കുഞ്ഞനന്തനെ കള്ളക്കേസില്‍ കുടുക്കി; കൊടി സുനി പാര്‍ട്ടി അംഗമല്ല: കോടിയേരി ബാലകൃഷ്ണന്‍

 

കൊല്ലം: ടി.പി വധക്കേസില്‍ ജയിലില്‍ കഴിയുന്ന കുഞ്ഞനന്തനെ തെറ്റായി പ്രതിചേര്‍ത്താണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫ് സര്‍ക്കാരാണ് കുഞ്ഞനന്തനെ പ്രതിയാക്കിയത്. ഉന്നത നേതാക്കളെ കള്ളക്കേസില്‍ പ്രതിയാക്കുന്നത് ഏത് പാര്‍ട്ടിയില്‍ ആയാലും ശരിയല്ലെന്നും കോടിയേരി പറഞ്ഞു. കൊടി സുനി പാര്‍ട്ടി അംഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് ഇരട്ട കൊലപാതകത്തിലെ പ്രതികള്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെങ്കിലും ശിക്ഷിക്കപ്പെടണം. പ്രതികള്‍ ആരായാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. കൊലപാതകങ്ങളെ ഇടതുപക്ഷം അംഗീകരിക്കുന്നില്ല. പാര്‍ട്ടിയുടെ അറിവോടെ ഒരു സംഭവം നടന്നിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

നേരത്തെ ജയിലില്‍ കുഞ്ഞനന്തന് പ്രത്യേക പരിഗണനകളോ ഇളവുകളോ നല്‍കുന്നില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായി പ്രതിക്ക് പരോള്‍ അനുവദിച്ചതിനെ തുടര്‍ന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കുഞ്ഞനന്തന്‍ നല്ല നടപ്പുകാരനാണെന്ന നിലപാടുമായി സര്‍ക്കാര്‍ കോടതിയിലെത്തിയത്.

You must be logged in to post a comment Login