കാലം നമിച്ച സിനിമ

 

ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ എന്ന സിനിമ ഒരു ചരിത്രമാണ്. മുംബയിലെ മറാത്താ മന്ദിര്‍ തിയേറ്ററില്‍ 23 വര്‍ഷമായി ഈ സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നു. 

 

ബി.ജോസുകുട്ടി

 

ഇതൊരു ചരിത്രമെഴുത്താണ്. ചരിത്രമെഴുതിയ ഒരു സിനിമയെക്കുറിച്ച്. പ്രദര്‍ശനത്തിന്റെ സില്‍വര്‍ ജൂബിലിയിലേക്ക് ഓടുന്ന സിനിമ. മുംബൈയിലെ മറത്താമന്ദിര്‍ തിയേറ്ററില്‍ കാല്‍നൂറ്റാണ്ടായി ഇന്നും പ്രദര്‍ശനം തുടരുന്ന പ്രണയ സിനിമ. പേര് ‘ദില്‍വാലാ ദുല്‍ഹാനിയാലെ ജായെംഗേ’ സംവിധാനം-ആദിത്യ ചോപ്ര. പ്രണയാഭിനയ ജോടി-ഷാരൂഖ് ഖാന്‍-കാജല്‍. ചരിത്രം സൃഷ്ടിക്കുന്ന സിനിമയുടെ കഥയിങ്ങനെ.ലണ്ടനില്‍ ബിസിനസ്സുകാരനായ ധരംവീര്‍ മല്‍ഹോത്രയുടെ ഓമന മകനാണ് രാജ്. ഏറെ ലാളിച്ചു വളര്‍ത്തപ്പെട്ട ആ പയ്യന്‍ ജീവിതം ആഘോഷിക്കുകയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍. ലണ്ടനില്‍ തന്നെയുള്ള യാഥാസ്ഥിതികമായി ജീവിച്ചുവരുന്ന ബല്‍ദേവ്‌സിംഗ് ചൗധരിയുടെ മകളാണ് സിമ്രാന്‍. രാജും സിമ്രാനും ലണ്ടനില്‍ തന്നെ ജനിച്ചു വളര്‍ന്നവര്‍. പക്ഷേ ഈ രണ്ടുകുടുംബങ്ങള്‍ക്കും തമ്മില്‍ നേരിട്ടോ അല്ലാതെയോ ബന്ധങ്ങളൊന്നുമില്ല. ജന്മനാടായ പഞ്ചാബിനോട് ഏറെ ആഭിമുഖ്യമുള്ള ബല്‍ദേവ് സിംഗിനു തന്റെ മകള്‍ സിമ്രാനെ തന്റെ ബാല്യകാല സുഹൃത്തിന്റെ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നാണ് ആഗ്രഹം. അച്ഛന്റെ സുഗ്രീവാജ്ഞയ്ക്കു വഴങ്ങി സിമ്രാനതിനു സമ്മതിക്കുന്നു. പകരം കൂട്ടുകാരുടെ കൂടെ യൂറോപ്പിലേക്ക് ഒരു ടൂര്‍ പോകാന്‍ അവള്‍ പിതാവിനോട് അനുവാദം തേടുന്നു. ആ യാത്രാസംഘത്തില്‍ രാജും ഉണ്ടായിരുന്നു. യാത്രാവേളകളില്‍ രാജും സിമ്രാനും പലതവണ വഴക്കിട്ടു. നേരില്‍ കാണുമ്പോള്‍ തന്നെ ഉടക്കുന്ന അവസ്ഥ വന്നു. പക്ഷേ, യാത്രക്കൊടുവില്‍ പിരിയുന്ന വേളയില്‍ അവരിരുവരും ഒരു സത്യം മനസ്സിലാക്കുന്നു തമ്മില്‍ പിരിയാവാത്ത വിധം ഹൃദയങ്ങള്‍ അടുത്തുപോയെന്ന്. അഗാധമായ പ്രണയത്തിലാണ്ടുപോയെന്ന്. പ്രണയവിവരം അറിഞ്ഞ് സിമ്രാന്റെ പിതാവ് രോഷാകുലനായി