കുംബ്ലെയെ കോച്ച് സ്ഥാനത്ത് നിന്ന് ബിസിസിഐ മാറ്റുന്നതോ? കൊഹ്‌ലി വ്യക്തമാക്കുന്നു

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി അനില്‍ കുംബ്ലെ തുടരുമെന്ന് സൂചന നല്‍കി നായകന്‍ വിരാട് കൊഹ്‌ലി. പുതിയ കോച്ചിനെ തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചത് സാങ്കേതിക നടപടികളുടെ ഭാഗമായി മാത്രമാണെന്നും കൊഹ്‌ലി പറയുന്നു. ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് മുന്നോടിയായി ഇംഗ്ലണ്ടില്‍ വെച്ചുനടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാ വര്‍ഷവും കോച്ചിനെ തേടിയുളള അപേക്ഷകള്‍ ക്ഷണിക്കാറുണ്ട്. കഴിഞ്ഞ തവണ മാത്രമാണ് പോസ്റ്റിംഗ് മാറ്റമുണ്ടായതെന്നും കൊഹ്‌ലി പറയുന്നു. കഴിഞ്ഞ വര്‍ങ്ങളില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും സംഭവിക്കുന്നതായി ഞാനൊന്നും കാണുന്നില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടര്‍ന്നു വന്ന കീഴ്‌വഴക്കം തുടരാന്‍ ബോര്‍ഡ് ആഗ്രഹിച്ചിട്ടുണ്ടാകും. ഇതിനെ കുറിച്ച് കൂടുതല്‍ അറിവൊന്നും എനിക്കില്ല. കാരണം ആ കമ്മിറ്റിയാണ് തീരുമാനം എടുക്കുന്നതെന്നും കൊഹ്‌ലി വ്യക്തമാക്കി.ടീമിനായി എല്ലാവരും കഠിനമായി പ്രയത്‌നിച്ചിട്ടുണ്ടെന്നും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് നമ്മുക്ക് മികച്ച വിജയം ഉണ്ടാകാനായതെന്നും താരം പറഞ്ഞു.

പുതിയ ഇന്ത്യന്‍ കോച്ചിനെ തേടി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ദിവസമാണ് അപേക്ഷ ക്ഷണിച്ചത്. ചാമ്പ്യന്‍ ട്രോഫിയോടെ നിലവിലെ ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലെയുടെ കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നാണ് ബിസിസിഐയുടെ നടപടി.കഴിഞ്ഞ വര്‍ഷം ജൂണിലാണ് കുംബ്ലെ ഇന്ത്യയുടെ കോച്ചായി ചുമതലയേറ്റത്. ഒരു വര്‍ഷത്തേക്കായിരുന്നു കരാര്‍. ആറ് കോടി രൂപയായിരുന്നു കുംബ്ലെയുടെ പ്രതിഫലം. കുബ്ലെയ്ക്ക് കീഴില്‍ ഇന്ത്യ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആറോളം പരമ്പകകളാണ് കുംബ്ലെയ്ക്ക് കീഴില്‍ ടീം ഇന്ത്യ ജയിച്ചത്.

അനുയോജ്യനെന്ന് തോന്നിയാല്‍ ബിസിസിഐയ്ക്ക് കുംബ്ലെയുടെ സേവനം തുടര്‍ന്നും ആവശ്യപ്പെടാവുന്നതേയുളളു. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചാണ് ബിസിസഐ പുതിയ കോച്ചിനെ തേടി നീക്കം നടത്തുന്നത്. കുംബ്ലെയ്ക്കും ഇനി ടീം ഇന്ത്യയുടെ കോച്ചാകണമെങ്കില്‍ പഴയ നടപടി ക്രമങ്ങള്‍ ആവര്‍ത്തിക്കണമെന്ന് പ്രത്യേകം ബിസിസിഐ പുറത്തെറിക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നുണ്ട്.

ബിസിസിഐ-ഐസിസി തര്‍ക്കത്തില്‍ കുംബ്ലെ നടത്തിയ ചില പരാമര്‍ശങ്ങളാണ് താരത്തിനെതിരെ നീങ്ങാന്‍ ബിസിസഐയെ പ്രേരിപ്പിക്കുന്നത് എന്നാണ് സൂചന. ചാമ്പ്യന്‍സ് ട്രോഫിക്കുളള ടീം ഇന്ത്യന്‍ പ്രഖ്യാപനം വൈകുന്നതിനെതിരെ കുംബ്ല രംഗത്ത് വന്നിരുന്നു.മാത്രമല്ല താരങ്ങളുടെയും കോച്ചിന്റെയും പ്രതിഫലം വര്‍ധിപ്പിക്കണമെന്നും കുംബ്ലെ ആവശ്യപ്പെട്ടിരുന്നു.

You must be logged in to post a comment Login