കാവിലെ പാട്ടുമത്സരത്തിനു കാണാം

നേര് നേരേ
സജി പൊരിയത്ത്
cartoon

ഡിഗ്രി പഠനത്തിനായി നഗരത്തിലെ കോളജിലെത്തിയ നാളുകള്‍. സമരത്തിന് പേരുകേട്ട കലാലയം. തൊട്ടതിനും പിടിച്ചതിനുമെല്ലാം സമരമാണ്. രാവിലെയെത്തുമ്പോള്‍ മെയിന്‍ ഗേറ്റ് അടച്ച് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നില്‍പ്പുണ്ടെങ്കില്‍ സമരമാണെന്ന് വ്യക്തം. തുടര്‍ന്ന് കോമ്പൗണ്ടിന്റെ വലത്തേ കോണിലുള്ള വഴിയേ വിദ്യാര്‍ത്ഥികളും അധ്യാപകരും കോളജിനകത്ത് പ്രവേശിക്കും. സമരമാണെന്നറിഞ്ഞാല്‍ കോളജിനകത്തും മറ്റൊരു മൂഡാണ്. മര്യാദക്കാര് വിദ്യാര്‍ത്ഥികളും അന്ന് മുണ്ടു മടക്കിക്കുത്തും. ഫസ്റ്റ് ബെല്ലടിക്കാറാകുമ്പോഴേക്കും സമരക്കാര്‍ പ്രകടനമായി ഗേറ്റിങ്കല്‍ നിന്നും പ്രിന്‍സിപ്പലിന്റെ ഓഫീസിനു മുന്നിലേക്കെത്തും. പ്രിന്‍സിപ്പല്‍ വഴങ്ങുന്നില്ലെന്നു കണ്ടാല്‍ പിന്നെ സമരക്കാര്‍ ക്ലാസുമുറികളിലേക്കു നീങ്ങും. സമരക്കാരെ വാതില്‍ക്കല്‍ കാണുമ്പോഴേ അധ്യാപകര്‍ പുസ്തകം മടക്കും. ബെല്ലടിക്കാന്‍ വൈകുംതോറും സമരം അക്രമാസക്തമാകും. ബെഞ്ചിനും ഡെസ്‌കിനും മുകളില്‍ നൃത്തം, കസേരയും ജനാലകളും തല്ലിപ്പൊട്ടിക്കല്‍ തുടങ്ങിയവയിലേക്ക് നീങ്ങും. കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്നു മനസിലാകുന്നതോടെ പ്രിന്‍സിപ്പല്‍ നാലുബെല്ലടിക്കും. അതോടെ സമരം വിജയിച്ചു. കുറച്ചു നേരം ആഹ്ലാദപ്രകടനം. പിന്നെ ടൗണിലേക്ക് പ്രകടനം. തുടര്‍ന്ന് കുറച്ചു വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്കും മറ്റുള്ളവര്‍ സിനിമാ തിയേറ്ററുകളിലേക്കും. തീര്‍ന്നു ഇത്രമാത്രം.
