കാലത്തിന്റെ ചൂളം മുഴങ്ങുന്ന ഹിജാസ്

അനീസ് ബാബു

1900-ല്‍ തുര്‍ക്കി ഖലീഫ അബ്ദുള്‍ഹമീദ് രണ്ടാമനാണ് ഡമാസ്‌ക്കസിനെ മക്കയിലേക്കും മദീനയിലേക്കും ബന്ധിപ്പിക്കുന്ന റെയില്‍വേ പദ്ധതി വിഭാവനം ചെയ്യുന്നത്. വിശാലമായ ഓട്ടോമന്‍ സാമ്രാജ്യത്തെ മതിയായ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങളോടെ സമന്വയിപ്പിക്കുന്നതിനായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്ത ലോക്കോമോട്ടീവുകള്‍ ഉപയോഗിച്ച് 1900 ത്തില്‍ തുര്‍ക്കി ഖലീഫയുടെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1908 ഓഗസ്റ്റ് 28 ന് ഡമാസ്‌കസില്‍ നിന്ന് ആദ്യത്തെ ട്രെയിന്‍ തീര്‍ത്ഥാടകരെയും വഹിച്ചു കൊണ്ട് ഹിജാസിലെത്തിച്ചേര്‍ന്നു. 8 വര്‍ഷത്തോളമെടുത്തു നിര്‍മ്മിച്ച ഹിജാസ് റെയില്‍വേ ഏകദേശം പത്തു വര്‍ഷം മാത്രമാണ് അതിന്റെ സകല പ്രതാപത്തോടും കൂടി നില കൊണ്ടത്.ലോക മഹായുദ്ധവും അറബ് വിപ്പ്‌ളവവും അറേബ്യന്‍ ലോറന്‍സിന്റെ അക്രമണങ്ങളുമെല്ലാം ഹിജാസിനെ ചരിത്രത്തിന്റെ താളുകളില്‍ മാത്രമായി ഒതുക്കിക്കളഞ്ഞു.

വിശുദ്ധ നഗരമായ മദീനയിലെ യൂറോപ്പിന്റെ കരസ്പര്‍ശമാണ് മസ്ജിദുന്നബവിയില്‍ നിന്നും ഏകദേശം ഒരു കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായി അന്‍ബരിയ എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഹിജാസ് റെയില്‍വേ സ്റ്റേഷനും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഓട്ടോമന്‍ വാസ്തുവിദ്യാ ശൈലിയില്‍ പണിത പള്ളിയും.ആധുനിക മദീനയിലെ കെട്ടിടങ്ങളില്‍ നിന്ന് തികച്ചും വിപരീത വാസ്തുവിദ്യാ ശൈലിയില്‍ പണിത ഹിജാസ് റെയില്‍വേ സ്റ്റേഷന്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ സകല പ്രൗഢിയോടും കൂടി ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു.ചതുരാകൃതിയിലുള്ള മംലൂക്ക്,തുര്‍ക്കിഷ്,യൂറോപ്യന്‍ വാസ്തുവിദ്യകളുടെ സമന്വയമാണ് സ്റ്റേഷന്‍.മുമ്പ് തുര്‍ക്കി സുല്‍ത്താന്‍ മദീന ഭരിച്ചിരുന്ന സമയത്തു ഈ പ്രദേശത്തെ പ്രധാന കെട്ടിടം ഹിജാസ് റെയില്‍വേ സ്റ്റേഷനായിരുന്നു.

1900-ല്‍ തുര്‍ക്കി ഖലീഫ അബ്ദുല്‍ഹമീദ് രണ്ടാമന്‍ (ഭരണ കാലം 1876-1909) ഡമാസ്‌കസിനെ പുണ്യനഗരങ്ങളായ മദീനയിലേക്കും മക്കയിലേക്കും ബന്ധിപ്പിക്കുന്ന ഒരു റെയില്‍വേ പണിയുന്നതിനെ പിന്തുണയ്ക്കണമെന്ന് ലോക മുസ്ലിംകളോട് അഭ്യര്‍ത്ഥിച്ചു.റെയില്‍വേ മുസ്ലിംകളുടെ ശക്തിയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും പ്രതീകമായി നിലകൊള്ളുമെന്നും റെയില്‍വേയുടെ നിര്‍മ്മാണത്തിനായി സംഭാവന നല്കണമെനും അദ്ദേഹം ലോക മുസ്ലിംകളോട് ആഹ്വാനം ചെയ്തു.അക്കാലത്തെ 16 ദശലക്ഷം ഡോളര്‍ ചെലവ് വന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കു മുസ്ലീങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍, സായുധ സേന, സമുദായ നേതാക്കള്‍, ഈജിപ്ഷ്യന്‍ ഗവര്‍ണര്‍മാര്‍, ഇറാനിലെ ഷായുടെ സര്‍ക്കാര്‍ എന്നിവരില്‍ നിന്നും സംഭാവനകള്‍ ലഭിച്ചു.കരസേനയിലെ അയ്യായിരത്തോളം വരുന്ന സൈനികരും സാധാരണ ജനങ്ങളും ഈ റെയില്‍ റോഡിന്റെ ജോലിയില്‍ വ്യാപൃതരായിരുന്നു.ജര്‍മ്മന്‍ സഹായത്തോടെ നിര്‍മ്മിച്ച ഇസ്താംബുള്‍-ബാഗ്ദാദ് റെയില്‍വേ പോലുള്ള ഓട്ടോമന്‍ മേഖലയിലെ മറ്റ് റെയില്‍വേ പാതകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഹിജാസ് റെയില്‍വേയുടെ നിര്‍മ്മാണം.
ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനവും ഇസ്ലാമിക് ഖിലാഫത്തിന്റെ ഈറ്റില്ലവുമായ കോണ്‍സ്റ്റാന്റിനോപ്പിളും അറേബ്യയിലെ ഹിജാസും തമ്മില്‍ ഒരു ബന്ധം സ്ഥാപിക്കുക, ഓട്ടോമന്‍ രാജ്യവുമായുള്ള വിദൂര അറേബ്യന്‍ പ്രവിശ്യകളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സംയോജനം മെച്ചപ്പെടുത്തുക, സൈനിക സേനയുടെ ഗതാഗതം സുഗമമാക്കുക എന്നിവയായിരുന്നു പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.മാത്രവുമല്ല, ഡമാസ്‌കസില്‍ നിന്ന് പുണ്യനഗരമായ മക്കയിലേക്ക് ഹിജാസ് റൂട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ തീര്‍ത്ഥാടകരായ ഹാജിമാര്‍ പലപ്പോഴും ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നില്ല.ദുര്‍ഘടമായ പര്‍വ്വത നിരകളോടും ചുട്ടു പൊള്ളുന്ന മരുഭൂമിയോടും പൊരുത്തപ്പെടാന്‍ കഴിയാതെ പല തീര്‍ത്ഥാടകരും യാത്ര മദ്ധ്യേ മരണത്തിനു കീഴടങ്ങുന്നത് പതിവായിരുന്നു.ഇതിനൊരു പരിഹാരം കൂടിയായിരുന്നു പദ്ധതി.

വിശാലമായ ഓട്ടോമന്‍ സാമ്രാജ്യത്തെ മതിയായ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങളോടെ സമന്വയിപ്പിക്കുന്നതിനായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്ത ലോക്കോമോട്ടീവുകള്‍ ഉപയോഗിച്ച് 1900 ത്തില്‍ തുര്‍ക്കി ഖലീഫയുടെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു 1908 ഓഗസ്റ്റ് 28 ന് ഡമാസ്‌കസില്‍ നിന്ന് ആദ്യത്തെ ട്രെയിന്‍ തീര്‍ത്ഥാടകരെയും വഹിച്ചു കൊണ്ട് ഹിജാസിലെത്തിച്ചേര്‍ന്നു.
തുര്‍ക്കിയിലെ മൂന്ന് നഗരങ്ങളിലൂടെ കടന്നുപോകുന്ന റെയില്‍വേ സിറിയയിലെ ഹലബ്, ഹമാ, ദര്‍അ എന്നീ പ്രമുഖ നഗരങ്ങളിലൂടെയാണ് ജോര്‍ദാനിലേക്ക് പ്രവേശിക്കുന്നത്.ജോര്‍ദാന്റെ വടക്കന്‍ അതിര്‍ത്തിയിലൂടെ സൗദി അറേബ്യയില്‍ പ്രവേശിക്കുന്ന റെയില്‍വേ മദായിന്‍ സ്വാലിഹ് വഴി മദീനയിലെത്തുന്നു.സിറിയയിലെ ദമാസ്‌കസില്‍ നിന്നും മദീനയിലേക്കുള്ള തീര്‍ത്ഥാടനത്തിനു വേണ്ടിയാണ് ഈ പാത പ്രധാനമായും ഉപയോഗിച്ചിരുന്നത്.
