കിടിലന്‍ ലുക്കില്‍ ഹ്യൂണ്ടായ് കോന, രണ്ടാം ടീസര്‍ പുറത്തിറക്കി

കോംപാക്ട് എസ്.യു.വി ശ്രേണിയിലേക്ക് കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് അവതരിപ്പിക്കുന്ന പുതിയ മോഡലാണ് കോന. ഹ്യുണ്ടായ് അടിമുടി മാറി കിടിലന്‍ രൂപത്തില്‍ നിര്‍മിക്കുന്ന കോനയുടെ രണ്ടാം ടീസര്‍ ചിത്രവും കമ്പനി പുറത്തുവിട്ടു. കോനയുടെ മുന്‍ഭാഗം ദൃശ്യമാകുന്നത് ഗ്രാഫിക്കല്‍ രൂപേണയായിരിക്കും. മികച്ച വില്‍പ്പന തുടരുന്ന ക്രേറ്റയ്ക്കും ടക്‌സണിനും ഇടയിലായാണ് ഈ കോംപാകട് എസ്.യു.വിയുടെ സ്ഥാനം. ജൂണില്‍ അമേരിക്കയില്‍ നടക്കുന്ന ന്യൂയോര്‍ക്ക് ഓട്ടോ ഷോയിലാണ് കോന ആദ്യമായി അവതരിപ്പിക്കുക.

കഴിഞ്ഞ മാസം അള്‍ട്രാ സ്ലിം എല്‍ഇഡി ഹെഡ്‌ലാംമ്പ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടാണ് കമ്പനി കോനയുടെ വരവറിയിച്ചത്. ഹ്യുണ്ടായ് അവതരിപ്പിക്കുന്ന ഏറ്റവും ചെറിയ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമെന്ന സവിശേഷതയും കോനയ്ക്കുണ്ട്. 2021ഓടെ 30 പുതിയ വാഹനങ്ങള്‍ പുറത്തിറക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ കോംപാക്ട് എസ്.യു.വി ഹ്യുണ്ടായ് അവതരിപ്പിക്കുന്നത്. 2014 ജെനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച ഇന്‍ട്രാഡോ കണ്‍സെപ്റ്റ് മോഡലാണ് കോനയായി അവതരിക്കുന്നത്.

ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഹോണ്ട എച്ച്ആര്‍വി, ടൊയോട്ട സിഎച്ച്ആര്‍, മസ്ഡ എംഎക്‌സ്3 എന്നിവയാകും ആഗോള വിപണിയില്‍ ഹ്യുണ്ടായ് കോനയുടെ മുഖ്യ എതിരാളികള്‍. ഇന്ത്യയില്‍ മികച്ച സ്ഥാനമുള്ള ഐ 20 ഹാച്ച്ബാക്ക് പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ നിര്‍മാണം. വാഹനത്തിന്റെ കൂടുതല്‍ ഫീച്ചേര്‍സ് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഇന്‍ട്രാഡോ കണ്‍സെപ്റ്റില്‍ നിന്ന് അധികം മാറ്റമില്ലെങ്കില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ കഴിയുന്ന രൂപകല്‍പനയിലായിരിക്കും കോന നിരത്തിലെത്തുക. എന്നാല്‍ ഇതിനെ ഇന്ത്യയിലെക്കെത്തിക്കുന്നത് സംബന്ധിച്ച അറിയിപ്പ് ഒന്നും കമ്പനി നല്‍കിയിട്ടില്ല.

എങ്കിലും കാര്‍ലിനോ, പുതുതലമുറ സാന്റ എഫ്.ഇ എന്നിവയ്ക്ക് പിന്നാലെ കോന ഇന്ത്യയിലേക്കെത്താനാണ് സാധ്യത. ഏകദേശം 1218 ലക്ഷത്തിനുള്ളിലാകും വിപണി വില. വിലയില്‍ ഒപ്പമെത്തില്ലെങ്കിലും മാരുതി വിറ്റാര ബ്രെസയാകും ഇവിടെ കോനയുടെ പ്രധാന എതിരാളി. ഐ 20യിലെ അതേ എഞ്ചിനാകും കോണയിലും ഉള്‍പ്പെടുത്തുക. പെട്രോള്‍ പതിപ്പിന് 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനും, ഡീസലില്‍ 1.4 ലിറ്റര്‍, 1.6 ലിറ്റര്‍ എഞ്ചിനുമാണ് കരുത്തേകുക. ഇതിനൊപ്പം ഇലക്ട്രിക് പതിപ്പും പുറത്തിറക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്

You must be logged in to post a comment Login