ഭംഗിയായി വളര്‍ത്തിക്കൊണ്ടുവരുന്ന വിളകളെ കീടങ്ങള്‍ നശിപ്പിക്കുന്നതാണ് എല്ലാ കര്‍ഷകരുടെയും പ്രധാന വെല്ലുവിളി.കീടങ്ങളെ ചെറുക്കാന്‍ രാസമാര്ഗവും ജൈവമാര്‍ഗങ്ങളുമുണ്ട്.മാരകരോഗങ്ങള്‍ സമ്മാനിച്ച് ഇഞ്ചിഞ്ചായി ആളെ കൊല്ലുന്നവയാണ് ഒട്ടുമിക്ക രാസകീടനാശിനികളും.പച്ചക്കറി വിളകളിലാണ് ചെറിയ ഇടവേളകളില്‍ കീടനാശിനിപ്രയോഗം നിര്‍ബന്ധമുള്ളത്. ഇതിന് ജൈവമാര്‍ഗം തേടിയാല്‍ തന്നെ പരിസ്ഥിതിആരോഗ്യപ്രശ്നങ്ങള് ഏറെ കുറക്കാം.ജൈവകീടനാശിനികള്‍ക്ക് ചെലവും കുറവാണ്.വിഷഭയമില്ലാത്ത ആഹാരത്തിലേക്കുള്ള എളുപ്പവഴി കൂടിയാണിത്.
പച്ചക്കറി കൃഷിയിലെ ഒട്ടുമിക്ക രോഗങ്ങള്‍ക്കും ജൈവപ്രതിവിധിയുമുണ്ട്. ചില ചിട്ടകള്‍ പാലിക്കണമെന്ന് മാത്രം. തയാറാക്കിയ അന്നുതന്നെ ഉപയോഗിക്കണം. വായു കടക്കാത്ത കുപ്പികളില്‍ കുറച്ചുദിവസം സൂക്ഷിക്കാം. ഗുണം കുറയാനിടയുണ്ട്. വേണ്ട അളവിനനുസരിച്ച് ചേരുവകളില്‍ ആനുപാതിക മാറ്റം വരുത്തിയാണ് ഇവ നിര്‍മിക്കേണ്ടത്. നേര്‍പ്പിച്ചേ ഉപയോഗിക്കാവൂ. ഏറെക്കാലം രോഗപ്രതിരോധം സാധ്യമല്ല. അതിനാല്‍ ചെറിയ ഇടവേളകളില്‍ വീണ്ടും പ്രയോഗിക്കേണ്ടി വരും. ജൈവകീടനാശിനികള്‍ക്ക് ചെലവ് കുറവാണ്. വിഷഭയമില്ലാത്ത ആഹാരത്തിലേക്കുള്ള എളുപ്പവഴിയാണിത്. കര്‍ഷകര്‍ക്ക് സ്വന്തമായോ ഏതാനും പേര് ഒരുമിച്ചോ ജൈവകീടനാശിനികള്‍ തയാറാക്കാം. കീടങ്ങളെ മെരുക്കാനൊരു കൂട്ടായ്മയാകാം. ശത്രുവിന്റെ ശത്രു മിത്രമാകുന്നത് സാധാരണം.
പുകയില കഷായം
വിളകളുടെ നീരൂറ്റിക്കുടിക്കുന്ന മൃദുശരീരകീടങ്ങളെ തുരത്താനുള്ള മാര്‍ഗമാണ് പുകയിലകഷായം. മുഞ്ഞ, ഇലപ്പേന്‍, ചാഴി, തുള്ളന്‍ തുടങ്ങിയ കീടങ്ങളുടെ അന്തകനാണിത്. 250 ഗ്രാം പുകയില 2. 250 ലിറ്റര്‍ വെള്ളത്തില്‍ 24 മണിക്കൂര്‍ മുക്കിയിടുക. 60 ഗ്രാം അലക്കുസോപ്പ് അരലിറ്റര്‍ വെള്ളത്തില്‍ ചൂടാക്കി ലയിപ്പിക്കുക. നല്ലവണ്ണം പിഴിഞ്ഞ് അരിച്ചെടുത്ത പുകയില സത്ത് ശക്തിയായി ഇളക്കുന്നതിനൊപ്പം സോപ്പുലായനി അതിലേക്ക് ചേര്‍ക്കുക. ഇതില്‍ ആറേഴിരട്ടി വെള്ളം ചേര്‍ത്ത് വിളകളില്‍ തളിക്കാം.
മണ്ണെണ്ണക്കുഴമ്പ്
നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ തുരത്താനുള്ള സ്പര്‍ശന കീടനാശിനിയാണിത്. രണ്ടേകാല്‍ ലിറ്റര്‍ വെള്ളത്തില്‍ 250 ഗ്രാം അലക്കുസോപ്പ് ചീകിയിട്ട് അലിയുംവരെ തിളപ്പിക്കുക. ഇത് തണുത്തശേഷം നാലര ലിറ്റര്‍ മണ്ണെണ്ണ ഇതിലൊഴിച്ച് നന്നായി ഇളക്കിച്ചേര്‍ക്കുക. നല്ല കുഴമ്പുപരുവത്തിലാകുന്നതാണ് ഇളക്കുപാകം. 15ഫ20 ഇരട്ടി വെളളം ചേര്‍ത്ത് തളിക്കാം. അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് തണ്ടുകളില്‍ തേച്ചുകൊടുക്കാം. ഇലകളില്‍ വീഴാതെ സൂക്ഷിക്കണം.
