കാര്‍ഗില്‍ ഗ്രൂപ്പ് സിഇഒയുമായി മോഡിയുടെ കൂടിക്കാഴ്ച; മോഡിക്കെതിരേ കടുത്ത വിമര്‍ശനവുമായി ദിഗ്‌വിജയ്

digvijay-singhന്യൂഡല്‍ഹി:  മാട്ടിറച്ചി ഉല്‍പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത വ്യവസായിയുമായി കൂടിക്കാഴ്ച നടത്തിയ നരേന്ദ്ര മോഡിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് രംഗത്തെത്തി. മാട്ടിറച്ചി ഉല്‍പാദന രംഗത്തെ പ്രമുഖരായ കാര്‍ഗില്‍ ഗ്രൂപ്പിന്റെ സിഇഒയുമായി മോഡി അടുത്തിടെ കൂടിക്കാഴ്ച നടത്തിയതിനെയാണ് സിംഗ് രൂക്ഷമായി വിമര്‍ശിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ മാട്ടിറച്ചി ഉല്‍പാദകരായ കാര്‍ഗില്‍ ബീഫ് കോ എട്ടു ബില്യണ്‍ ഗോക്കളെയാണ് ഈ ആവശ്യത്തിനായി കൊല്ലുന്നതെന്ന്  സിംഗ് തന്റെ ട്വിറ്ററില്‍ കുറിച്ചു. ഇറച്ചി കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയര്‍ച്ച രേഖപ്പെടുത്തിയത് എന്‍ഡിഎ ഭരണകാലത്താണെന്ന്   ആരോപിച്ച അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണ കാലത്തു വാഗ്ദാനം ചെയ്തിരുന്നത് പോലെ രാജ്യത്ത് ഗോവധം നിരോധിക്കാനും മോഡിയെ വെല്ലുവിളിച്ചു.
തെരഞ്ഞെടുപ്പു പ്രചരണ സമയത്ത് ഇറച്ചി കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്ന യുപിഎ നയത്തെ മോഡി നിശിതമായി വിമര്‍ശിച്ചിരുന്നു. മതവികാരത്തെ അക്രമത്തിന് മാത്രമാണ് മോഡിയും ബിജെപിയും ഉപയോഗിക്കുതെന്ന്  പറഞ്ഞ സിങ് മറ്റൊന്നും മതങ്ങള്‍ക്കായി ചെയ്യാന്‍ മോഡിക്കാവുന്നില്ലെന്നും ആക്ഷേപിച്ചു. ഗോവധത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുന്ന വിശ്വഹിന്ദു പരിഷത്ത് കന്നുകാലി വ്യാപാരികളില്‍ നിന്നും പണം പിടുങ്ങാന്‍ മുന്‍നിരയിലാണെന്നും അദ്ദേഹം തന്റെ ട്വീറ്റിലൂടെ കുറ്റപ്പെടുത്തി.

You must be logged in to post a comment Login