കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:  സര്‍ക്കാരിന്റെ ഭൂപരിഷ്‌ക്കരണ നിയമഭേദഗതിക്കെതിരെ വിവിധ കര്‍ഷക സംഘടനകള്‍ക്കിടയില്‍ എതിര്‍പ്പുയരുന്ന സാഹചര്യത്തില്‍ കര്‍ഷികമേഖലയില്‍ അടിയന്തര നടപടികള്‍ക്കൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. കാലങ്ങളായി രാജ്യം നേരിടുന്ന ഈ പ്രശ്‌നത്തിന് എങ്ങനെ സ്ഥായിയായ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രധാനമായും ആലോചന.
രാജ്യത്തെ 60 ശതമാനം ആളുകളും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. എന്നിട്ടും ഈ മേഖലയില്‍ നിന്നുള്ള സാമ്പത്തിക വരുമാനം 14 ശതമാനം മാത്രമാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. പുതിയ നയങ്ങള്‍ ആവിഷ്‌ക്കരിച്ചും കര്‍ഷകരുമായുള്ള തുടര്‍ ചര്‍ച്ചകളിലൂടെയും പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതുണ്ടെന്നും അദ്ദേഹം പാര്‍ലമെന്റിനെ ഓര്‍മ്മിപ്പിച്ചിരുന്നു.
വരള്‍ച്ചയും കാലം തെറ്റിയുള്ള മഴയുമാണ് കര്‍ഷകരെ ചതിക്കുന്നത്. കര്‍ഷകര്‍ക്ക് സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി ആവിഷ്‌ക്കരിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് കാര്‍ഷിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. വരള്‍ച്ചയും മഴക്കെടുതിയും അതിജീവിക്കാന്‍ കര്‍ഷകരെ ഇത് പ്രാപ്തരാക്കുമൈന്നാണ് വിലയിരുത്തല്‍.
190 മില്യന്‍ ഹെക്ടറില്‍ കൃഷി നാശമുണ്ടാകുമ്പോള്‍ 15 മില്യന്‍ ഹെക്ടര്‍ മാത്രമാണ് ഇന്‍ഷ്വറന്‍സ് പരിധിക്കുള്ളില്‍ വരുന്നത്. പലപ്പോഴും ഭൂ പ്രഭുക്കളായിരിക്കും ഈ പരിധിക്കുള്ളില്‍ ഉള്‍പ്പെടുന്നതും. ഇത്തരത്തിലുള്ള അപാകതകള്‍ പരിഹരിക്കാതെ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ല. ഇതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയുള്ള പ്രശ്‌ന പരിഹാരം മാത്രമേ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുകയെന്നും കാര്‍ഷിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
1995 മുതലുള്ള കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ മൂന്ന് ലക്ഷം കര്‍ഷകരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്.

You must be logged in to post a comment Login