കാറ്റലോണിയയിലെ സ്വാതന്ത്ര്യ ഹിതപരിശോധന: വോട്ടര്‍മാര്‍ക്കെതിരെ പൊലീസിന്റെ ക്രൂര ആക്രമണം

മാഡ്രിഡ്:സ്‌പെയിനിലെ കാറ്റലോണിയയില്‍ മേഖലാ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹിതപരിശോധനയ്ക്കിടെ പൊലീസ് അക്രമം. 38 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.

സ്‌പെയിന്‍ ഭരണകൂടത്തിന്റെ വിലക്ക് അവഗണിച്ചാണ് കാറ്റലോണിയയില്‍ സ്വാതന്ത്ര്യ ഹിതപരിശോധന നടത്തിയത്. പോളിങ് സ്റ്റേഷനുകളിലേക്ക് തള്ളിക്കയറിയ പൊലീസ് വോട്ടെടുപ്പ് തടസ്സപ്പെടുത്തി ജനങ്ങളെ അടിച്ചോടിക്കുകയായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും നേരെ പൊലീസ് ക്രൂരമായ ആക്രമണം അഴിച്ചുവിടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി.

പ്രതിഷേധിച്ചവര്‍ക്കു നേരെ പൊലീസ് റബര്‍ ബുള്ളറ്റ് പ്രയോഗവും നടത്തി. ബാര്‍സിലോനയില്‍ നിന്നാണ് റബര്‍ ബുള്ളറ്റ് പ്രയോഗമുണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍. ബാലറ്റ് പെട്ടികള്‍ പിടിച്ചെടുക്കുന്നതിനിടെയായിരുന്നു അക്രമം. കലാപം തടയുന്നതിനുള്ള പരിശീലനം ലഭിച്ച പൊലീസിനെയാണ് ബാര്‍സിലോനയിലെ ഉള്‍പ്പെടെ പോളിങ് സ്റ്റേഷനുകളില്‍ നിയോഗിച്ചിരുന്നത്.

ഹിരോണ പ്രവിശ്യയിലെ പോളിങ് സ്റ്റേഷനുകളിലൊന്നില്‍ കാറ്റലോണിയന്‍ വിഘടനവാദി നേതാവ് കാള്‍സ് പഗ്ഡമന്‍ഡ് വോട്ടു ചെയ്യാനെത്തുന്നതിനു തൊട്ടുമുന്‍പായിരുന്നു പൊലീസ് ഇരച്ചു കയറിയത്. ജനങ്ങളുടെ മുദ്രാവാക്യം വിളിക്കുന്നതിനും കാറ്റലോണിയന്‍ ദേശീയഗാനം പാടുന്നതിനും ഇടയില്‍ പൊലീസ് ചില്ലുവാതില്‍ തല്ലിത്തകര്‍ത്ത് അകത്തുകയറി.

‘സമാധാനത്തിന്റെ വക്താക്കളാണു ഞങ്ങള്‍’ എന്ന മുദ്രാവാക്യവുമായി വന്ന ജനക്കൂട്ടത്തിനു നേരെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അക്രമം പ്രതീക്ഷിച്ചതിനാല്‍ ആംബുലന്‍സുകളും അടിയന്തര ശുശ്രൂഷാസംവിധാനങ്ങളും തയാറാക്കിയിരുന്നു. അതിനിടെ പഗ്ഡമന്‍ഡ് മറ്റൊരു പോളിങ് സ്റ്റേഷനിലെത്തി വോട്ടു ചെയ്തു.

Image result for Riot police clash with voters as polls open in Catalonia's ..

ഹിതപരിശോധന ഭരണഘടനാ വിരുദ്ധമാണെന്നു കാണിച്ച് അടിച്ചമര്‍ത്താന്‍ ആയിരക്കണക്കിനു പൊലീസിനെയാണ് സ്‌പെയിന്‍ സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. രാവിലെ ഒന്‍പതോടെ 2300ഓളം പോളിങ് സ്റ്റേഷനുകളില്‍ വോട്ടിങ് ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പോളിങ് കേന്ദ്രങ്ങളായ സ്‌കൂളുകളിലേറെയും വെള്ളിയാഴ്ച തന്നെ പൊലീസ് അടച്ചുപൂട്ടി.

അതേസമയം വെള്ളിയാഴ്ച രാത്രിയോടെ കുടുംബസമേതമെത്തിയ വോട്ടര്‍മാര്‍ ചില സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ കയ്യേറി താമസമാരംഭിച്ചു. 2315 സ്‌കൂളുകളില്‍ 1300 സ്‌കൂളുകളും അടച്ചുപൂട്ടിയതായും 163 സ്‌കൂളുകള്‍ ജനങ്ങള്‍ കയ്യേറിയതായും അധികൃതര്‍ അറിയിച്ചു.

Related image

You must be logged in to post a comment Login