ഇങ്ങനെ വിദ്യാര്‍ത്ഥികളുടെ മേധാവിത്വത്തില്‍ കാര്യങ്ങള്‍ നീങ്ങുമ്പോഴാണ് കോളജില്‍ പുതിയ പ്രിന്‍സിപ്പല്‍ ചാര്‍ജെടുത്തത്. നല്ല ഉയരമുള്ള ഒരു വൈദികന്‍. കര്‍ക്കശക്കാരന്‍. സമരവുമായെത്തുന്ന വിദ്യാര്‍ത്ഥികളുടെ പിന്നാലെ അച്ചനും കാണും. മുന്‍നിരക്കാരെയും കുഴപ്പക്കാരെയും നോട്ടു ചെയ്യും. സമരം കഴിയുമ്പോള്‍ പിറ്റേന്ന് അവരെ അച്ചന്‍ ഓഫീസിലേക്ക് വിളിപ്പിക്കും. വീട്ടിലേക്ക് ആളെ വിടും. ഇതോടെ സമരനിരയുടെ പിന്നില്‍ അച്ചനെ കണ്ടാല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങാന്‍ തുടങ്ങി. എന്തുവന്നാലും വേണ്ടില്ലെന്നുള്ള കുറച്ചുപേര്‍ മാത്രമായി സമരക്കാര്‍ ഒതുങ്ങി. അച്ചന്‍ ഒരിക്കലും അടച്ചിട്ട ഗേറ്റ് തുറപ്പിക്കാന്‍ ഗുസ്തി പിടിക്കുകയോ, സമരക്കാരുപിള്ളേരേ വിരട്ടുകയോ ചെയ്തില്ല. പക്ഷേ നാളുകള്‍ക്കുള്ളില്‍ സമരദിനങ്ങള്‍ കുറഞ്ഞു. അതിനൊപ്പം പ്രീഡിഗ്രി കോളജുകളില്‍ നിന്നു മാറ്റുക കൂടി ചെയ്തതോടെ കോളജ് ശാന്തമായി. പ്രീഡിഗ്രി കോളജിലായിരുന്നെങ്കില്‍ ബഹളക്കാരായി മാറേണ്ടിയിരുന്ന വിദ്യാര്‍ത്ഥികളാണ് ഇന്ന് ശാന്തരായി പ്ലസ് ടു ക്ലാസുകളിലെത്തുന്നത്. ഇപ്പോള്‍ കോളജിന്റെ മുന്നിലൂടെ പോകുമ്പോള്‍ മെയിന്‍ ഗേറ്റിലേക്ക് ശ്രദ്ധിക്കാറുണ്ട്. ഒരിക്കല്‍പോലും അത് അടഞ്ഞുകിടക്കുന്നത് കണ്ടിട്ടില്ല.
കഴിഞ്ഞ ദിവസം കേരള നിയമസഭായില്‍ അരങ്ങേറിയ ബഹളങ്ങള്‍ കണ്ടപ്പോള്‍ കോളജില്‍ പഠിച്ചിരുന്ന കാലത്തെ സമരനാളുകളെക്കുറിച്ച് ചിന്തിച്ചുപോയത് സ്വാഭാവികം. അന്നത്തെ പ്രിന്‍സിപ്പല്‍ അച്ചനെ സഭയുടെ ഏതെങ്കിലും കോണില്‍ കാണാന്‍ കുറച്ചുനേരത്തേക്ക് അറിയാതെ കൊതിച്ചുപോയി.
എന്തുകൊണ്ടാണ് നിയമസഭയില്‍ അത്തരം രംഗങ്ങള്‍ അരങ്ങേറിയത്. ഉത്തരം ഒന്നേയുള്ളു. ആരേയും പേടിയില്ലാഞ്ഞിട്ട്. എന്തുചെയ്താലും എന്തുപറഞ്ഞാലും ആരും ഒന്നും ചെയ്യില്ലെന്നുള്ള അഹങ്കാരത്തിലല്ലേ അങ്ങനെയൊക്കെ കാട്ടിക്കൂട്ടിയത്. പണ്ട് ഹര്‍ത്താലും സമരവും വന്നാല്‍ ആദ്യം ചെയ്യുക കെഎസ് ആര്‍ടിസി ബസിന് കല്ലെറിയുകയും കത്തിക്കുകയുമായിരുന്നു. ഇന്ന് അത് അപൂര്‍വമായിരിക്കുന്നു. കാരണം, പൊതുമുതല്‍ നശിപ്പിച്ചാല്‍ അവരില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കുകയും ക്രിമിനല്‍ കേസെടുക്കുകയും ചെയ്യുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമുണ്ടായി. ജനാധിപത്യവ്യവസ്ഥിതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശം ആര്‍ക്കും നിഷേധിക്കാനാവില്ല. പക്ഷേ, അത് പൊതുമുതല്‍ നശിപ്പിക്കാനും അക്രമം കാണിക്കാനുമുള്ള ലൈസന്‍സായി ആരും കാണരുത്.