വേപ്പെണ്ണ എമള്‍ഷന്‍
ഇലപ്പേന്‍, പച്ചത്തുള്ളന്‍, മീലിമൂട്ടകള്‍, ചിത്രകീടങ്ങള്‍, മുഞ്ഞ എന്നിവയുടെ ആക്രമണം തടയാനുള്ള ജൈവമാര്‍ഗമാണ് വേപ്പെണ്ണ എമള്‍ഷന്‍. കായ്തുരപ്പന്‍ പുഴുവും തണ്ടുതുരപ്പന്‍ പുഴുവും ഇവനുമുന്നില്‍ കീഴടങ്ങും. വിളയുടെ അടിഭാഗത്ത് തളിച്ചാണ് പച്ചത്തുള്ളനെ വരുതിയിലാക്കുന്നത്. ഒരു ലിറ്റര്‍ വേപ്പെണ്ണ, 60 ഗ്രാം അലക്കുസോപ്പ്, വെളുത്തുള്ളി എന്നിവയാണ് ചേരുവകള്‍. അര ലിറ്റര്‍ വെള്ളത്തില്‍ അലക്കുസോപ്പ് ചീകിയിട്ട് ലയിപ്പിക്കുക. ഇതിലേക്ക് വേപ്പെണ്ണ ഒഴിച്ച് നന്നായി ഇളക്കുക. ഈ ലായനിയില്‍ 40 ഇരട്ടി വെള്ളം ചേര്‍ത്ത് യോജിപ്പിക്കുക. ഇങ്ങനെ കിട്ടുന്ന ലായനിയില്‍ ഓരോ ലിറ്റര്‍ ലായനിയിലും 20 ഗ്രാം വെളുത്തുള്ളി അരച്ചുചേര്‍ക്കണം. ഈ മിശ്രിതം അരിച്ച് കരടുമാറ്റിയ ശേഷം തളിക്കാം.
വേപ്പിന്‍കുരു സത്ത്
വഴുതിന, പായല്‍, പടവലം എന്നിവയുടെ ഇല തിന്നുന്ന ഇലതീനിപ്പുഴുക്കള്‍, പച്ചത്തുള്ളന്‍, വണ്ടുകള്‍ എന്നിവക്കെതിരെ പ്രയോഗിക്കാവുന്ന ജൈവകീടനാശിനിയാണ് വേപ്പിന്‍കുരു സത്ത്. വേപ്പിന്‍കുരു പൊടിച്ചത് 50 ഗ്രാം, ഒരു ലിറ്റര്‍ വെള്ളം എന്നിവയാണ് വേണ്ടത്. വേപ്പിന്‍കുരു പൊടിച്ച് തുണിയില്‍ കിഴികെട്ടി വെള്ളത്തില്‍ കുതിരാന്‍ വെക്കണം. 12 മണിക്കൂര്‍ കഴിഞ്ഞ് നന്നായി പിഴിഞ്ഞ് കിഴി മാറ്റാം. അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍കുരു സത്ത് തയാറായി. ഇവ നേരിട്ടും നേര്‍പ്പിച്ചും തളിക്കാം. വേപ്പിന് കുരു പൊടിച്ചതിന് പകരം വേപ്പിന്‍പിണ്ണാക്ക് ഉപയോഗിച്ചും കീടനാശിനിയുണ്ടാക്കാം. ഇതിന് 200 ഗ്രാം വേപ്പിന് പിണ്ണാക്ക് വേണം. നാലഞ്ചുദിവസം വെള്ളത്തിലിട്ട് അതിന്റെ തെളിയെടുത്ത് നേര്‍പ്പിച്ചാണ് ഉപയോഗിക്കേണ്ടത്. ചീരയിലെ ഇല ചുരുട്ടിപ്പുഴുക്കളെ നിയന്ത്രിക്കാനും ഇല തിന്നുന്ന പ്രാണികളെ വകവരുത്താനുമുള്ള മാര്‍ഗമാണിത്.
മീന്‍കെണി
ഉണങ്ങിയ മീന്‍പൊടിയും ഫ്യുറഡാനുമാണ് മീന്‍കെണിയുണ്ടാക്കാനുള്ള സാമഗ്രികള്‍. ഒരു കെണിക്ക് അഞ്ചുഗ്രാം മീന്‍പൊടി വേണം. ഇത് ചിരട്ടയിലെടുത്ത് ചെറുതായി നനക്കണം. അരഗ്രാം ഫ്യുറഡാന് ഇതില്‍ ചേര്‍ത്തിളക്കുക. മിശ്രിതം തയാറാക്കിയ ചിരട്ടയടക്കം പൊളിത്തീന്‍ കവറിലാക്കുക. കവറില്‍ ഈച്ചകള്‍ക്ക് കടക്കാന്‍ പാകത്തിലുള്ള നാലഞ്ച് തുളകളിടണം. ഈ കെണി പച്ചക്കറി പന്തലില്‍ തൂക്കാം. മീന്മണം തേടിയെത്തുന്ന കായീച്ചകള്‍ എളുപ്പം വലയിലാകും.
You must be logged in to post a comment Login