കീടങ്ങളെ പേടിക്കേണ്ട

മുട്ടക്കാര്‍ഡുകള്‍ എന്ത്? എങ്ങനെ?
നെല്‍കൃഷിയില്‍ തണ്ടുതുരപ്പനും ഇലചുരുട്ടിപ്പുഴുവും മറ്റും ആക്രമിക്കുന്ന സമയമായി. കീടനാശിനികള്‍ ഏറ്റവും കുറച്ച് ഉപയോഗിച്ചുകൊണ്ടുള്ള സംയോജിത കീടനിയന്ത്രണം പ്രചാരത്തിലായി വരുന്നു്ണ്ട് എങ്കിലും ചില കാര്യങ്ങളില്‍, അശാസ്ത്രീയമായ ചില തെറ്റിധാരണകള്‍ അറിഞ്ഞോ അറിയാതെയോ കൃഷിക്കാരുടെയിടയില്‍ കാണുന്നു. കീടനിയന്ത്രണത്തിന് മുട്ടക്കാര്‍ഡുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് മാത്രം, എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം എന്ന ധാരണയാണ് ഇതിലൊന്ന്. മുട്ടക്കാര്‍ഡുകള്‍ എന്ത്, അവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കിയാലേ ഈ ധാരണയിലെ അബദ്ധം മനസിലാകുകയുള്ളു.
എന്താണ് മുട്ടക്കാര്‍ഡ് ?
നെല്ലിന്റെ കീടങ്ങളായ തണ്ടുതുരപ്പനും ഇലചുരുട്ടിയും മുട്ടയിട്ടാണല്ലോ വംശവര്‍ധന നടത്തുന്നത്. മുട്ട വിരിഞ്ഞ് പുഴുവും അതിനു ശേഷം പ്യൂപ്പ എന്ന സമാധിദിശയും അതില്‍ നിന്ന് ശലഭവും ഉണ്ടാകുന്നു. ഈ ശലഭമാണ് പിന്നീട് മുട്ടയിടുന്നത്. തണ്ടുതുരപ്പനും ഇലചുരുട്ടിയും മുട്ടയിടുന്നത് കൂട്ടമായിട്ടാണ്. ഈ മുട്ടക്കുട്ടത്തില്‍ തണ്ടുതുരപ്പന്റേത് വലുതും, രോമാവൃതവുമാണ്. ചെറിയ കൂട്ടങ്ങളാണ് ഇല ചുരുട്ടിയുടേത്. ഓരോ മുട്ടക്കുട്ടത്തിലും നൂറോളം വരെ മുട്ടകളുണ്ടാകാം. ഈ മുട്ടയില്‍ ചിലപ്പോള്‍ ഒരു ചെറിയ എതിര്‍പ്രാണി മുട്ടയിടും. ഇത് ട്രൈക്കോഗ്രാമ എന്ന പേരിലുള്ള വളരെ ചെറിയ ഒരു പരാദമാണ്. (മറ്റു പ്രാണികളെ ആക്രമിച്ച് അവയില്‍ മുട്ടയിട്ട് പെരുകുന്ന പ്രാണികളാണ് പാരസൈറ്റോയിഡ് അഥവാ പരാദം.) തണ്ടുതുരപ്പന്റെയോ ഇലചുരുട്ടിയുടെയോ മുട്ടകള്‍ എളുപ്പത്തില്‍ വളര്‍ത്തി ഉണ്ടാക്കിക്കൊണ്ട് മുട്ടയിടീച്ചശേഷം ആ കാര്‍ഡിലെ പരാദം അഥവാ എതിര്‍പ്രാണി പുറത്തുവരുന്ന സമയം രേഖപ്പെടുത്തി കൃഷിക്കാര്‍ക്ക് കൊടുക്കുന്നതാണ് മുട്ടക്കാര്‍ഡ്.

