ്രസംഗിക്കുമ്പോള്‍ വേദിയിലുണ്ടായിരുന്നു.

You must be logged in to post a comment Login