കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; അച്ഛനും മക്കളും ഉള്‍പ്പടെ നാലുപേര്‍ക്ക് ദാരുണാന്ത്യം


കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; അച്ഛനും മക്കളും ഉള്‍പ്പടെ നാലുപേര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: കൊറ്റനല്ലൂര്‍
തുമ്പൂരില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി അച്ഛനും
മക്കളും ഉള്‍പ്പടെ നാലുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കൊറ്റനല്ലൂര്‍ സ്വദേശി തേരപ്പിള്ളി വീട്ടില്‍ സുബ്രന്‍ (59), മകള്‍ പ്രജിത
(23), കൊറ്റനെല്ലൂര്‍ കണ്ണന്തറ വീട്ടില്‍ ബാബു (52), മകന്‍ വിപിന്‍ (29)
എന്നിവരാണ് മരിച്ചത്. കൊറ്റനെല്ലൂരിന് സമീപം അയ്യപ്പന്‍ക്കാവലെ ഉല്‍സവം
കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം.
റോഡരികിലായി തമ്പടിച്ചിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് അമിതവേഗതയിലെത്തിയ
കാര്‍ ഇടിച്ചുകയറുകയായിരുന്നു.

അപകടത്തില്‍ സംഭവസ്ഥലത്തുണ്ടായിരുന്ന
സുബ്രനും ബാബുവിനും ഇവരുടെ മക്കളായ വിപിന്‍, പ്രജിത എന്നിവര്‍ക്കും
ഗുരുതരമായി പരിക്കേറ്റു. നാലുപേരെയും നാട്ടുകാര്‍
ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേര്‍ ഇന്ന് പുലര്‍ച്ചെ തന്നെ മരിച്ചു.
രാവിലെ ഏഴരയോടെയാണ് പ്രജിതയുടെ മരണം സ്ഥിരീകരിച്ചത്. അപകടത്തില്‍
പരിക്കേറ്റവരെ മാളയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിനിടയാക്കിയ കാറിലുണ്ടായിരുന്ന
നാലുപേരെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലിസിന് കൈമാറിയിട്ടുണ്ട്. ഇവര്‍
മദ്യപിച്ചിരുന്നോവെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ രക്തസാംപിളെടുത്ത്
പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.

You must be logged in to post a comment Login