കാലിലൂടെ രക്തം ഒഴുകിയിട്ടും വാട്സൺ മിണ്ടിയില്ല; ഫൈനലിന് ശേഷം ആറ് സ്റ്റിച്ചിട്ടു!

 

ഹൈദരാബാദ്: ഐപിഎൽ ഫൈനലിൽ ഓപ്പണർ ഷെയ്ൻ വാട്സനായിരുന്നു ചെന്നൈ സൂപ്പർ കിങ്സിൻെറ ടോപ് സ്കോറർ. അർധശതകം നേടി ടീമിനെ മുന്നിൽ നിന്ന് നയിച്ച വാട്സൻ പുറത്തായതോടെയാണ് മുംബൈ ഇന്ത്യൻസ് മത്സരത്തിൽ വിജയം ഉറപ്പിച്ചത്.

എന്നാൽ മത്സരത്തിൽ വാട്സൺ കളിച്ചത് രക്തം ഒഴുകിയ കാലുമായിട്ടായിരുന്നു എന്ന് വെളിപ്പെടുത്തൽ. ചെന്നൈ താരം ഹർഭജൻ സിങാണ് ഇൻസ്റ്റഗ്രാം സ്റ്റാറ്റസായി വാട്സൻെറ ധീരതയെ പ്രശംസിച്ച് പോസ്റ്റ് ഇട്ടത്.

“നിങ്ങൾ അദ്ദേഹത്തിൻെറ കാലിൽ രക്തം കാണുന്നുണ്ടോ. മത്സരശേഷം ആറ് സ്റ്റിച്ചിടേണ്ടി വന്നു. പരിക്കേറ്റ കാലുമായാണ് കളിച്ചത്. ആരോടും അത് പറയാനും തയ്യാറായില്ല,” ഹർഭജൻ കുറിക്കുന്നു.

ഫൈനലിൽ ഓപ്പണറായി ഇറങ്ങി അവസാന ഓവറിലാണ് വാട്സൺ പുറത്തായത്. മലിംഗ എറിഞ്ഞ ഓവറിലാണ് താരം റൺ ഔട്ടായി മടങ്ങിയത്. 59 പന്തിൽ നിന്ന് അദ്ദേഹം 80 റൺസെടുത്തിരുന്നു.

You must be logged in to post a comment Login