കാശ്മീര്‍ എത്തിയപ്പോള്‍ വിശന്ന് വലഞ്ഞു; ഒടുവില്‍ മഞ്ഞ് വാരി തിന്ന് കുഞ്ചാക്കോ ബോബനും സംവിധായകനും

ജിസ്സേ വിശക്കുന്നു, വലതും കഴിച്ചാലോ? കൈകാലുകള്‍ മരവിക്കുന്ന മഞ്ഞത്ത് വിശപ്പിന്റെ വിളി വന്നാല്‍ എന്ത് ചെയ്യും? മാമരം കോച്ചുന്ന തണുപ്പാണ് ചാക്കോച്ചനും സംവിധായകന്‍ ജിസ് ജോയിയും നിക്കുന്ന ഈ സ്ഥലത്ത്. പോരെങ്കില്‍ നല്ല മഞ്ഞു വീഴ്ചയും. കയ്യില്‍ മറ്റു ഭക്ഷണം ഇല്ലാത്ത സ്ഥിതിക്കും, കഴിക്കാന്‍ വേറൊന്നും ചുറ്റുപാടും ഇല്ല എന്ന അവസ്ഥയിലും മറ്റെന്തു ചെയ്യാന്‍? ഐസ് വാരി കഴിക്കുക തന്നെ. ഐസ് അഥവാ നല്ല കിടിലം മഞ്ഞ്.

‘മഞ്ഞണിക്കൊമ്പില്‍’ എന്ന ഗാനം ഓര്‍ത്ത് ജിസും ചാക്കോച്ചനും കൂടി കിട്ടിയ സാധനം ആസ്വദിച്ച് കഴിക്കാന്‍ തുടങ്ങി. പക്ഷെ എന്തോ പോരായ്മ അവര്‍ അപ്പോഴും കണ്ടു. ചാക്കോച്ചന്‍ പറഞ്ഞു തുടങ്ങി, ‘ശകലം ഉപ്പും മുളകും…’ ബാക്കി ജിസ് പൂരിപ്പിച്ചു ‘ഒരു കാരയ്ക്കയോ പേരക്കയോ പച്ചമാങ്ങയോ ഇട്ടാല്‍ അടിപൊളിയായിരിക്കും.’

പിന്നെ ജിസ് ജോയിയുടെ ചോദ്യം, ചാക്കോച്ചനോട്? ആംസ്റ്റര്‍ഡാമില്‍ കഴിച്ച മഞ്ഞാണോ ഈ മഞ്ഞാണോ നല്ലത്? ഇന്ത്യയിലെ മഞ്ഞാണ് നല്ലത് എന്ന് രണ്ടു പേരും ഒരുപോലെ സമ്മതിക്കുന്നു.കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക് സ്റ്റോറിയായി വന്ന വീഡിയോ ആണിത്. ചാക്കോച്ചന്‍-ജിസ് ജോയ് കൂട്ടുകെട്ടില്‍ അടുത്ത ചിത്രം ഒരുങ്ങുകയാണ്.

 

You must be logged in to post a comment Login