കുഞ്ഞുവാവയ്ക്ക് പനിച്ചാല്‍

വേനലായപ്പോള്‍ ഒന്നു മഴ പെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചവരാണ് നാം എല്ലാവരും.എന്നാല്‍ മഴ കനത്താലോ നശിച്ച മഴയെന്നു പഴിക്കുകയും ചെയ്യും.മഴയെത്തിയാല്‍ പിന്നെ മഴക്കാലരോഗങ്ങളെ കുറിച്ചുള്ള ആധിയാണ്.പ്രത്യേകിച്ച് അമ്മമാര്‍ക്ക്.ചെറിയ കുഞ്ഞുങ്ങളുളള വീട്ടിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.നിര്‍ത്താതെ മഴപെയ്യുമ്പോള്‍ ഒന്നു തുമ്മുകയോ മൂക്കൊലിക്കുകയോ ചെയ്താല്‍ പിന്നെ ഇടക്കിടെ പനിക്കുന്നുണ്ടോയെന്ന് തൊട്ടുനോക്കും. കുഞ്ഞുങ്ങള്‍ക്ക് പനി വരുമ്പോള്‍ എങ്ങനെ ആധി കയറാതിരിക്കും. ഇപ്പോഴത്തെ പനിയെ വെറും ജലദോഷപ്പനിയായി കണക്കാക്കാനാവില്ല. വൈറല്‍ ഫീവര്‍ മുതല്‍ ഡെങ്കിപനിവരെ ചുറ്റുവട്ടത്തുണ്ട്. കൂടാതെ പനി വന്നാല്‍ കുട്ടികള്‍ ആകെ അസ്വസ്ഥരും ക്ഷീണിതരുമാകും. ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കും. നന്നായി ഉറങ്ങുകയില്ല, മുഴുവന്‍ സമയവും കരഞ്ഞുകൊണ്ടിരിക്കും. കഫം നിറഞ്ഞ് കുറുങ്ങലും ചുമയും ശ്വാസതടസ്സവും ഉണ്ടാകും. പനി കൂടുമ്പോള്‍ അപസ്മാരലക്ഷണങ്ങള്‍ കാണിക്കുന്നതും സാധാരണമാണ്.

എന്നാല്‍ കുഞ്ഞിനൊരു പനി വരുമ്പോള്‍ ഇത്രയധികം പരിഭ്രാന്തരാവേണ്ടതില്ല. പനി ഒരു രോഗമല്ലെങ്കിലും അതൊരു മറ്റൊരു രോഗാവസ്ഥയുടെ തുടക്കമാത്രമാണ്. ചെറിയ ഇന്‍ഫെക്ഷനുകളെ പ്രതിരോധിക്കാന്‍ ശരീരം തനിയെ സജ്ജമാകുന്നതാണ് പനിക്ക് കാരണം. എന്നാല്‍ കുഞ്ഞ് വല്ലാത്ത അസ്വസ്ഥതകള്‍ കാണിക്കുകയാണെങ്കില്‍ ഡോക്ടതെ കാണാന്‍ മടിക്കരുത്.

Untitled-1 copyപനി കൂടതലാണെങ്കില്‍ ഇളം ചൂടുവെള്ളത്തില്‍ തുണിമുക്കി തുടയ്ക്കണം. എന്നാല്‍ പനിച്ചുവിറക്കുന്ന നേരങ്ങളില്‍ മുക്കി തുടക്കേണ്ടതില്ല. നെറ്റിയില്‍ തുണി നനച്ചിടുന്നതും നല്ലതാണ്. കോട്ടന്‍ വസ്ത്രങ്ങളാണ് പനിയുള്ളപ്പോള്‍ ധരിപ്പിക്കേണ്ടത്. വേണമെങ്കില്‍ കമ്പിളി കൊണ്ടു പുതപ്പിക്കുകയുമാകാം. കുഞ്ഞിന് മറ്റസുഖങ്ങള്‍ ഉളപ്പോള്‍ പനി വന്നാല്‍ ഉടനെ ഡോക്ടറെ കാണണം. തിളപ്പിച്ചാറിയ ചൂടുവെള്ളം ഇടക്കിടെ കുട്ടിയെ കുടിപ്പിക്കണം. കട്ടിയാഹാരങ്ങള്‍ പരമാവധി നല്‍കരുത്. ചിലപ്പോള്‍ പനിക്കൊപ്പം ചര്‍ദ്ദികൂടി വന്നാല്‍ കുഞ്ഞ് കൂടുതല്‍ അവശതയായിപോകാനിടയുണ്ട്. മുമ്പ് പനി വന്നപ്പോള്‍ ഡോക്ടര്‍ കുറിച്ചുതന്ന പനിമരുന്ന് കുഞ്ഞിന് കൊടുക്കാം.

എന്നാല്‍ ആന്റിബയോട്ടിക്കുകളോ മറ്റ് മരുന്നുകളോ സ്വയം ചികിത്സയുടെ ഭാഗമായി നല്‍കരുത്. പനിവരുമ്പോള്‍ ചില കുട്ടികളുടെ ശരീരത്തില്‍ ചുവന്ന് തടിച്ച തിണര്‍പ്പുകള്‍ ഉണ്ടാകും. അവയില്‍ എണ്ണയോ ക്രീമുകളോ പുരട്ടരുത്. പനികൂടുമ്പോര്‍ ചില കുഞ്ഞുങ്ങള്‍ അപസ്മാര ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. അപ്പോള്‍ ഭയചകിതരാകാതെ കുഞ്ഞുങ്ങളെ ശ്രദ്ധാപൂര്‍വ്വം പരിചരിക്കുകയാണ് വേണ്ടത്. കുട്ടിയെ മടിയില്‍ കമിഴ്ത്തി കിടത്തണം വായില്‍നിന്ന് നുരയും മറ്റും ഒഴുകിപോകാനായി തലയല്‍പം താഴ്ത്തിപിടിക്കുന്നത് നല്ലതാണ്. ഈ സമയം കുട്ടിയെ നിര്‍ബന്ധിച്ചൊന്നും കുടിപ്പിക്കരുത്. കുറച്ചുനേരം മാത്രമെ കുട്ടി ഈ ലക്ഷണങ്ങള്‍ കാണിക്കുകയുള്ളൂ . ഇളം ചൂടുവെള്ളത്തില്‍ തുണിമുക്കി കുട്ടിയെ തുടച്ചശേഷം ഉടനെ അടുത്തുള്ള ഡോക്ടറെ കാണിക്കണം.

വീട്ടിലൊരു തെര്‍മോമീറ്റര്‍

ചെറിയകുട്ടികളുള്ള വീട്ടില്‍ ഒരു തെര്‍മോമീറ്റര്‍ കരുതുന്നത് നല്ലതാണ്. പനിയുള്ള കുട്ടികളെ ഓരോ അരമണിക്കൂറിലും ടെമ്പറേച്ചര്‍ നോക്കുന്നത് നന്നായിരിക്കും.

You must be logged in to post a comment Login