റെയില്‍ മാര്‍ഗം തുറന്നതോടെ റഷ്യ, മധ്യേഷ്യ, ഇറാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് തീര്‍ഥാടകര്‍ ഡമാസ്‌കസിലേക്കൊഴുകി.1912 ല്‍ ഇത് പ്രതിവര്‍ഷം 30,000 യാത്രക്കാരില്‍ എത്തുകയും ഹജ്ജ് യാത്ര എളുപ്പമാവുകയും ഈ മേഖലയിലെ വ്യാപാരം വര്‍ദ്ധിക്കുകയും ചെയ്തു. 1914 ആയപ്പോഴേക്കും മൂന്നു ലക്ഷം തീര്‍ത്ഥാടകരെ മദീനയിലെത്തിച്ചതോടെ റയില്‍വെയുടെ ജനപ്രീതി ഉച്ചസ്ഥായിലെത്തി.തീര്‍ഥാടകര്‍ക്ക് പുറമേ, ഓട്ടോമന്‍ സായുധ സേന സൈനികരെ അയക്കാനും അവരുടെ യുദ്ധോപകരണങ്ങളും മറ്റും കൊണ്ട് പോകുന്നതിനും ഈ മാര്‍ഗം ഉപയോഗിച്ച് തുടങ്ങിയതോടെ ട്രെയിനിന്റെ സാന്നിധ്യം ഇഷ്ടപ്പെടാത്ത വിദൂര അറബ് ദേശങ്ങളിലെ പല ഗോത്രങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉടലെടുത്തു.തീര്‍ത്ഥാടകരെ എത്തിക്കുന്നതിന് ഒട്ടക ഉടമകളുടെ സേവനം ഉപയോഗിച്ചിരുന്ന സംഘങ്ങള്‍ ട്രെയിനിന്റെ സഹായം തേടിയതോടെ അവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം ചുരുങ്ങിയതായിരുന്നു കാരണം.മുമ്പ് തീര്‍ഥാടകര്‍ക്ക് 40 മുതല്‍ 60 ദിവസം വരെ നീളുന്ന മരുഭൂമിയിലൂടെയുള്ള ഹജ്ജ് യാത്ര ഹിജാസ് റെയില്‍റോഡ് ആരംഭിച്ചതോടെ ചെലവ് ചുരുങ്ങിയതും വെറും രണ്ടോ നാലോ ദിവസം മാത്രം ദൈര്‍ഘ്യമുള്ളതും സുരക്ഷിതവുമായിത്തീര്‍ന്നു.
മക്ക വരെ റെയില്‍ ശൃംഖല വിപുലീകരിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്തോടെ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.മാത്രവുമല്ല,നഗരത്തിലെ ചില ഗോത്രങ്ങള്‍ മക്കയിലേക്കുള്ള റെയില്‍വേയുടെ വിപുലീകരണം എതിര്‍ത്തു, കാരണം തീര്‍ഥാടകരുടെ ഒട്ടക കൈമാറ്റം നഷ്ടപ്പെടുമെന്നും തല്‍ഫലമായി തങ്ങളുടെ പ്രധാന വരുമാന മാര്‍ഗം ഇല്ലാതാവുമെന്നും അവര്‍ ഭയന്നു.ഇതേതുടര്‍ന്ന് മദീനയിലെ ഹിജാസ് അവസാന സ്റ്റേഷനായി ഗവര്‍ണര്‍ക്ക് പ്രഖ്യാപിക്കേണ്ടി വന്നു.
ട്രെയിന്‍ സര്‍വീസ് തുടങ്ങിയതിന്റെ തൊട്ടടുത്ത വര്‍ഷം സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതോടെ ഹിജാസിന്റെ ഒളി മങ്ങാന്‍ തുടങ്ങി.ഒട്ടോമാന്‍ ഭരണകാലത്ത് നിര്‍മിച്ച പൗരാണിക ഹിജാസ് റെയില്‍വേ ഒന്നാം ലോക മഹായുദ്ധകാലത്താണ് തകര്‍ക്കപ്പെടുന്നത്.ഒന്നാം ലോക മഹായുദ്ധം (1914-1918) പൊട്ടിപ്പുറപ്പെട്ടതോടൊപ്പം 1,320 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ട്രാക്കില്‍ കാവല്‍ നില്‍ക്കാന്‍ 5000 ത്തോളം വരുന്ന സൈനികരെ സുരക്ഷാ ക്രമീകരങ്ങളോടെ വിന്യസിക്കാന്‍ ധാരാളം പണം ആവശ്യമായി വന്നതും ഹിജാസ് റെയില്‍വേയുടെ അന്തസ്സിനേറ്റ കനത്ത പ്രഹരമായിരുന്നു.ഈ കാലയളവില്‍ തുര്‍ക്കി സേന സൈനികരെ എത്തിക്കുന്നതിനുള്ള ഗതാഗത മാര്‍ഗ്ഗമായി ട്രെയിനുകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ തുടങ്ങിയതും രാഷ്ട്രീയ-സുരക്ഷാ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതിനാലും 1920-ല്‍ ഈ റെയില്‍വേ ലൈനിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെക്കേണ്ടി വന്നു.ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് പര്യവേഷണങ്ങള്‍ക്കു മുമ്പില്‍ ഓട്ടോമന്‍ സൈന്യം അടിപതറിയതോടെ റെയില്‍വേ പാത കടുത്ത നാശത്തിന് വിധേയമാവുകയും നശിപ്പിക്കപ്പെടുകയും ചെയ്തു.

