കിട്ടാക്കടം; പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് 81,683 കോടി രൂപ

ന്യൂഡല്‍ഹി: കിട്ടാക്കടങ്ങള്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയിലും രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം എഴുതിത്തള്ളിയത് റൊക്കോര്‍ഡ് തുക. 81,683 കോടി രൂപയുടെ കിട്ടാക്കടമാണ് 2017 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ എഴുതിത്തള്ളിയത് 57,586 കോടി രൂപയാണ്. ഇതിനേക്കാള്‍ 41 ശതമാനം അധികമാണ് ഈ വര്‍ഷം എഴുതിത്തള്ളിയ തുക. കഴിഞ്ഞ അഞ്ചു വര്‍ഷമായി ബാങ്കുകള്‍ എഴുതിത്തള്ളുന്ന കിട്ടാക്കടത്തിന്റെ തോത് വര്‍ധിച്ചുവരികയാണ്. ഇതിനനുസരിച്ച് ബാങ്കുകളുടെ ലാഭവും കുറഞ്ഞുവരുന്നുണ്ട്. ഇതോടെ കിട്ടാക്കടം നിയന്ത്രിക്കാനുള്ള ശക്തമായ നടപടികളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) മുന്നോട്ട് വരികയും ചെയ്തു.

2012-13 സാമ്പത്തികവര്‍ഷത്തില്‍ ബാങ്കുകള്‍ എഴുതിത്തള്ളിയ മൊത്തം കിട്ടാക്കടം 27,231 കോടി രൂപയായിരുന്നു. അതേ വര്‍ഷം എല്ലാബാങ്കുകളും ചേര്‍ന്ന് നേടിയ മൊത്തം ലാഭം 45,849 കോടിയായിരുന്നു. 2016-17 ല്‍ എഴുതിത്തള്ളിയ കിട്ടാക്കടം 81,683 കോടിയായി ഉയര്‍ന്നപ്പോള്‍ ലാഭം 474 കോടിയായി കൂപ്പുകുത്തി. 2.46 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയെന്ന് ധനകാര്യ മന്ത്രാലയത്തിന്റെ രേഖകള്‍ വ്യക്തമാക്കുന്നു.

You must be logged in to post a comment Login