മുട്ടക്കാര്‍ഡ് എങ്ങനെ പ്രവര്‍ത്തിക്കുന്നു?
കൃഷിക്കാര്‍ വാങ്ങിക്കുന്ന മുട്ടക്കാര്‍ഡിലെ ട്രൈക്കോഗ്രാമ അതില്‍ എഴുതിയിരിക്കുന്ന ദിവസം വിരിഞ്ഞിറങ്ങി ശലഭമായി പുറത്തുവരും. വംശവര്‍ധന എന്ന പരമപ്രധാനമായ ലക്ഷ്യം നേടാനായി ഈ ചെറിയ പ്രാണികള്‍ തണ്ടുതുരപ്പന്റെയോ ഇലചുരുട്ടിയുടെയോ മുട്ടക്കൂട്ടങ്ങള്‍ തപ്പിനടക്കും. പാടത്ത് എവിടെയുണ്ടെങ്കിലും അത് കണ്ടുപിടിച്ച് അതില്‍ മുട്ടയിടുകയും ചെയ്യും. കീടങ്ങളുടെ ആമുട്ടകള്‍ പിന്നീട് വിരിയുകയില്ല. അതില്‍ നിന്ന് പുഴു പുറത്തു വരികയും ഇല്ല. പകരം, അതില്‍ നിന്ന് പുറത്ത് വരുന്നത് ട്രൈക്കോഗ്രാമയുടെ കുഞ്ഞുപ്രാണികളായിരിക്കും. അവ അടുത്ത മുട്ടക്കൂട്ടങ്ങളില്‍ പിന്നീട് മുട്ടയിടുകയും ചെയ്യും.
മുട്ടക്കാര്‍ഡ് എങ്ങനെയാണ് പാടത്ത് വയ്‌ക്കേണ്ടത് ?
മറ്റൊരു ധാരണയാണ് മുട്ടക്കാര്‍ഡ് മഴകൊള്ളാതെ സംരക്ഷിച്ച് പാടത്തിന്റെ നടുക്ക് കുത്തിനിര്‍ത്തണം എന്നത്. ഇതിനുവേണ്ടി പേപ്പര്‍കപ്പ് കമിഴ്ത്തി കെട്ടി അതിനകത്താണ് മുട്ടക്കാര്‍ഡ് കെട്ടിത്തൂക്കിയിരുന്നത്. അത് വേണ്ട, എന്നു മാത്രമല്ല ദോഷവും ചെയ്യും. കാരണം, വിരിഞ്ഞിറങ്ങുന്ന ട്രൈക്കോഗ്രാമ എപ്പോഴും മുകളിലോട്ട് മാത്രമേ പോവുകയുള്ളൂ; അതായത് കമിഴ്ത്തിവച്ച കപ്പിന്റെ ഏറ്റവും മുകളിലേക്ക് കപ്പിന്റെ അടിയിലൂടെ നൂര്‍ന്ന് ഇറങ്ങി പുറത്തുവരുന്നത് അതിന്റെ പൊതുസ്വഭാവത്തിന് വിരുധമാണ്. അതിനാല്‍ പത്തിലൊന്നായി മുറിച്ച ഓരോ കാര്‍ഡ് കഷണവും തുറന്നു തന്നെ കെട്ടിത്തൂക്കണം. ചില കൃഷിക്കാര്‍ എളുപ്പത്തിന് ഇത് ചെടിയില്‍ തന്നെ സ്റ്റേപ്പിള്‍ ചെയ്യാറുണ്ട്.

എന്നാല്‍, വൈക്കോല്‍, പശു തിന്നുമ്പോള്‍ പശുവിന്റെ വായ മുറിയും എന്ന് ശങ്കയാണെങ്കില്‍ ചൂലിനു വേണ്ടി ചെയ്യുന്നതു പോലെ നാല്പത് ഈര്‍ക്കിലി ഉണ്ടാക്കി അതിനറ്റത്ത് കാര്‍ഡ് കഷ്ണം കുത്തിക്കയറ്റിയോ കെട്ടിയോ വെച്ചാലും മതി. ഈഈര്‍ക്കിലി പാടവരമ്പുകള്‍ക്കടുത്ത് നമുക്ക് എത്തുന്ന സ്ഥലത്ത് കുത്തിവെച്ചാല്‍ മതി. ട്രൈക്കോഗ്രാമ, അതിന്റെ ഇനമനുസരിച്ച് എവിടെയാണോ മുട്ടയിടേണ്ടത്, ആമുട്ടക്കൂട്ടം കണ്ടുപിടിച്ച് അതില്‍ മുട്ടയിട്ടുകൊള്ളൂം.ഇല്ല തണ്ടുതുരപ്പന്റെ മുട്ടയ്ക്കു മേലേ മുട്ടയിടുന്ന ട്രൈക്കോഗ്രാമയുടെ ഇനം അതിന്റെ പുഴുവിനെ മാത്രമേ കൊല്ലുന്നുള്ളൂ. അതുപോലെ ഇലചുരുട്ടിയുടെതിനെ ആക്രമിക്കുന്ന ഇനം ട്രൈക്കോഗ്രാമ അതിനെ മാത്രമേ നശിപ്പിക്കുന്നുള്ളൂ. അപൂര്‍വ അവസരങ്ങളില്‍ തണ്ടുതുരപ്പനെ നശിപ്പിക്കുന്ന ട്രൈക്കോഗ്രാമയുടെ ഇനം ഇലചുരുട്ടിയെയും നശിപ്പിക്കാറുണ്ട് എന്നു മാത്രം. ദിവസവും മുഴുവന്‍ നേരവും പ്രവര്‍ത്തിക്കുന്ന ഒരു പ്രകൃതിദത്ത പുഴുനിയന്ത്രണ ഉപാധിയായി മുട്ടക്കാര്‍ഡിനെ ഉപയോഗിക്കാം.

You must be logged in to post a comment Login