ഒന്നാം ലോകമഹായുദ്ധസമയത്ത് ഓട്ടോമന്‍മാര്‍ക്കെതിരായ അറബ് കലാപത്തില്‍ (1916-18) റെയില്‍വേയുടെ ചില ഭാഗങ്ങള്‍ അറേബ്യന്‍ ലോറന്‍സ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ടി ഇ ലോറന്‍സിന്റെയും അറബ് സഖ്യകക്ഷികളുടെയും ആക്രണമങ്ങളില്‍ തകര്‍ന്നു.നീണ്ട 8 വര്‍ഷത്തോളമെടുത്തു നിര്‍മ്മിച്ച ഹിജാസ് റെയില്‍വേ ഏകദേശം പത്തു വര്‍ഷം മാത്രമാണ് അതിന്റെ സകല പ്രതാപത്തോടും കൂടി നില കൊണ്ടത്.ലോക മഹായുദ്ധവും അറബ് വിപ്ലവവും അറേബ്യന്‍ ലോറന്‍സിന്റെ അക്രമണങ്ങളുമെല്ലാം ഹിജാസിനെ ചരിത്രത്തിന്റെ താളുകളില്‍ മാത്രമായി ഒതുക്കിക്കളഞ്ഞു.
കലാപത്തെത്തുടര്‍ന്ന് ഓട്ടോമന്‍ സാമ്രാജ്യത്തിന് റെയില്‍വേയുടെ നിയന്ത്രണം നഷ്ടപ്പെടുകയും ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിനെത്തുടര്‍ന്ന് ഈ പ്രദേശം ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മില്‍ വിഭജിച്ചെടുക്കുകയും ചെയ്തു.ഇരു കൂട്ടരും നിയന്ത്രണം ഏറ്റെടുക്കാന്‍ ഉത്സുകരായിരുന്നുവെങ്കിലും, വര്‍ഷങ്ങളായി അവഗണിക്കപ്പെട്ട അറ്റകുറ്റപ്പണികളെത്തുടര്‍ന്ന് നാശത്തിന്റെ വക്കിലായിരുന്ന റയില്‍വെയുടെ വികസനത്തിനോ പുരോഗതിക്കോ വേണ്ടി യാതൊന്നും ചെയ്തില്ല.
ഒന്നാം ലോകമഹായുദ്ധ സമയത്ത് ഒട്ടോമന്‍ സാമ്രാജ്യവുമായി പോരാടിയിരുന്ന ബ്രിട്ടന്റെ പിന്തുണയോടെ 1916 – ല്‍ മക്കയിലെ തദ്ദേശീയ ഭരണാധികാരിയായിരുന്ന ഹുസൈന്‍ ബിന്‍ അലി, ഒരു ഏകീകൃത അറബ് രാജ്യം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ഒട്ടോമന്‍ സാമ്രാജ്യത്തിനെതിരെ ഒരു സമസ്ത അറബ് പ്രക്ഷോഭം നടത്തി . 1916 – 1918 കാലഘട്ടത്തിലെ ഈ പ്രക്ഷോഭം ലക്ഷ്യം കണ്ടില്ലെങ്കിലും ലോക മഹാ യുദ്ധത്തിലെ സഖ്യകക്ഷികളുടെ വിജയം, അറേബ്യയിലെ ഒട്ടോമന്‍ ശക്തികളുടെ ഭരണം അവസാനിപ്പിച്ചു.1299 മുതല്‍ നിലനിന്നിരുന്ന ഓട്ടോമന്‍ സാമ്രാജ്യം 1923 ഒക്ടോബര്‍ 29ന് ലൊസാന്‍ ഉടമ്പടിയിലൂടെ റിപ്പബ്ലിക്ക് ഓഫ് ടര്‍ക്കി എന്ന രാജ്യമായി മാറുകയും 1924 ല്‍ ഇബ്‌നു സഊദ് അറേബ്യന്‍ ഉപദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.എന്നാല്‍ റെയില്‍വേയുടെ പുനരുജ്ജീവനത്തിനുള്ള യാതൊരു വിധ പദ്ധതികളും അദ്ദേഹത്തിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല.
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം 1971 വരെ ഹിജാസ് റെയില്‍വേ സ്റ്റേഷന്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും നിര്‍മ്മാണച്ചെലവുകള്‍ ഭാരിച്ചതും താങ്ങാനാവാത്തതുമായതിനാല്‍ ഉപേക്ഷിക്കപ്പെടുകായാണുണ്ടായത്.അതിനു പുറമെ 1970 കളില്‍ ദേശീയപാതകളുടെ നിര്‍മ്മാണവും ഉംറ, ഹജ്ജ് തീര്‍ത്ഥാടന പാതകളുടെ പൈലറ്റിംഗും വ്യോമയാന മേഖലയുടെ വമ്പിച്ച പുരോഗതിയും റെയില്‍ ഗതാഗതത്തിന്റെ പ്രാധാന്യം താരതമ്യേന കുറയാന്‍ കാരണമായിത്തീര്‍ന്നു.മാത്രമല്ല, ഭൂമിശാസ്ത്രപരമായി മരുഭൂമികള്‍ ആധിപത്യം പുലര്‍ത്തുന്ന അറേബ്യന്‍ ഉപദ്വീപില്‍ വിമാന ഗതാഗതം കൂടുതല്‍ ലാഭകരമായി കണക്കാക്കപ്പെടുകയും ചെയ്തതോടെ ഹിജാസ് റയില്‍വേ ലൈനിന്റെ പ്രാധാന്യം അസ്തമിച്ചു.