പ്രീഡിഗ്രി മാറി പ്ലസ്ടു വന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ പക്വതപോലും നമ്മുടെ മൂക്കിലെ രോമംവരെ നരയ്ക്കാന്‍ തുടങ്ങിയ സാമാജികര്‍ക്കുണ്ടായില്ല. ജനം മുഴുവന്‍ സംഭവങ്ങള്‍ ലൈവായി കാണുന്നുണ്ടെന്നുള്ള വിചാരം പോലും ആര്‍ക്കുമുണ്ടായില്ല. മേശയ്ക്കു മുകളിലൂടെ മുണ്ടു മടക്കിക്കുത്തി നടന്നവരും വനിതാ എംല്‍എമാരെ വട്ടമിട്ടു പിടിച്ചവരും മറ്റൊരുത്തന്റെ തോളില്‍ കടിച്ചവരും അസഭ്യവര്‍ഷവുമായി വിറളി പൂണ്ടു നടന്നവരും വാടാ പോടാ വിളികളുമായി നിന്നവരും ജനത്തിനു നല്‍കുന്ന സന്ദേശമെന്താണ്. ഇനി ഇവര്‍ക്കൊക്കെ നാട്ടില്‍ പോയി ജനങ്ങളെയും എന്തിന് സ്വന്തം വീടുകളില്‍ പോലും ആരെയെങ്കിലും നിയന്ത്രിക്കാനാവുമോ.
സഭയില്‍ ബഹളം കൊടുമ്പിരികൊള്ളുമ്പോള്‍ ദൃശ്യങ്ങള്‍ ചാനലുകളില്‍ കണ്ടുകൊണ്ടിരുന്നവര്‍ തിരഞ്ഞുകൊണ്ടിരുന്നത് ചീഫ് വിപ്പ് പി.സി ജോര്‍ജിനെയായിരുന്നു. പൂഞ്ഞാറുകാരനില്‍ നിന്നും നാടന്‍ പ്രയോഗങ്ങള്‍ ഏറെ പ്രതീക്ഷിച്ചിരുന്നു നാട്ടുകാരും ചാനലുകാരും. പക്ഷേ, എല്ലാവരുടെയും പ്രതീക്ഷകള്‍ അദ്ദേഹം തെറ്റിച്ചു. മാന്യമായ പക്വതയോടെയുള്ള പെരുമാറ്റമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്.
എല്ലാം നിസംഗതയോടെ മാറിയിരുന്നു കണ്ട ഗണേശ് കുമാറിന്റെ മുഖത്ത് ആരുടെകൂടെ കൂടണമെന്നുള്ള ആശയക്കുഴപ്പവും ഇടപെടാന്‍ പറ്റാത്തിലെ ഇച്ഛാഭംഗവും വ്യക്തം. പ്രശ്‌നങ്ങളില്‍ ഇടപെടാതെ മാന്യതപാലിച്ച വിഡി സതീശന്‍, ബല്‍റാം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എംഎല്‍എമാരുടെ നിലപാടെന്തെന്ന് വരുംദിവസങ്ങളില്‍ വ്യക്തമാകും.
ബജറ്റ് അവതരണത്തിനുശേഷം കൂവിയാര്‍ക്കുകയും കെഎം മാണിയെ ഉമ്മകൊണ്ടു മൂടുകയും ലഡു വിതരണം ചെയ്യുകയും ചെയ്ത യുഡിഎഫ് എംഎല്‍എമാരുടെ പ്രകടനം കാഴ്ചക്കാരില്‍ ദയനീയതയാണ് പടര്‍ത്തിയത്. ഇവര്‍ക്കൊപ്പം ഏതെങ്കിലുമൊരു സാധാരണക്കാരന്‍ ടിവിക്കു മുന്നില്‍ കൂവിയാര്‍ക്കാനുള്ള സാധ്യത കുറവാണ്. മോന്‍സ് ജോസഫിന്റെ കൂവലും ചാട്ടവും അദ്ദേഹത്തിന് ഒട്ടും യോജിച്ചതായില്ല. മോന്‍സേ, താങ്കള്‍ക്കിങ്ങനെയും മാറാന്‍ കഴിയുമോ, അതിശയകരം തന്നെ. മൂക്കത്തുവിരല്‍ വച്ചുപോകുന്നവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ലഡു കൈയില്‍ പിടിച്ചു കൊണ്ടുള്ള കെ.ബാബുവിന്റെ സന്തോഷപ്രകടനവും ഒപ്പമുണ്ടായിരുന്ന എംഎല്‍എയോട് ചാനല്‍ കാമറയിലേക്ക് നോക്കി ചാടാന്‍ പറയുന്നതും ആരിലും പരിഹാസം ജനിപ്പിക്കും. എട്ടുംപൊട്ടും തിരിയാത്ത പിള്ളേര്‍ ചാനലുകാരുടെ കാമറകാണുമ്പോള്‍ കൂവിയാര്‍ക്കുന്നതിനെ കവച്ചുവെയ്ക്കുന്ന പ്രകടനം.
ബജറ്റ് സാധാരണക്കാരന് നല്ല നാളുകളല്ല ആശംസിക്കുന്നത്. തൊട്ടതിനും പിടിച്ചതിനുമെല്ലാം വിലയുയരുമെന്ന് നിശ്ചയം. ഇത്രയും ജനവിരുദ്ധമായ ഒരു ബജറ്റ് അവതരിപ്പിച്ചിട്ട് കൂവിയാര്‍ക്കാനും ലഡുവിതരണം ചെയ്ത് ആഹ്ലാദിക്കാനും അസാമാന്യമായ തൊലിക്കട്ടിതന്നെ വേണം. തമ്മിലടിയിലും ബഹളത്തിലും മുങ്ങിപ്പോയതിനാല്‍ ബജറ്റിലെന്താണുള്ളതെന്ന് ഇനിയും ജനം വ്യക്തമായി തിരിച്ചറിഞ്ഞിട്ടില്ല. ബജറ്റ് ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചതോടെ എല്ലാം പൂര്‍ത്തിയായി. എന്തായാലും ഇത്തരമൊരു ബജറ്റ് ഇങ്ങനെ അവതരിപ്പിക്കാന്‍ സാധിച്ചത് യുഡിഎഫ് സര്‍ക്കാരിനും മാണിക്കും നേട്ടമായി. കാരണം ബജറ്റിന്മേല്‍ തലനാരിഴകീറിയുള്ള ചര്‍ച്ചകള്‍ മന്ത്രിക്കും സര്‍ക്കാരിനും അത്രസുഖകരമായിരിക്കില്ല.
