കാസര്‍കോട് ഇരട്ട കൊലപാതകം: കേസില്‍ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ വച്ച് പൊറുപ്പിക്കില്ലെന്ന് കോടിയേരി

 

കൊല്ലം: കാസര്‍കോട് കൊലപാതക വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നിലപാടടെുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയുടെ അറിവോടെയല്ല കൊലപാതകം നടപ്പാക്കിയതെന്ന ആവര്‍ത്തിച്ച കോടിയേരി ബാലകൃഷ്ണന്‍, കേസില്‍ പാര്‍ട്ടിക്കാരുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വച്ച് പൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി. കൊലപാതകങ്ങള്‍ പാര്‍ട്ടി നയമല്ലെന്നും കോടിയേരി ആവര്‍ത്തിച്ചു.

കേസില്‍ പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കില്ലെന്നും കോടിയേരി നിലപാടെടുത്തു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാണെന്നും അതിന് വേണ്ടിയുള്ള പ്രസ്താവനയാണ് പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായതതെന്നും കോടിയേരി കൊല്ലത്ത് പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ചര്‍ച്ച നടത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഹര്‍ത്താലിനെതിരെ നിലപാടടെക്കാന്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പെരിയയില്‍ ഇന്നലെ സിപിഎമ്മിന്റെ 25 ഓഫീസുകള്‍ തകര്‍ക്കപ്പെട്ടെന്നും ഇത് തിരിച്ചടിക്കണമെന്ന കെ സുധാകരന്റെ ആഹ്വാനപ്രകാരമാണെന്നും ആരോപിച്ചു.

സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലായവരെ പുറത്താക്കിയതെന്നും പ്രതികള്‍ ഏതു മാളത്തില്‍ ചെന്നൊളിച്ചാലും പൊലീസ് അവരെ പിടികൂടുമെന്നും കോടിയേരി പറഞ്ഞു.

You must be logged in to post a comment Login