റെയില്‍വേയുടെ നിര്‍മ്മാണം ഓട്ടോമന്‍ സാമ്രാജ്യത്തിന് ധാരാളം നേട്ടങ്ങള്‍ നല്‍കി, അതില്‍ ഏറ്റവും പ്രധാനം പഴയ ഒട്ടക യാത്രക്കാരെ മാറ്റി തീര്‍ത്ഥാടനം ലഘൂകരിക്കപ്പെട്ടതായിരുന്നു.റെയില്‍വേ തീര്‍ച്ചയായും ഒരു ‘അതിശയകരമായ’ പദ്ധതിയായിരുന്നു എന്നതില്‍ തര്‍ക്കമില്ല . അഗ്‌നിപര്‍വ്വത പാറകളും വിശാലമായ അറേബ്യന്‍ മണലാരണ്യവും, കഠിനമായ താപനിലയും വരള്‍ച്ചയും പരുക്കന്‍ ഭൂപ്രകൃതിയുമൊക്കെ പദ്ധതിക്ക് വെല്ലുവിളികളുയര്‍ത്തി.ഹിജാസിന്റെയും പുണ്യനഗരങ്ങളുടെയും മേല്‍ തങ്ങളുടെ അധികാരം നിലനിര്‍ത്താന്‍ ഓട്ടോമന്‍മാര്‍ ശ്രമിച്ചിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് വെല്ലുവിളികള്‍ നിറഞ്ഞ ഹിജാസ് റെയില്‍ പദ്ധതിയുടെ പൂര്‍ത്തീകരണം.
ഒരു മ്യൂസിയത്തിലേക്കുള്ള സ്റ്റേഷന്റെ
നവീകരണം:
രാജ്യത്തെ എണ്ണയെ ആശ്രയിക്കുന്നതില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൗദി ഭരണ കൂടം ആരംഭിച്ച മിഷന്‍ 2030 പദ്ധതി ടൂറിസ്സം മേഖലക്ക് വലിയ പ്രാധാന്യം നല്‍കാന്‍ തുടങ്ങിയതോടെ പ്രധാന മ്യൂസിയങ്ങളെല്ലാം പുനരുദ്ധരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് നാഷനല്‍ അതോറിറ്റി ഫോര്‍ ടൂറിസം ആന്‍ഡ് ഹെറിറ്റേജ്.ഇതിലൂടെ എണ്ണ വില്‍പ്പനയില്‍ നിന്ന് രാജ്യത്തിന്റെ വരുമാനം മാറ്റിസ്ഥാപിക്കാന്‍ ടൂറിസം മേഖലയ്ക്ക് കഴിയുമെന്ന് ഭരണകൂടം പ്രതീക്ഷിക്കുന്നു.ഈ പദ്ധതി മുഖേന, വളരെ നീണ്ട അവഗണനയ്ക്ക് ശേഷം 2006 ലാണ് സൗദി അറേബ്യന്‍ സര്‍ക്കാര്‍ ഈ സ്റ്റേഷന്‍ കെട്ടിടത്തെ മ്യൂസിയമാക്കി മാറ്റിയത്.അങ്ങനെ ഒരു മ്യൂസിയത്തിലേക്കുള്ള സ്റ്റേഷന്റെ നവീകരണം രാജ്യത്തിന്റെ ചരിത്രത്തെ സാക്ഷ്യപ്പെടുത്തുന്ന ഒരു പ്രധാന സാംസ്‌കാരിക നാഴികക്കല്ലായി മാറി.
