കാറില്‍ മാത്രമല്ല, പിക്കപ്പ് ട്രക്കിലും വിസ്മയം തീര്‍ത്ത് മെഴ്‌സിഡീസ് (വീഡിയോ)

 

ആഢംബര കാറുകളില്‍ മുന്‍നിരയിലുള്ള മെഴ്‌സിഡീസ് ബെന്‍സ് ഒരു പിക്കപ്പ് ട്രക്ക് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. കമ്പനിയുടെ ബ്രാന്‍സ് നാമത്തിനൊത്ത എല്ലാ ടോപ് ക്ലാസ് ഫീച്ചേഴ്‌സും ഉള്‍ക്കൊണ്ട ഒരു കിടിലന്‍ പ്രീമിയം പിക്കപ്പ് ട്രക്ക്, അതാണ് ബെന്‍സ് എക്‌സ്‌ക്ലാസ്. ഒറ്റനോട്ടത്തില്‍ പതിവ് പിക്കപ്പ് ട്രക്കുകളെ അപേക്ഷിച്ച് തീര്‍ത്തും വ്യത്യസ്ത രൂപത്തിലാണ് എക്‌സ്‌ക്ലാസ് എത്തുക. ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുന്നോടിയായി എക്‌സ്‌ക്ലാസിന്റെ ടീസര്‍ വീഡിയോ കമ്പനി പുറത്തുവിട്ടു.

പവര്‍ഫുള്‍ അഡ്വഞ്ചര്‍, സ്‌റ്റൈലിഷ് എക്‌സ്‌പ്ലേറര്‍ എന്നീ മുഖഭാവത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് എക്‌സ്‌ക്ലാസിന്റെ കണ്‍സെപ്റ്റ് മോഡല്‍ കമ്പനി ആദ്യമായി അവതരിപ്പിച്ചത്. കൂടുതല്‍ സ്‌പോര്‍ട്ടി ലുക്കില്‍ വലിയ ടയറുകള്‍ക്കൊപ്പം കാറുമായി കൂടുതല്‍ ഇണങ്ങി നില്‍ക്കുന്ന രൂപമാണ് സ്‌റ്റൈലിഷ് എക്‌സ്‌പ്ലോറിന്. ഓഫ് റോഡ് വാഹനത്തിന് സമാനമായ രൂപമാണ് പവര്‍ഫുള്‍ അഡ്വഞ്ചറിന്റെത്. ഉള്‍വശം പൂര്‍ണമായും നിരത്തിലുള്ള പ്രീമിയം ബെന്‍സ് കാറുകളുടെ ഫീച്ചേര്‍സുമായി ചേര്‍ന്നതാണ്.

നിസാന്റെയോ സഖ്യത്തിന്റെ സഹായത്തോടെ അവരുടെ നിര്‍മാണ കേന്ദ്രത്തിലാണ് X ക്ലാസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. കണ്‍സെപ്റ്റ് മോഡലില്‍നിന്ന് അധികം മാറ്റങ്ങള്‍ പ്രൊഡക്ഷന്‍ സ്‌പെക്കിനില്ല. അതിനാല്‍തന്നെ നിസാന്‍ NP300 നവാര, റെനോ അലാസ്‌കന്‍ ട്രക്കുകളിലെ പല പാര്‍ട്ടുകളും ഇവന്റെയും ഭാഗമാകും. ക്യാമറ, റഡാര്‍, സെന്‍സറുകള്‍ എന്നീ സംവിധാനങ്ങളുടെ സഹായത്തോടെ മോഡേണ്‍ ഡ്രൈവര്‍ അസിസ്റ്റന്‍സ് സൗകര്യങ്ങള്‍ X ക്ലാസില്‍ നല്‍കിയിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ യൂറോപ്പ്, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക വിപണികളിലാണ് എക്‌സ്‌ക്ലാസ് മത്സരത്തിനെത്തുക. പെട്രോള്‍,ഡീസല്‍ പതിപ്പില്‍ ഫോര്‍ സിലണ്ടര്‍, സിക്‌സ് സിലിണ്ടര്‍ എന്‍ജിനുകളില്‍ എക്‌സ്‌ക്ലാസ് നിരത്തിലെത്തും. ഫോര്‍ സിലിണ്ടര്‍ എന്‍ജിനില്‍ ഡ്രൈവിങ് മോഡ് റിയര്‍ വീല്‍ ഡ്രൈവാണ്. സിക്‌സ് സിലിണ്ടര്‍ പതിപ്പില്‍ ഓപ്ഷണലായി ആള്‍ വീല്‍ ഡ്രൈവ് സംവിധാനം ലഭ്യമാകും. ഷെവര്‍ലെ കൊളൊറാഡോ, ഫോര്‍ഡ് റേഞ്ചര്‍, ടൊയോട്ട ഹൈലുക്‌സ്, ഫോക്‌സ്‌വാഗണ്‍ അമറോക്ക് എന്നിവയാണ് എക്‌സ്‌ക്ലാസിന്റെ മുഖ്യ എതിരാളികള്‍. വാഹനത്തിന്റെ വില സംബന്ധിച്ച കാര്യങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഈ ആഢംബര പിക്കപ്പ് ട്രക്ക് ഇന്ത്യയിലെത്തിക്കാനുള്ള യാതൊരു പദ്ധതിയും ബെന്‍സിനില്ല.

You must be logged in to post a comment Login