കീഴാളന്റെ സാംസ്‌കാരിക പ്രതിസന്ധികള്‍

moonam naal njayarazhcha

മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിതനാക്കപ്പെടുന്ന കീഴാളന്റെ സാംസ്‌കാരിക പ്രതിസന്ധികളുടെ ഉള്ളറകളിലേയ്ക്കുള്ള അന്വേഷണങ്ങള്‍ നടത്തുന്ന ചിത്രമാണ് ടി എ റസാഖ് സംവിധാനം ചെയ്ത മൂന്നാംനാള്‍ ഞായറാഴ്ച. മയക്കുമരുന്നു കടത്തു കേസില്‍ പത്തുവര്‍ഷത്തോളം ശിക്ഷിക്കപ്പെട്ട് ദുബായ് ജയിലില്‍ കഴിയേണ്ടിവന്ന കറുമ്പന്‍, ജന്മനാടായ കോട്ടയത്തു തിരിച്ചെത്തി ചിതറിപ്പോയ തന്റെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നു. ക്രിസ്ത്യാനികളായി മാറിയ കുടുംബാംഗങ്ങളോടൊത്ത് ചേരുവാന്‍ കഴിയാത്ത കറുമ്പന്റെ മാനസികാവസ്ഥകള്‍ വര്‍ത്തമാനകാല ദളിത് സമൂഹത്തിന്റെ മതാധിഷ്ഠിത രാഷ്ട്രീയ മൂല്യങ്ങളുമായി എത്രത്തോളം യോജിക്കുന്നു വിയോജിക്കുന്നു എന്നുള്ള അന്വേഷണത്തിലാണ് മൂന്നാംനാള്‍ ഞായറാഴ്ച കൂടുതല്‍ പ്രസക്തമാകുന്നത്. സലിം കുമാര്‍(കറുമ്പന്‍), സേതു ലക്ഷ്മി(കുട്ടിയമ്മ), സുധീര്‍ കരമന(കുട്ടന്‍), ബാബു ആന്റണി(സുഹൃത്ത്), ജനാര്‍ദ്ദനന്‍(പള്ളിവികാരി) തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ദളിതന്‍ എക്കാലവും ഹിന്ദു ആയിരിക്കേണ്ടതുണ്ടോ?
നൂറ്റാണ്ടുകളായി ഹൈന്ദവ വിശ്വാസങ്ങളില്‍ അടിയുറച്ച് നിലനിന്നുപോന്നിരുന്ന ഇന്നും നിലനില്‍ക്കുന്ന ദളിതന് അതിലൂടെ അര്‍ഹമായ സാമൂഹ്യാംഗീകാരങ്ങള്‍ നല്‍കുവാന്‍ ഹൈന്ദവ സമൂഹത്തിലെ വരേണ്യവര്‍ഗ്ഗങ്ങള്‍ തയ്യാറായിട്ടില്ലയെന്നത് ചരിത്രവും വര്‍ത്തമാനകാലവും ഒരുപോലെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഫ്യൂഡല്‍ ഹൈന്ദവവരേണ്യതയുടെ ഊരാക്കുടുക്കുകളില്‍ നിന്നും വിടുതല്‍ പ്രാപിക്കുന്നതിനായി ദളിതരിലൊരു വിഭാഗം ക്രിസ്തുമതത്തിലേയ്ക്കും ബുദ്ധമതത്തിലേയ്ക്കും പലായനം ചെയ്ത് ഒരു തലത്തില്‍ അവരുടെ സാമൂഹ്യാവസ്ഥ മെച്ചപ്പെടുത്തിയെങ്കില്‍, നവ ഫൂഡല്‍ ഹൈന്ദവ വരേണ്യവാദികള്‍ ഘര്‍വാപ്പസി പോലുള്ള പ്രക്രിയയിലൂടെ ദളിതനെ പഴയ ചട്ടക്കൂട്ടിലേയ്ക്ക് ചുരുട്ടിയൊതുക്കുന്നു. ഹിന്ദുമതത്തിന്റെ വിപുലീകരണത്തിനും വ്യാപനത്തിനും ദളിതന്റെ അംഗബലവും സാമ്പത്തികവും (തീണ്ടല്‍വാദങ്ങളുടെ ലക്ഷ്മണരേഖകള്‍ക്കു പുറത്തായി) അനിവാര്യമാണെന്ന് ഇത്തരത്തിലുള്ള പ്രതിലോമകരമായ രാഷ്ട്രീയ നിലപാടുകള്‍ തെളിയിക്കുന്നു.