കേരളസമൂഹത്തിന്റെ മറ്റൊരുവശം കൂടി സഭയുടെ പോര്‍മുഖത്ത് തെളിഞ്ഞത് കാണാതെ പോകരുത്. അറുപതു പിന്നിട്ടവര്‍ പയറുപോലെ വീറോടെ നിന്നപ്പോള്‍ ചെറുപ്പക്കാര്‍ ഓരോരുത്തരായി കുഴഞ്ഞുവീഴുന്ന കാഴ്ച ദയനീയമായിരുന്നു. നിരവധി സമരമുഖങ്ങളിലൂടെ ചോരച്ചാലുകള്‍ നീന്തിക്കയറിവന്നവരെന്ന് അഭിമാനിക്കുന്ന ഇടത് എംഎല്‍എ മാരാണ് ബഹളത്തിനിടയില്‍ സമ്മര്‍ദം താങ്ങാനാവാതെ കുഴഞ്ഞുവീണതെന്നത് പ്രത്യേകം ശ്രദ്ധിക്കണം. ലാത്തിക്കു മുന്നില്‍ തളരരുതെന്നും വെടിയുണ്ടകള്‍ക്കു മുന്നില്‍ വിരിമാറുകാട്ടാനും ആഹ്വാനം ചെയ്തശേഷം നേതാവ് സമരമുഖത്തുനിന്നുമാറുന്നതോടെയാണ് എപ്പോഴും കല്ലേറുംലാത്തിച്ചാര്‍ജും അരങ്ങേറുക. അതൊരു ശീലമായിപ്പോയതുകൊണ്ടാകാം സഭയ്ക്കുള്ളില്‍ കുഴഞ്ഞുവീണവരുടെ എണ്ണംകൂടിയത്.
സഭയിലെ ദൃശ്യങ്ങള്‍ക്കു പശ്ചാത്തലമായി കൊടുക്കാന്‍ പറ്റിയത് യോദ്ധ സിനിമയില്‍ മോഹന്‍ലാലും ജഗതിയും ചേര്‍ന്നുള്ള വാടാ..പോടാ..പാട്ടായിരുന്നു. പരിപാടികള്‍ അവസാനിച്ചപ്പോള്‍ സിനിമയിലെപോലെ ജനവും മനസില്‍ പറഞ്ഞത് ‘കാവിലെ പാട്ടു മത്സരത്തിനു’ കാണാമെന്നാണ്. അതുപക്ഷേ നമ്മുടെ എംഎല്‍എമാര്‍കേട്ടെന്നു തോന്നുന്നില്ല. ഒരു വര്‍ഷത്തിനുള്ളില്‍ ‘കാവിലെപാട്ടുമത്സരം’ അരങ്ങേറുമെന്നുള്ളത് ബജറ്റ് അവതരിപ്പിച്ചവരും എതിര്‍ത്തവരും ഓര്‍ത്താല്‍ നന്ന്

*******

‘ലോണ്‍ പുതുക്കാനുള്ള തീയതിയായി. കൈവശാവകാശ സര്‍ട്ടിഫിക്കറ്റും കരമടച്ച രസീതുമായി എത്തണം’.
ബാങ്കില്‍ നിന്നുള്ള അറിയിപ്പെത്തി. പിന്നെ അമാന്തിച്ചില്ല. വൈകിയാല്‍ ആകെയുള്ള കിടപ്പാടം ബാങ്കുകാര് കൊണ്ടുപോകുമെന്ന ഉള്‍ഭയത്തോടെ കൈവശാവകാശം മേടിക്കാന്‍ വില്ലേജിലേക്ക് വണ്ടികയറി.
വില്ലേജ് ഓഫീസിലെത്തി ആഗമനോദ്ദേശം അറിയിച്ചു. ഓഫീസിലെ ക്ലര്‍ക്ക് മുഖമുയര്‍ത്തി പുച്ഛത്തോടെ ഒന്നു നോക്കി. ഇയാളെവിടുന്നു കുറ്റിയും പറിച്ചുവരുന്നുവെന്ന ഭാവം. ഉള്ളൊന്നു കാളി. കൈവശാവകാശമെന്നു തന്നെയല്ലേ പറഞ്ഞത്. ഇനി അറിയാതെ വേണ്ടാതീനമെങ്ങാനും പറഞ്ഞോ. നാവില്‍ ഗുളികന്‍ നില്‍ക്കുന്ന സമയമാണ്.
‘ടോ..കൈവശാവകാശമൊക്കെ ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാ. അക്ഷയയില്‍ പോയാല്‍ മതി’.
