കാര്‍ മറികടന്നതിനു യുവാവിനെ വെടിവച്ചുകൊന്നു; ഒളിവിലായിരുന്ന ജെഡിയു എംഎല്‍സിയുടെ മകന്‍ പിടിയില്‍

പിടിയിലായ റോക്കി കുമാര്‍ യാദവ്
പിടിയിലായ റോക്കി കുമാര്‍ യാദവ്

ഗയ: വാഹനത്തെ മറികടന്നതിന് ആദിത്യ സച്ച്‌ദേവ (20) എന്ന യുവാവിനെ വെടിവച്ചുകൊന്ന ബിഹാറിലെ ജെഡിയു എംഎല്‍സി മനോരമ ദേവിയുടെ മകന്‍ പിടിയിലായി. ഇന്നു പുലര്‍ച്ചെ ഗയയില്‍നിന്നുമാണ് റോക്കി കുമാര്‍ യാദവ് പിടിയിലായത്.

ഞായറാഴ്ചയായിരുന്നു സംഭവം. ബോധ് ഗയയില്‍നിന്ന് ഗയ പട്ടണത്തിലേക്കു യാത്ര ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട സച്ച്‌ദേവയും നാലു സുഹൃത്തുക്കളും. ഇവരുടെ കാര്‍ റോക്കിയുടെ ആഡംബര കാറിനെ മറികടന്നു. ഇതില്‍ പ്രകോപിതനായ റോക്കിയും അംഗരക്ഷകനും ചേര്‍ന്നു സച്ച്‌ദേവയെയും സുഹൃത്തുക്കളെയും മര്‍ദിക്കുകയും വെടിവയ്ക്കുകയുമായിരുന്നു. വെടിയേറ്റ സച്ച്‌ദേവ സംഭവസ്ഥലത്തുതന്നെ മരിച്ചു.

റോക്കി കുറ്റം സമ്മതിച്ചതായും ഇയാളില്‍നിന്നും കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്കും എസ്‌യുവി വാഹനവും പിടിച്ചെടുത്തതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

സംഭവത്തിനുശേഷം റോക്കി ഒളിവിലായിരുന്നു. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ചതിനു പിതാവ് ബിന്ദി യാദവിനെയും മനോരമ ദേവിയുടെ അംഗരക്ഷകനെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും ഗയ കോടതി 14 ദിവസത്തേക്കു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

You must be logged in to post a comment Login