ഹിജാസ് റെയില്‍വേ സ്റ്റേഷനിലെ മ്യൂസിയം അതിന്റെ കെട്ടിടങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും കാര്യത്തില്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര മ്യൂസിയങ്ങളിലൊന്നാണ്.1908 ഓഗസ്റ്റ് 28 ന് ഡമാസ്‌കസില്‍ നിന്ന് മദീനയിലേക്കുള്ള ആദ്യത്തെ ട്രെയിനിന്റെ സ്മരണയ്ക്കായി പ്രിന്‍സ് അബ്ദുല്‍ മജീദ് ബിന്‍ അബ്ദുല്‍ അസീസ് മ്യൂസിയം ഉല്‍ഘടനം ചെയ്തു.മ്യൂസിയം പദ്ധതിയുടെ ആദ്യ ഘട്ടങ്ങള്‍ 1998 ല്‍ ആരംഭിച്ചു.അബ്ദുല്‍ ഹമീദ് രണ്ടാമന്റെ ഭരണകാലത്ത് നിര്‍മ്മിച്ച ഹിജാസ് റെയില്‍വേയുടെ ചരിത്രത്തിലാണ് മ്യൂസിയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.മറ്റ് പ്രദേശങ്ങളില്‍ നിന്നും സ്റ്റേഷനുകളില്‍ നിന്നും ശേഖരിച്ച നിരവധി വാഹനങ്ങളും എഞ്ചിനുകളും ട്രക്കുകളും മ്യൂസിയത്തിലുണ്ട്.എഞ്ചിനുകളിലൊന്ന് പുന:സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.പുരാവസ്തുക്കളുടെ പ്രദര്‍ശനങ്ങള്‍ക്കായി മ്യൂസിയം ഹാളുകളും സാംസ്‌കാരിക മേളകള്‍ക്കും ഉത്സവങ്ങള്‍ക്കും മ്യൂസിയം കാമ്പസും ഉപയോഗിക്കുന്നു.ചരിത്രാതീത കാലം മുതല്‍ ആധുനിക കാലത്തേക്ക് പുന:സ്ഥാപിക്കുകയും പുനരധിവസിപ്പിക്കുകയും പരിവര്‍ത്തനം ചെയ്യുകയും ചെയ്ത മദീനയിലെ ഹിജാസ് റെയില്‍വേ സ്റ്റേഷന്റെ കെട്ടിടങ്ങള്‍ മ്യൂസിയത്തില്‍ ഉള്‍പ്പെടുന്നു.ഹിജാസ് റെയില്‍വേയുടെ ചരിത്രവും ലോക്കോമോട്ടീവുകള്‍ പുനര്‍നിര്‍മ്മിക്കുന്ന ഒരു മ്യൂസിയവും ഇവിടെ കാണാം..ഇതില്‍ സ്റ്റേഷന്‍ കെട്ടിടം, സന്ദര്‍ശന ഹാള്‍, താല്‍ക്കാലിക എക്‌സിബിഷന്‍ ഹാള്‍, പ്രഭാഷണങ്ങളും വിഷ്വല്‍ അവതരണവും നടത്തുന്ന ഹാള്‍, കരകൗശല തൊഴിലാളികള്‍ക്കുള്ള മാര്‍ക്കറ്റ്, ഒരു മ്യൂസിയം ഷോപ്പ്, ഒരു ജനപ്രിയ കഫെ എന്നിവ ഉള്‍പ്പെടുന്നു.സ്റ്റേഷന്‍ കെട്ടിടത്തില്‍ മദീനയിലെ താമസക്കാരില്‍ നിന്ന് ലഭിച്ച മണ്‍പാത്രങ്ങള്‍ വീട്ടുപകരണങ്ങള്‍, കോഫി ഉപകരണങ്ങള്‍, നാണയങ്ങള്‍, ആയുധങ്ങള്‍,വെള്ളം സൂക്ഷിച്ചിരുന്ന വലിയ മണ്‍പാത്രങ്ങള്‍,ഭണ്ടാരപ്പെട്ടികള്‍ ,1880 കളിലെ മദീനയുടെ ഫോട്ടോഗ്രാഫുകളുടെ ശേഖരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.സഞ്ചാരികള്‍ക്കായി ഒരു ട്രെയിന്‍ റെസ്റ്റോറന്റും ഇവിടെ ഒരുക്കിയിട്ടുണ്ട്., കൂടാതെ പ്രവാചക കാലഘട്ടത്തിലെ മദീനയും അതിന്റെ പ്രകൃതി ചരിത്രവും ഉള്‍പ്പെടുന്ന ഹാള്‍ ഖലീഫമാരുടെ കാലഘട്ടത്തിലെ മദീന നഗരം, ഇസ്ലാമിക കാലഘട്ടത്തിലെ മദീന, ആദ്യ സൗദി ഭരണ കാലഘട്ടത്തിലെ മദീന, രണ്ടാം സൗദി ഭരണ കാലഘട്ടത്തിലെ മദീന, അബ്ദുല്‍ അസീസ് രാജാവിന്റെ ഭരണ കാലഘട്ടത്തിലെ മദീന, എന്നിവയെല്ലാം ഉള്‍പ്പെടുത്തി പ്രത്യേക ഹാളുകള്‍ സന്ദര്‍ശകര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നു.