കുടുംബസമേതം പഞ്ചാബിലേക്കു മടങ്ങുന്നു. നേരത്തേ തീരുമാനിച്ച വിവാഹം നടത്താന്‍ തയ്യാറെടുക്കുന്നു. പിതാവിനെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി രാജൂം പിതാവിനൊപ്പം പഞ്ചാബിലെത്തുന്നു. അവിടെ വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. എല്ലാവരുടെയും അനുഗ്രഹവും ആശിര്‍വ്വാദങ്ങളുണ്ടെങ്കില്‍ മാത്രമേ തങ്ങള്‍ വിവാഹിതരാകൂ എന്നു രാജ് വാശിപിടിക്കുന്നു. ഒടുവില്‍ അച്ചന്‍ ഒരു വസ്തുത മനസ്സിലാക്കുന്നു. തന്റെ മകളെ പ്രാണനെപ്പോലെ സ്‌നേഹിക്കാന്‍ രാജിനു മാത്രമേ കഴിയുകയുള്ളൂ എന്ന്. അദ്ദേഹം സിമ്രാനെ രാജിനു വിട്ടുകൊടുക്കുന്നു. ഒരു ആവറേജ് പ്രണയകഥ. ബോളിവുഡില്‍ എത്രയെത്ര പ്രണയ സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. പക്ഷേ യാഷ്‌രാജ് ഫിലിംസിനുവേണ്ടി യാഷ് ചോപ്ര നിര്‍മ്മിച്ച് ആദിത്യ ചോപ്ര രചനയും സംവിധാനവും നിര്‍വ്വഹിച്ച എവര്‍ഗ്രീന്‍ ലവ് മൂവി ‘ദില്‍വാലേ ദുല്‍ഹാനിയേ ലേ ജായേംഗേ’ ഇന്നും അനശ്വരമായി പ്രദര്‍ശിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. 1995 ഒക്‌ടോബര്‍ 20 വെള്ളിയാഴ്ച ദിനത്തിലാണ് രാജ്യമെമ്പാടുമായി ഈ സിനിമ പ്രദര്‍ശനത്തിനെത്തിയത്. ഏതാണ്ടെല്ലാ തിയേറ്ററുകളിലും ചിത്രം നൂറുദിവസങ്ങളില്‍ കുടുതല്‍ ഹൗസ് ഫുള്ളായി പ്രദര്‍ശിപ്പിച്ചു. മുംബയ് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെയും ദാദറിന്റെയും ഇടയ്ക്കുള്ള പ്രശസ്തമായ നായര്‍ ഹോസ്പിറ്റലിന്റെ എതിര്‍വശമുള്ള മറാത്തി മന്ദിര്‍ തിയേറ്ററില്‍ കഴിഞ്ഞ 23 വര്‍ഷങ്ങള്‍ പിന്നിട്ട് 24-ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഈ സിനിമയുടെ ഓട്ടം. കൃത്യമായി പറഞ്ഞാല്‍ അതിമഹത്തായ 1205-ാം വാരം പിന്നിട്ടിരിക്കുന്നു. ആദ്യത്തെ ആറുമാസം ഹൗസ്ഫുള്ളായി ഇവിടെ ഈ ചിത്രം പ്രദര്‍ശിപ്പിച്ചു. തുടര്‍ന്നു 90 ശതമാനം കളക്ഷനോടെ ഏഴുമാസം കൂടി പിന്നിട്ടു. പക്ഷേ പിന്നെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കളക്ഷനില്‍ വലിയ മാറ്റമില്ലാതെ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി ദില്‍വാലെ… പിന്നെയും ഓടിക്കൊണ്ടിരുന്നു. എണ്‍പതു ശതമാനത്തിനുമല്‍ കളക്ഷനോടെയാണ് റെഗുലര്‍ ഷോ ആയി ആദ്യത്തെ അഞ്ചുവര്‍ഷം മറാത്താ മന്ദിര്‍ തിയേറ്ററില്‍ സിനിമ പിന്നിട്ടത്.