Moonam Naal Njayarazhcha-20

ദളിതരെ ഹിന്ദുമതത്തില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന വരേണ്യവര്‍ഗ്ഗങ്ങള്‍ അടിമത്വത്തിന്റെ ദയനീയ ചരിത്രങ്ങളെ തമസ്‌ക്കരിക്കുന്നുവെങ്കില്‍തന്നെയും സാമൂഹ്യ പദവിയില്‍ തുല്യതയുടെ തലത്തില്‍ ദളിതനെ അംഗീകരിയ്ക്കുവാന്‍ കുടുംബവൈവാഹിക ബന്ധങ്ങള്‍ പുലര്‍ത്തുവാന്‍ നായരാദിബ്രാഹ്മണ വിഭാഗങ്ങള്‍ക്കു ഇപ്പോഴും കഴിയാറില്ല. സര്‍ക്കാരിന്റെ പദ്ധതിവിഹിതങ്ങളും വിദ്യാഭ്യാസാനുകൂല്യങ്ങളും ലഭിക്കുന്നതിന് ദളിതര്‍ക്ക് ഹൈന്ദവരേഖകള്‍ കൂടുതല്‍ ഫലപ്രദമാകുമ്പോള്‍ താരതമ്യേന ദളിത് ക്രൈസ്തവര്‍ക്ക് ആനുകൂല്യങ്ങള്‍ കുറവാണ് ലഭിക്കുക. നൂറ്റാണ്ടുകളായി അടിമത്വത്തില്‍ കഴിഞ്ഞ ഹൈന്ദവതയില്‍ നിന്നും ക്രൈസ്തവതയിലേയ്ക്ക് ദളിതരുടെ പരിവര്‍ത്തനങ്ങള്‍ ഒരു തലത്തില്‍ അനാചാരങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നുമുള്ള രക്ഷപ്പെടലാണ്. എങ്കില്‍ തന്നെയും ക്രൈസ്തവതയിലേയ്ക്ക് മാറിയ ദളിതര്‍ പരിവര്‍ത്തിത ക്രൈസ്തവര്‍, ദളിത് ക്രിസ്ത്യാനികള്‍ എന്നിങ്ങനെ നില്ക്കുന്നതല്ലാതെ യാഥാര്‍ത്ഥ ക്രിസ്ത്യാനികളായി മാറിയില്ല എന്ന വസ്തുതയെ ചരിത്ര- വര്‍ത്തമാനകാലങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ക്രിസ്തീയ വിശ്വാസങ്ങളുടെ ഭാഗമായി മാറിയ ദളിതര്‍ സാമ്പത്തികമായി ഉയരുന്നതിന്റെ സൂചനകള്‍ കറുമ്പന്റെ അമ്മയുടേയും സഹോദരങ്ങളുടേയും ജീവിതാവസ്ഥകളിലൂടെ ചിത്രം നല്‍കുന്നുണ്ട്.

മതാധികാരത്തിന്റെ കടന്നുകയറ്റങ്ങള്‍:
മതം വ്യക്തിബന്ധങ്ങളെ പുനര്‍നിര്‍വ്വചിക്കുന്നതില്‍, വിഘടിപ്പിക്കുന്നതില്‍ പുലര്‍ത്തുന്ന നിഗൂഢതന്ത്രങ്ങളെ ലളിതയുക്തിയില്‍ തന്ത്രപരമായി മൂന്നാംനാള്‍ ഞായറാഴ്ചയില്‍ വിശകലനം ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ രേഖകളില്‍ ഔദ്യോഗികമായി മരിച്ച കറുമ്പന് കത്രീനയെന്ന ഭാര്യയെയും മക്കളെയും തിരികെ ലഭ്യമാകുന്നതിനുള്ള ഏക പോംവഴി മാമ്മോദീസ മുങ്ങി ക്രിസ്ത്യാനിയായി രൂപാന്തരം പ്രാപിക്കുകയെന്നുള്ളതാണ്. മാമ്മോദീസാ വെള്ളം വീഴുമ്പോള്‍ ചെങ്ങന്‍കുന്നുകാവിലെ കൊടുംകാളിയമ്മയെ തലയിലേറ്റിയ കറുമ്പന് ഉപേക്ഷിക്കുവാനാകാത്തതിനാല്‍ പള്ളിയില്‍ നിന്നും ഇറങ്ങിയോടുന്നു. കുടുംബത്തിന്റെ വീണ്ടെടുപ്പ് കറുമ്പന് അസാധ്യമാകുമ്പോള്‍ സഭാപ്രമാണിമാരുടെ നിര്‍ബന്ധബുദ്ധികളാല്‍ മാനസികമായി പീഡിപ്പിക്കപ്പെടുന്ന കത്രീനയും മകളും ആത്മഹത്യ ചെയ്യുന്നു. മനോനിലതെറ്റി ഭ്രാന്താശുപത്രിയില്‍ അടയ്ക്കപ്പെടുന്ന കറുമ്പന്‍ മതപൗരോഹിത്യങ്ങള്‍ക്കു നേരെ ഒട്ടനവധി ചോദ്യങ്ങളാണുയര്‍ത്തുന്നത്.

മൂന്നാംനാള്‍ ഞായറാഴ്ചയിലെ കറുമ്പന്‍ പഴയകാല ദളിതന്റെ പ്രതിരൂപമായി നില്‍ക്കുമ്പോള്‍ കറുമ്പന്റെ അമ്മയും സഹോദരങ്ങളും പുതിയകാല ദളിത് സമൂഹത്തിന്റെ ഭാഗമായി നില്‍ക്കുകയും അതിജീവനത്തിനായി മതപരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നു. ചിത്രത്തില്‍ ക്രിസ്തുമത പ്രയോക്താക്കള്‍ ഒരുഭാഗത്ത് സാമ്പത്തികാനുകൂല്യങ്ങള്‍ നല്‍കി അവരെ കൂടെ നിര്‍ത്തുമ്പോള്‍ തന്നെ ഭീഷണികളിലൂടെയും പ്രലോഭനങ്ങളിലൂടെയും ജീവിതത്തെ പ്രതിസന്ധിയില്‍ ആക്കുന്നതും ചിത്രീകരിക്കുന്നുണ്ട്.

You must be logged in to post a comment Login