കീടനാശിനി വേണ്ട; കൃഷിയിടങ്ങളിലെ കീടങ്ങളെ തുരത്താന്‍ പ്രാണികള്‍

അരീക്കോട്: കീടങ്ങളെ ഭയന്ന് കൃഷി അവസാനിപ്പിക്കാന്‍ തീരുമാനിച്ച നെല്‍കര്‍ഷകര്‍ക്ക് സന്തോഷവാര്‍ത്ത. കീടനാശിനി ഉപയോഗിക്കാതെ കീടങ്ങളെ നശിപ്പിക്കാന്‍ കഴിയുന്ന ട്രൈക്കൊ ഗ്രാമ പദ്ധതി സംസ്ഥാന വ്യാപകമാക്കാന്‍ തീരുമാനം. കൃഷിയിടങ്ങളില്‍ ട്രൈക്കോ ഗ്രാമ ജപ്പോണിക്ക എന്ന പ്രാണിയുടെ മുട്ടകള്‍ വിരിയിച്ചെടുക്കുന്നതാണ് പദ്ധതി. ഇവ നെല്‍കൃഷിയെ നശിപ്പിക്കുന്ന കീടങ്ങളെ ഭക്ഷണമാക്കുകയും കീടങ്ങളില്ലാതാക്കുകയും ചെയ്യും. ഇതിനോടൊപ്പം കീടനാശിനി ഉപയോഗിക്കാത്ത നെല്ല് ലഭിക്കുകയും ചെയ്യും. പട്ടാമ്പി റീജ്യണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷന്‍ (ആര്‍.എ.ആര്‍.എസ്) ന്റെ നേതൃത്വത്തിലാണ് പദ്ധതി തയാറാക്കുന്നത്.

ആദ്യഘട്ടമെന്ന നിലയില്‍ പാലക്കാട്ടെ പട്ടാമ്പിയില്‍ പരീക്ഷിച്ച് വിജയിച്ചതോടെയാണ് പദ്ധതി വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ പദ്ധതി തുടങ്ങിക്കഴിഞ്ഞു.

കുറഞ്ഞ ചെലവില്‍ കീടങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്നതാണ് ട്രൈക്കൊ ഗ്രാമ ജപ്പോണിക്ക പദ്ധതിയുടെ മേന്‍മ. പ്രാണിയുടെ മുട്ടകള്‍ വിരിയാന്‍ സമയമാകുമ്പോള്‍ നെല്‍പ്പാടങ്ങളില്‍ സ്ഥാപിച്ച ഡിസ്‌പോസിബിള്‍ ഗ്ലാസിനകത്ത് വയ്ക്കും. എട്ട് ദിവസംകൊണ്ട് വിരിയുന്ന മുട്ടകള്‍ ഏഴാം ദിവസമാണ് വയലില്‍ സ്ഥാപിക്കുക. ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ മുട്ട വിരിയുന്നതോടെ ആയിരക്കണക്കിന് പ്രാണികള്‍ ഗ്ലാസിനുള്ളില്‍ നിന്ന് കൃഷിയിടത്ത് വീഴും. കടുക് മണിയുടെ നാലിലൊന്ന് വലിപ്പം മാത്രമേ ഈ പ്രാണികള്‍ക്ക് ഉണ്ടാവൂ. ഇവ നിമിഷനേരംകൊണ്ട് തണ്ടുതുരപ്പനെയും ഇലചുരുട്ടിയെയും ഭക്ഷണമാക്കിത്തുടങ്ങുകയും നശിപ്പിക്കുകയും ചെയ്യുമെന്ന് പട്ടാമ്പി ആര്‍.എ.ആര്‍.എസിലെ ശാസ്ത്രജ്ഞന്‍ ഡോ. കാര്‍ത്തികേയന്‍ പറഞ്ഞു.

You must be logged in to post a comment Login