ചിത്രത്തിന്റെ അസാധാരണമായ ജനപ്രീതി കണ്ട് മുംബൈയിലെ മറ്റുചില തിയേറ്ററുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങി. അവിടങ്ങളിലും കളക്ഷന് കുറവു വന്നില്ല. മറ്റ് തിയേറ്ററുകളില്‍ കൂടി ദില്‍വാലെ…ഓടിക്കാന്‍ തുടങ്ങിയപ്പോഴാണ് മറാത്തെ മന്ദിറില്‍ ഒരു ഷോ മാത്രമാക്കി ചുരുക്കിയത്. മാറ്റിനി ഷോ ആയി അതിപ്പോഴും തുടരുന്നു. സിനിമ ആദ്യത്തെ രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ തിയേറ്റര്‍ മാനേജ്‌മെന്റിനും ജീവനക്കാര്‍ക്കും ദില്‍വാലെ…ഒരു വികാരമായ മാറുകയായിരുന്നു. സനിമയിലെ സംഭാഷണങ്ങള്‍ എല്ലാവര്‍ക്കും മനഃപാഠമായി. സീനുകളുടെ ഓര്‍ഡറുകള്‍ പോലും ഹൃദ്ദിസ്ഥമാക്കി. എല്ലാ കഥാപാത്രങ്ങളുടെയും മാനറിസങ്ങള്‍ പോലും പച്ചവെള്ളം പോലെ ഗ്രഹിച്ചു. അഭിനേതാക്കള്‍ സ്വന്തം കുടുംബാംഗങ്ങള്‍ പോലെയായി. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ഭാവചലനങ്ങള്‍ പോലും സൂക്ഷ്മതയോടെ മനസ്സിലാക്കാനായി. തിയേറ്റര്‍ ജീവനക്കാരുടെ മാത്രം അവസ്ഥയായിരുന്നില്ല ഇത്. കൃത്യമായ ഇടവേളകളില്‍ ദില്‍വാലെ…സിനിമ കാണാനെത്തുന്ന സ്ഥിരം പ്രേക്ഷകര്‍ക്കും ഈയൊരു മാനസികാവസ്ഥയിലായിരുന്നു, ഒരു അഡിക്ഷനായിരുന്നു പല കാണികള്‍ക്കും ഈ സിനിമ. തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഒരു സിനിമയായി ഇത് മാറി. മറാത്താമന്ദിറില്‍ അശ്വിന്‍ മേത്ത എന്ന അഞ്ചുവയസ്സുകാരന്‍ ദില്‍വാലെ… ആദ്യം കണ്ടത് അച്ചന്‍ സുനില്‍ മേത്തയുടെ കൈപിടിച്ചാണ്. ആ കുട്ടി വളര്‍ന്നു വിവാഹം കഴിച്ച് ഇപ്പോള്‍ ഭാര്യയും കുഞ്ഞുമായാണ് സിനിമയ്ക്കു വരുന്നത്. അങ്ങനെ എത്രയെത്ര പേര്‍. അറുപതു വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രവര്‍ത്തനം തുടങ്ങിയ മറാത്താ മന്ദിറിന്റെ സീറ്റിംഗ് കപ്പാസിറ്റി 1100 ആണ്. ഗ്രൗണ്ട് ഫ്‌ളോറില്‍ 434ഉം ഡ്രസ് സര്‍ക്കിളില്‍ 377 ഉം ബാല്‍ക്കണിയില്‍ 289 സീറ്റുകളുമാണുള്ളത്. ഡ്രസ് സര്‍ക്കിള്‍ ടിക്കറ്റ് യഥാക്രമം പതിമ്മൂന്ന്, പതിനൊന്നു രൂപയായിരുന്നു. പിന്നീട് ഇരുപത്, പതിനേഴ് എന്ന റേറ്റിലെത്തി. പക്ഷേ ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക് 125, 100, 75 ആണ്. അത് മറ്റു സിനിമകള്‍ക്ക്, ദില്‍വാലെ…കാണാന്‍ പക്ഷെ പഴയ ടിക്കറ്റ് ചാര്‍ജേയുള്ളൂ.എന്താണ് ‘ദില്‍വാലേ ദുല്‍ഹാനിയേ ലെജായേംഗേ’ യുടെ പ്രത്യേകത. സുന്ദരമായൊരു ലവ്‌സ്റ്റോറി, ആകര്‍ഷണീയമായ ലൊക്കേഷനുകള്‍, ഹൃദയഹാരിയായ പ്രണയഗാനങ്ങള്‍ രാജ് എന്ന പ്രണയനായകനായി വേഷമിട്ട കുസൃതിത്തരങ്ങള്‍ നിറഞ്ഞ ശരീരഭാഷയിലൂടെ വെള്ളിത്തിരയില്‍ നിറഞ്ഞാടിയ ഷാരൂഖ് ഖാന്റെയും, തിളക്കമാര്‍ന്ന കണ്ണുകള്‍ കൊണ്ടുപോലും പ്രണയഭാവങ്ങള്‍ ശാലീനമായി ആവിഷ്‌കരിച്ച് കാജല്‍ എന്ന അഭിനേത്രിയും പ്രണയജോടിയായി തകര്‍ത്തഭിനയിച്ച മുഹൂര്‍ത്തങ്ങള്‍ ഇതില്‍ ഏതാകും ഇത്രമേല്‍ പ്രിയങ്കരമാക്കുന്ന കാര്യത്തിലാണ് പലര്‍ക്കും സംശയം.ഈ ഒരൊറ്റ സിനിമയിലൂടെ ആദിത്യചോപ്ര എന്ന സംവിധായകനു മുന്നില്‍ ബോളിവുഡ് ഒന്നടങ്കം നമിച്ചു. ഒരു സാധാരണ നടനില്‍ നിന്നും ലോകം ഇന്നറിയുന്ന കിംഗ് ഖാനിലേക്കുള്ള ഷാരൂഖിന്റെ തുടക്കം ഈ സിനിമയില്‍ നിന്നായിരുന്നു. സൃഷ്ടി സ്രഷ്ടാവിനേക്കാള്‍ അനേകം മടങ്ങ് ഖ്യാതി പിടിച്ചുപറ്റിയ വസ്തുതയാണ് ഈ സിനിമയ്ക്കു പറയാനുള്ളത്. ലോകത്തെമ്പാടുമുള്ള ഭാരതീയരിലേക്ക് ഒരു വികാരതരംഗമായി വ്യാപിക്കുകയായിരുന്നു ഈ സിനിമ. പില്‍ക്കാലത്ത് പ്രേക്ഷകപ്രീതി നേടിയ ഷാരൂഖ്-കാജല്‍ പ്രേമജോടിയുടെ രസതന്ത്രത്തിനു തുടക്കമിട്ട സിനിമയും കൂടിയായി ഇത്.ദിലീപ്കുമാറും മധുബാലയും അഭിനയിച്ച ‘മുഗുള്‍ ഈ ആസം’ ആയിരുന്നു ദില്‍വാലെക്കു മുമ്പ് മറാത്ത മന്ദിറില്‍ ഏറ്റവുമധികം ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച സിനിമ.  മൂന്നുവര്‍ഷക്കാലത്തോളം ആ സിനിമ ഓടി. ഇത്രയും കാലം ദില്‍വാലെ…പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായതില്‍ നിര്‍മ്മാതാവ് യാഷ് ചോപ്ര വന്നു തിയേറ്റര്‍ മാനേജ്‌മെന്റിന് ഉപഹാരം നല്‍കുകയും ചെയ്തിരുന്നു.1994-ലാണ് നിര്‍മ്മാതാവ് യാഷ് ചോപ്ര ഈ ചിത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. നാലുകോടിയാണ് ഇതിനുവേണ്ടി മുടക്കിയത്. അമരിഷ് പുരി, അനുപം ഖേല്‍, മന്ദിരാബേദി, ആച്‌ലാ സച്ച്‌ദേവ്, പര്‍മീത് സേഫി, സതീഷ് ഷാം, ലളിത് തിവാരി, ഹിമാനി ശിവ്പുരി, ഹേം ലതാ ദീപക്, ദമയന്തിപുരി, കരണ്‍ ജോഹര്‍, പൂജ രൂപാറേല്‍, ഫരിദ ജലാല്‍,അതിഷ ഷ്‌റോഫ് എന്നിവര്‍ മുഖ്യവേഷങ്ങളവതരിപ്പിച്ചു. ‘ദില്‍വാലെ’ യുടെ വലിയ ആകര്‍ഷണം അതിലെ ഗാനങ്ങളും അതിന്റെ ആവിഷ്‌കാരവുമായിരുന്നു. ഏഴു ഗാനങ്ങള്‍ ഉണ്ടായിരുന്നു. എല്ലാം സൂപ്പര്‍ ഹിറ്റുകളായി മാറി. ജതിന്‍-ലളിത് ടീം സംഗീതം പകര്‍ന്നു. ആനന്ദ് ബക്ഷി ഗാനങ്ങളെഴുതി. ‘തുജെ ദേഖാ തോയെ ജാനാസനം, മേരേ ഹാവോ മേയോ ആയെ, മഹന്ദി ലഗാ കെ രഹ്നം, തുക്ജാ ഓ ദില്‍ ദീവനെ, സരാ സാജും ലൂന്‍മേ, ഗര്‍ ആജാ പര്‍ദേശി, ന ജാനേ മേരെ ദില്‍ കോ ക്യാ’ എന്നീ ഗാനങ്ങള്‍ ചലച്ചിത്ര ഗാനാസ്വാദകര്‍ നെഞ്ചേറ്റുവാങ്ങി. ലതാ മങ്കേഷ്‌കര്‍, അശാ ഭോസ്‌ലെ, കുമാര്‍ സാനു, ഉദിത് നാരായന്‍, അഭിജിത് ഭട്ടാചാര്യ, മന്‍പ്രീത് കൗര്‍, പമേല ചോപ്ര എന്നിവരായിരുന്നു പിന്നണിഗായകര്‍.24 വയസ്സുള്ളപ്പോഴാണ് തന്റെ ആദ്യ ചിത്രമായ ‘ദില്‍വാലേ ദുല്‍ഹാനിയേ ലേ ജായേംഗെ’ യുമായി ആദിത്യ ചോപ്ര ബോളിവുഡില്‍ സംവിധായകനായി എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയെഴുതിയതും ആദിത്യ ആയിരുന്നു. സംഭാഷണമെഴുതിയത് ജാവേദ് സിദ്ദിഖ് ആയിരുന്നു. അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്കുചെയ്തത് പില്‍ക്കാലത്ത് ഹിറ്റ് സിനിമകളുടെ സംവിധായകനായി മാറിയ കരണ്‍ ജോഹറായിരുന്നു. കൂടാതെ ഉദയ് ചോപ്ര, സമീര്‍ ശര്‍മ്മ എന്നിവരും സഹസംവിധായകരായി. സിനിമയെ സൗന്ദര്യാത്മകമായി ക്യാമറയിലാക്കിയത് മന്‍മോഹന്‍ സിംഗ് ആണ്. കേശവനായിഡു സിനിമ എഡിറ്റ് ചെയ്തു.ഇപ്പോഴുള്ള സിനിമകള്‍ക്കോ ഇനി നിര്‍മ്മിക്കപ്പെടാനിരിക്കുന്ന സിനിമകള്‍ക്കോ ‘ദില്‍വാലേ ദുല്‍ഹാനിയേ ലേ ജായേംഗെ’ എന്ന പ്രണയസിനിമയ്‌ക്കൊപ്പമോ അതില്‍ കൂടുതലോ ഓടിയെത്താന്‍ കഴിയുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

You must be logged in to post a comment Login