കാര്‍ നിര്‍മാണത്തിലും ഇന്ത്യയുടെ കുതിപ്പ്. ദക്ഷിണ കൊറിയയെ പിന്തള്ളി ഇന്ത്യ അഞ്ചാം സ്ഥാനത്തേക്കാണ് മുന്നേറിയത്. കാര്‍ നിര്‍മാണത്തില്‍ ചൈനയാണ് ഒന്നാം സ്ഥാനത്ത്. യു എസ്, ജപ്പാന്, ജര്‍മനി എന്നീ രാജ്യങ്ങള്‍ക്കാണ് രണ്ടു മുതല്‍ നാലു വരെയുള്ള സ്ഥാനങ്ങള്‍. കഴിഞ്ഞ ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലത്ത് ദക്ഷിണ കൊറിയ മൊത്തം 25,51,937 കാറുകള്‍ നിര്‍മിച്ചെന്നാണു കൊറിയ ഓട്ടോമൊബീല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ കണക്ക്. എന്നാല്‍ ഇതേ കാലയളവില്‍ ഇന്ത്യന്‍ നിര്‍മാതാക്കള്‍ 25.70 ലക്ഷം കാറുകള്‍ ഉല്‍പ്പാദിപ്പിച്ചു. ഇതോടെ ചരിത്രത്തില്‍ ആദ്യമായി കാര്‍ നിര്‍മാണത്തില്‍ ഇന്ത്യ ദക്ഷിണ കൊറിയയെ പിന്നിലാക്കിയെന്ന് അസോസിയേഷന് വ്യക്തമാക്കുന്നു.
ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് അഞ്ചാം സ്ഥാനത്തുള്ള കൊറിയ മൊത്തം 21,95,843 കാറുകളും ആറാമതായിരുന്ന ഇന്ത്യ 21,86,655 കാറുകളുമാണ് നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ജൂലൈയില്‍ ഇന്ത്യ ഉല്‍പ്പാദനം 3,88,656 കാറുകളാക്കി ഉയര്‍ത്തിയപ്പോള്‍ ദക്ഷിണ കൊറിയയുടെ ഉല്‍പ്പാദനം 3,56,094 യൂണിറ്റിലൊതുങ്ങി. ഇതോടെയാണു നേരിയ ഭൂരിപക്ഷത്തിന് ഇന്ത്യ ദക്ഷിണ കൊറിയയെ പിന്തള്ളിയതെന്നും അസോസിയേഷന് വിശദീകരിക്കുന്നു.
കൂടാതെ കാര്‍ നിര്‍മാണത്തില്‍ മെക്സിക്കോയും ദക്ഷിണ കൊറിയയെ പിന്തള്ളാനുള്ള സാധ്യതയും അസോസിയേഷന് പ്രവചിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാര്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മെക്സിക്കന്‍ സര്‍ക്കാര്‍ വിവിധ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. മെക്സിക്കോയിലെ വാര്‍ഷിക കാര്‍ ഉല്‍പ്പാദനം 34 ലക്ഷം യൂണിറ്റിലെത്തിക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. കൊറിയന്‍ കമ്പനിയായ കിയ മോട്ടോഴ്സ് പ്രതിവര്‍ഷം നാലു ലക്ഷം യൂണിറ്റ് ഉല്‍പ്പാദനശേഷിയുള്ള കാര്‍ പ്ലാന്റ് ഈയിടെ മെക്സിക്കോയില്‍ തുറന്നിരുന്നു. യു എസ് നിര്‍മാതാക്കളായ ഫോഡും കമ്പനിയുടെ ചെറുകാര്‍ നിര്‍മാണം മെക്സിക്കോയിലേക്കു പറിച്ചു നടാനുള്ള ഒരുക്കത്തിലാണ്.
ഉയര്‍ന്ന കൂലി നിരക്കും ഇടയ്ക്കിടെയുള്ള തൊഴില്‍ സമരങ്ങളും ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാണ വ്യവസായത്തിനു കൂടുതല്‍ തിരിച്ചടി സൃഷ്ടിക്കുമെന്നും അസോസിയേഷന് മുന്നറിയിപ്പ് നല്കുന്നു. കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടേയ് മോട്ടോറിനെ സംബന്ധിച്ചിടത്തോളം കമ്പനിയുടെ വിദേശത്തെ ഉല്‍പ്പാദനശേഷി ആഭ്യന്തര ശാലകളുടെ ശേഷിയെ മറികടന്നു കഴിഞ്ഞു. ജി എം കൊറിയ, റെനോ സാംസങ് മോട്ടോഴ്സ് തുടങ്ങിയ കമ്പനികളാവട്ടെ യു എസിലും യൂറോപ്പിലും നിര്‍മ്മിച്ച കാറുകള്‍ കൊറിയയിലേക്ക് ഇറക്കുമതി ചെയ്തു വില്‍ക്കുന്നതും വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് കണ്ക്ക്.
You must be logged in to post a comment Login