ഒന്നാം നിലയിലെന്നപോലെ രണ്ടാം നിലയിലെയും സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഇന്റീരിയര്‍ മനോഹരമായി ക്രമീകരിച്ചിരിക്കുന്നു.പുരാതന സ്റ്റെയിന്‍ ഗ്ലാസ് വിന്‍ഡോകളും കല്ലു കമാനങ്ങളും പ്രകൃതിദത്ത ലൈറ്റ് ഫിക്‌സിംഗ് ഉപകരണങ്ങളും ഇതിനായി ഉപയോഗിച്ചിരിക്കുന്നു .രണ്ടാം നിലയില്‍ മദീനയിലെ പോരാളികള്‍ ഉപയോഗിച്ചിരുന്ന തോക്കുകള്‍, മൂര്‍ച്ചയുള്ള ആയുധങ്ങള്‍, മറ്റ് യുദ്ധ ഉപകരണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു ഗാലറി റൂം ഉണ്ട്.കൂടാതെ പാചക ഉപകരണങ്ങള്‍, മണ്‍പാത്ര കരകൗശല വസ്തുക്കള്‍, പള്ളി ഉപകരണങ്ങള്‍, മറ്റ് സാംസ്‌കാരിക ഉല്‍പ്പന്നങ്ങള്‍, കരിങ്കല്ലില്‍ കൊത്തിയ വിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
2015 ല്‍ സഊദി അറേബ്യ,യുനെസ്‌കോയുടെ പരിഗണനക്ക് സമര്‍പ്പിച്ചുവെങ്കിലും ചരിത്രത്തിന്റെ താളുകളിലേക്ക് ചൂളം വിളിച്ചു മറഞ്ഞു പോയ ഒരുപാട് തീവണ്ടികള്‍ക്ക് മൂക സാക്ഷിയായി നില കൊള്ളുന്ന ഹിജാസിന് നാളിതുവരെ ലോക പൈതൃക പട്ടികയില്‍ ഇടം നേടാനായിട്ടില്ല.
മ്യൂസിയങ്ങള്‍ ഒരു രാജ്യത്തിന്റെ ചരിത്രത്തിന്റെയും നാഗരികതയുടെയും പ്രതിഫലനമാണ്.ഓരോ രാജ്യത്തിന്റെയും ചരിത്രവും നാഗരികതയും പ്രദര്ശിപ്പിക്കുകന്നതിലും വിവരിക്കുന്നതിലും മ്യൂസിയങ്ങള്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നു.സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്റെ മഹത്തായ സ്വപ്‌നത്തിന്റെ നിശബ്ദ സാക്ഷിയാണ് അന്‍ബരിയയിലെ ഹിജാസ് റെയില്‍വേ മ്യൂസിയം.ആധുനിക ഓട്ടോമന്‍ രാജവംശം ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലുതും ചെലവേറിയതുമായ പദ്ധതിയാണ് ഹിജാസ് റെയില്‍വേ അല്ലെങ്കില്‍ ഹിജാസ് റെയില്‍റോഡ്.ഓട്ടോമന്‍ തുര്‍ക്കികളുടെ പ്രമേയവുമായി ഈ മ്യൂസിയം ഒരുപാട് ഓര്‍മ്മകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നതില്‍ അതിശയിക്കേണ്ടതില്ല, കാരണം അവര്‍ ഒരിക്കല്‍ ഹിജാസ് ഭരിച്ചിരുന്നു.സ്റ്റേഷന്‍ കെട്ടിടം യഥാര്‍ത്ഥത്തില്‍ ഇസ്താംബുള്‍ തുര്‍ക്കി വരെ നീളുന്ന നിരവധി ട്രെയിന്‍ സ്റ്റേഷനുകളില്‍ ഒന്നാണ്.ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ മുസ്ലിംകളോടുള്ള താല്‍പ്പര്യത്തിന്റെ തെളിവാണ് ഹിജാസ് റെയില്‍വേ എന്നറിയപ്പെടുന്ന റെയില്‍വേയുടെ നിലനില്‍പ്പ്.ഒന്നാം ലോകമഹായുദ്ധത്തില്‍ ശാമിനെ (സിറിയ, ലെബനന്‍, പലസ്തീന്‍, ജോര്‍ദാന്‍) നിയന്ത്രിക്കാന്‍ ആഗ്രഹിച്ച ബ്രിട്ടീഷ്, ഫ്രഞ്ച് സേനകളുടെ വേഗത തടയാന്‍ റെയില്‍വേ ഒരു പ്രധാന പങ്ക് വഹിച്ചു.നിലവില്‍, സ്റ്റേഷനുകള്‍, വര്‍ക്ക് ഷോപ്പുകള്‍, വാട്ടര്‍ ടവറുകള്‍, പമ്പുകള്‍, ഓട്ടോമന്‍ കാലഘട്ടത്തില്‍ നിര്‍മ്മിച്ച കോട്ടകള്‍ എന്നിവയുടെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഹിജാസ് റെയില്‍വേ പാതയില്‍ കാണപ്പെടുന്നത്.ഡമാസ്‌കസ്-അമ്മാന്‍ റൂട്ടില്‍ മാത്രമാണ് ഇപ്പോഴും ടൂറിസത്തിനും പരിമിതമായ ഗതാഗത ആവശ്യങ്ങള്‍ക്കും വേണ്ടി ഈ റെയില്‍ പാത ഉപയോഗിക്കുന്നത്.ബാക്കിയുള്ളവ പ്രധാനമായും സിറിയ, ജോര്‍ദാന്‍ മേഖലകളിലാണ്.പടിഞ്ഞാറന്‍ അറേബ്യയിലെ ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ ചരിത്രശേഷിപ്പ് കൂടിയായ ഈ പ്രദേശം ഒരു കാലത്തെ സജീവ ട്രെയിന്‍ സ്റ്റേഷനായിരുന്നു.റെയില്‍ പാതകളുടെ അവശിഷ്ടങ്ങള്‍ ‘ഓപ്പണ്‍ എയര്‍ മ്യൂസിയം’ പ്രദേശത്ത് ഇപ്പോഴും കാണാം.
