കാസര്‍ഗോഡ് ഇന്ന് ബിജെപി ഹര്‍ത്താല്‍; കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കാസര്‍കോട്: കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് സിപിഐഎം നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ഥാടകരെയും അവശ്യ സര്‍വീസുകളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയതായി ബിജെപി നേതാക്കള്‍ അറിയിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

സിപിഐഎം അക്രമങ്ങളില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് ചെറുവത്തൂരില്‍ ദേശീയപാത ഉപരോധിച്ച ബിജെപി നേതാക്കളെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. കെ.സുരേന്ദ്രന്‍, വത്സന്‍ തില്ലങ്കേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചെറുവത്തൂരില്‍ രാവിലെ മുതല്‍ ബിജെപി പദയാത്രക്ക് നേരെ വ്യാപകമായി അക്രമം ഉണ്ടായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. പ്രസംഗിക്കാന്‍ എത്തിയ കെ. സുരേന്ദ്രനും വത്സന്‍ തില്ലങ്കേരിക്കും നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. എന്നിട്ടും പൊലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയതായും നേതാക്കള്‍ ആരോപിച്ചു.

You must be logged in to post a comment Login