കൊള്ളാമല്ലോ. സര്‍ക്കാര്‍ ഓഫീസും ന്യൂജനറേഷനിലേക്കുയര്‍ന്നോ. വളരെ സന്തോഷം തോന്നി. ഇനി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ ഇങ്ങനെയുള്ള ഓഫീസുകളിലെത്തി അവിടെയുള്ളവരുടെ കാര്‍മേഘാവൃതമായ മുഖം കാണുകയോ കിമ്പളം കൊടുക്കുകയോ വേണ്ടല്ലോ.
വില്ലേജ് ഓഫീസില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള അക്ഷയയിലേക്ക് വണ്ടി കയറി. അക്ഷയ കേന്ദ്രം, എല്ലാം നിങ്ങളുടെ വിരല്‍ത്തുമ്പിലെന്ന ബോര്‍ഡും വായിച്ച് അകത്തുകയറി. തിക്കും തിരക്കും ബഹളവുമൊന്നുമില്ല. ഒരു പെണ്‍കുട്ടി കംപ്യൂട്ടറിന്റെ മുന്നിലിരിപ്പുണ്ട്. കാര്യം പറഞ്ഞു. കരമടച്ച രസീതിന്റെ കോപ്പി കൊടുത്തു. വിശദാംശങ്ങളെല്ലാം കംപ്യൂട്ടറില്‍ രേഖപ്പെടുത്തി. അഞ്ചുമിനിറ്റിനകം പ്രിന്റെടുത്തു കൈയില്‍ തന്നു.
കൊള്ളാം. ഇഷ്ടപ്പെട്ടു. കൈവശാകാശം മിനിറ്റുകള്‍ക്കുള്ളില്‍ കൈയില്‍ കിട്ടിയ സന്തോഷത്തില്‍ പോകാന്‍ ഏറ്റു.
അങ്ങനെയങ്ങു പോയാലെങ്ങനെയാ ചേട്ടാ എന്ന മട്ടില്‍ പെണ്‍കുട്ടി: ‘ഈ കടലാസ് വില്ലേജില്‍ കൊണ്ടു കൊടുക്കണം. അതു കഴിഞ്ഞ് രണ്ടു ദിവസം കഴിയുമ്പോള്‍ ഇവിടെ വന്നാല്‍ മതി. അപ്പോള്‍ സര്‍ട്ടിഫിക്കറ്റ് തരാം’.
‘ങേ…അപ്പോള്‍ ഇതു സര്‍ട്ടിഫിക്കറ്റല്ലേ’.
‘അതു വില്ലേജിലേക്കുള്ള പേപ്പറാണ്. അത് അവിടെ നിന്ന് പാസാക്കിവിട്ടാലേ കൈവശാവകാശത്തിന്റെ പ്രിന്റ് എടുക്കത്തുള്ളു’.
നിരാശയോടെ കസേരയില്‍ നിന്നെണീക്കവേ പെണ്‍കൊച്ച് വീണ്ടും: ‘മുപ്പതു രൂപ വേണം.’
‘ങേ…അതെന്തിനാ’.
‘ഫീസാണ്, ചേട്ടാ’.
വില്ലേജില്‍ നിന്നു നേരത്തെ അഞ്ചുരൂപയുടെ റവന്യൂസ്റ്റാമ്പിന്റെ മുടക്കേയുണ്ടായിരുന്നുള്ളു. ആ സ്ഥാനത്താണ് മുപ്പതുരൂപ.
‘സര്‍ട്ടിഫിക്കറ്റ് കിട്ടുമ്പോള്‍ ഇനിയും പൈസ വേണോ’.
‘പത്തു രൂപ കൂടി അപ്പോള്‍ തരണം’.
ആവിയായിപ്പോയ സന്തോഷത്തോടെ വെയിലത്ത് വീണ്ടും വില്ലേജ് ഓഫീസിലേക്ക്. ക്ലര്‍ക്ക് കടലാസ് വാങ്ങി.