ഒറ്റനോട്ടത്തില്‍, ഹിജാസ് റെയില്‍വേ മ്യൂസിയം ഒരു പാര്‍ക്ക് പോലെയാണ്.മരങ്ങള്‍ക്കിടയില്‍ ഒരു നടപ്പാതയുണ്ട്.സന്ദര്‍ശക ഇരിപ്പിടത്തിനായി ഇരു വശങ്ങളിലും നീണ്ട ബെഞ്ചുകള്‍ സജ്ജീകരിച്ചിരിക്കുന്നു.ഈന്തപ്പനകളാല്‍ അലങ്കരിച്ച പുല്‍ത്തകിടിയാണ് ഹിജാസിന്റെ മുറ്റം.രാത്രിയില്‍, ഈന്തപ്പനയുടെ ചുറ്റും പൊതിഞ്ഞ നീലയും മഞ്ഞയും ലൈറ്റുകള്‍ പ്രകൃതിദൃശ്യങ്ങള്‍ കൂടുതല്‍ വര്‍ണ്ണാഭമാക്കിത്തീര്‍ക്കുന്നു.ചൂടുള്ളതും തരിശായതുമായ സൗദി അറേബ്യയിലെ ഇത്തരം ഹരിത ദൃശ്യങ്ങള്‍ വളരെ വിരളമാണ്. പാര്‍ക്കിന്റെ അരികില്‍ പലതരം ലഘുഭക്ഷണങ്ങളും പാനീയങ്ങളും നല്‍കുന്ന സ്റ്റാളുകളുണ്ട്.സ്‌പോട്ട്‌ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നതിനാല്‍ രാത്രി കാലങ്ങളുല്‍ ലോക്കോമോട്ടീവ് റെസ്റ്റോറന്റ് കൂടുതല്‍ സജീവമായി കാണപ്പെടുന്നു.
ഒരു കാലത്തു തീര്‍ത്ഥാടകരെകൊണ്ട് സജീവമായിരുന്ന ഹിജാസിന്റെ മുറ്റത്തു നിന്നും പടിയിറങ്ങുമ്പോള്‍ ഒന്ന് കൂടി തിരിഞ്ഞു നോക്കി.ഒരുപാട് പേരുടെ തീര്‍ത്ഥാടന സ്വപ്‌നം സഫലീകരിച്ച നിര്‍വൃതിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന സ്റ്റേഷന്‍ കെട്ടിടം വൈകുന്നേരമായതിനാല്‍ പ്രകാശത്തില്‍ കുളിച്ചു നില്‍ക്കുന്ന കാഴ്ച മനോഹരമായിരുന്നു.
മാസങ്ങളെടുത്തു മരുഭൂമികള്‍ താണ്ടി ഒട്ടകപ്പുറത്തുള്ള തീര്‍ത്ഥാടന യാത്ര വിരലിലെണ്ണാവുന്ന ദിവസങ്ങളിലേക്ക് ചുരുങ്ങിയപ്പോള്‍ ഓരോ തീര്‍ത്ഥാടകനും അനുഭവിച്ച നിര്‍വൃതി എത്രയായിരിക്കുമെന്നാണ് ഹിജാസിനോട് വിട പറയുമ്പോള്‍ ഞാന്‍ ആലോചിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ അവസാനിക്കുന്ന ഇന്നത്തെ വ്യോമയാന യാത്രകള്‍ പഴയ സ്റ്റീം ലോക്കോ മോട്ടീവ് എന്‍ജിനുകള്‍ ഘടിപ്പിച്ച തീവണ്ടികളില്‍ ഹിജാസിന്റെ മുറ്റത്തു വന്നിറങ്ങിയ അന്നത്തെ തീര്‍ത്ഥാടകര്‍ സ്വപ്‌നം കണ്ടിട്ടുണ്ടാവുമോ ആവോ.

 

You must be logged in to post a comment Login