‘ഇവിടെവെച്ചേക്കാം. ഓഫീസര്‍ വരുമ്പോള്‍ നോക്കും. രണ്ടു ദിവസം കഴിഞ്ഞ് അക്ഷയയില്‍ ചെല്ലുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കില്‍ ഇങ്ങോട്ടുവരണം. ഇതാ, ഇവിടെ വെച്ചിരുന്നുവെന്ന് ഓഫീസറോട് പറയണം’.
മേശയില്‍ അലക്ഷ്യമായി കിടന്നിരുന്ന ഒരു ഫയലിന്റെ ഇടയിലേക്ക് കടലാസു തിരുകി വെച്ചുകൊണ്ട് ക്ലാര്‍ക്ക് പറഞ്ഞു.
മനസില്‍ ചില സംശയങ്ങളുയര്‍ന്നെങ്കിലും ഒന്നും ചോദിച്ചില്ല. കാരണം തങ്ങളൊക്കെ ഇപ്പോള്‍ ഹൈടെക്കായി എന്ന മട്ടിലാണ് ഉദ്യോഗസ്ഥന്റെ നില്‍പ്പ്.
ഓണ്‍ലൈന്‍ സേവനമെന്നു പറഞ്ഞാല്‍ റെഡി വണ്‍..ടു..ത്രീ..എന്ന മട്ടില്‍ ലഭ്യമാകുന്നുവെന്നാണ് വെയ്പ്. അങ്ങനെയെങ്കില്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനം ആരെ ബോധിപ്പിക്കാനായുള്ളതാണ്. ഒരു കിലോമീറ്റര്‍ അകലെയുള്ള അക്ഷയയില്‍ അപേക്ഷകൊടുത്ത് അവിടെ നിന്ന് സ്ലിപ് വാങ്ങി വില്ലേജിലെത്തി രണ്ടു നാള്‍ കഴിഞ്ഞ് വീണ്ടും അക്ഷയയിലെത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനെ എങ്ങനെ ഓണ്‍ലൈന്‍ വഴിയാണെന്നു പറയാന്‍ കഴിയും. അതുംകിട്ടിയാല്‍ കിട്ടിയെന്നു പറയാമെന്ന് ഉത്തരവാദപ്പെട്ടവര്‍ തന്നെ പറയുന്നു. അക്ഷയയില്‍ അപേക്ഷ കൊടുത്ത് അപ്പോള്‍ തന്നെ ഓണ്‍ലൈന്‍ ആയിത്തന്നെ വില്ലേജ് ഓഫീസര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് തരുന്നതിനെയാണ് യഥാര്‍ത്ഥ ഓണ്‍ലൈന്‍ സേവനമെന്നു പറയുന്നത്. അല്ലാതെ കടലാസു തുണ്ടുമായി ജനത്തെ തെക്കുവടക്കു നടത്തുന്നതല്ല. അക്ഷയയില്‍ പോലും പോകാതെ മൊബൈല്‍ നെറ്റുവഴിയും മറ്റും പൗരന് സ്വയം ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമ്പോഴാണ് ഹൈടെക്കാകുന്നത്.

*********

പത്മരാജന്റെ മൂന്നാംപക്കം എന്ന സിനിമയില്‍ ജഗതിയുടെ കവല എന്നു വിളിപ്പേരുള്ള കഥാപാത്രമുണ്ട്. പുറത്തിറങ്ങിയാല്‍ പിള്ളേര്‍ ഇങ്ങേരെ പിന്നില്‍ നിന്നും കവലേ എന്നു നീട്ടിവിളിക്കും. ആദ്യ രണ്ടു വിളികള്‍ക്കും കക്ഷി പ്രതികരിക്കില്ല. എന്നാല്‍ മൂന്നാമതും കവലേയെന്നുള്ള വിളിവന്നാല്‍ പിന്നേലക്കു തിരിഞ്ഞ് തുണിപൊക്കികാണിക്കും. തന്നെ ഇരട്ടപ്പേരു വിളിക്കുന്നവരോടുള്ള  ആ കഥാപാത്രത്തിന്റെ പ്രതിഷേധം ഇങ്ങനെയാണ് പ്രകടിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ സ്വഭാവത്തിനനുസൃതമായ പ്രതിഷേധരീതിയാണ് കഥാകൃത്ത് അവിടെ പകര്‍ന്നു നല്‍കിയത്.
തങ്ങള്‍ക്കോ സമൂഹത്തിനോ ഹിതകരമല്ലാത്ത ഒന്നിനോട് പ്രതിഷേധിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അത് മറ്റൊരാളുടെ സ്വാതന്ത്ര്യം ഹനിച്ചുകൊണ്ടായിരിക്കരുതെന്നു മാത്രം. ആളുംതരവും പ്രതിഷേധത്തിന്റെ സ്വഭാവരീതികളില്‍ മാറ്റം വരുത്തും.
കഴിഞ്ഞ ദിവസം നിയമസഭയില്‍ അരങ്ങേറിയ സംഭവങ്ങളില്‍ ഒരു പത്രമെന്നനിലയില്‍ കേരളഭൂഷണം എങ്ങനെ പ്രതിഷേധിക്കണമെന്നതായിരുന്നു ആലോചന. ശക്തമായ ഭാഷയില്‍ എഡിറ്റോറിയല്‍ എഴുതണമെന്ന അഭിപ്രായമുയര്‍ന്നു. കടുത്ത പ്രതികരണത്തിനുള്ള വികാരത്തള്ളിച്ചയാണ് സഭാദൃശ്യങ്ങള്‍ ആരിലും ഉണര്‍ത്തിയത്.
വന്‍കോലാഹല മധ്യേ ഒരു സൂചിവീണാല്‍ കേള്‍ക്കുന്ന നിശബ്ദത സൃഷ്ടിക്കപ്പെട്ടാല്‍ അത് ഒരു നടുക്കമായി മാറും.  വാക്കുകളേക്കാള്‍ ശക്തം നിശബ്ദതയ്ക്കുണ്ടെന്നുള്ള തിരിച്ചറിവിലാണ് എഡിറ്റോറിയല്‍ കോളം ശൂന്യമായിടാന്‍ തീരുമാനിച്ചത്. ആ തീരുമാനം യുക്തമായിരുന്നുവെന്നതിനുള്ള തെളിവായിരുന്നു ഓഫീസിലേക്കു വന്ന ഫോണ്‍വിളികള്‍. രാവിലെ ഏറ്റവും ആദ്യം വിളിച്ചത് ഇടുക്കിജില്ലയിലെ ഉള്‍ഗ്രാമത്തില്‍ നിന്നുള്ള ഒരു വായനക്കാരനായിരുന്നു.
‘അതു കൊള്ളാം…കലക്കി. നിശ്ബദതയ്ക്ക് ഇത്രയും അര്‍ത്ഥമുണ്ടെന്നും ബലമുണ്ടെന്നും ആദ്യമായിട്ടാണ് തിരിച്ചറിഞ്ഞത്. വളരെ സന്തോഷം തോന്നി’.
പ്രതികരിക്കാതെ നിശ്ബദവത്കരിക്കപ്പെട്ട ലക്ഷങ്ങളെയാണ് ആ ശൂന്യതയില്‍ പലരും കണ്ടത്. അവരില്‍ തങ്ങളുമുണ്ടെന്ന തിരിച്ചറിവും. കൊടുങ്കാറ്റിനുമുന്നേയുള്ള ശാന്തതയാണിതെന്നു തിരിച്ചറിയേണ്ടവര്‍ മനസിലാക്കുമോയെന്നാണ് അറിയാനുള്ളത്.

You must be logged in to post a comment Login