കുട്ടനാട്ടില്‍ വ്യാഴാഴ്ചയോടെ തന്നെ ജനങ്ങളെ വീടുകളിലേക്ക് മാറ്റാന്‍ കഴിയുമെന്ന് തോമസ് ഐസക്; പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രളയ ഗ്രാമസഭ; കേന്ദ്രസര്‍ക്കാരിന്റെ പ്രത്യയശാസ്ത്ര പിടിവാശി തിരുത്തണമെന്നും മന്ത്രി

ആലപ്പുഴ: പ്രളയക്കെടുതിയില്‍ താറുമാറായ എസി റോഡിലെ ഗതാഗതം ഇന്ന് രാത്രിയോടെ പുനഃസ്ഥാപിക്കാനാകുമെന്ന് മന്ത്രി തോമസ് ഐസക്. കുട്ടനാട്ടില്‍ വ്യാഴാഴ്ചയോടെ തന്നെ ജനങ്ങളെ വീടുകളിലേക്ക് മാറ്റാന്‍ കഴിയും. വീടുകളിലേക്ക് മടങ്ങാനാകാത്തവര്‍ക്ക് പ്രത്യേക ക്യാംപ് സജ്ജമാക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

ജലശുദ്ധീകരണത്തിനും കുടിവെള്ളം ഉറപ്പാക്കുന്നതിനും മുന്‍ഗണന നല്‍കും. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആശാ വര്‍ക്കേഴ്‌സിനെ ഉള്‍പ്പെടുത്തി പ്രത്യേക പദ്ധതി രൂപീകരിക്കും. കന്നുകാലികളുടെ ജഡം മറവ് ചെയ്യാന്‍ നടപടി സ്വീകരിച്ചു തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.

പ്രളയബാധിത പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രളയ ഗ്രാമസഭ നടത്തുമെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ഗ്രാമസഭയില്‍ ദുരിതമേഖലയിലെ ഓരോ വീട്ടിലെയും ഒരാളെയെങ്കിലും പങ്കെടുപ്പിച്ച് വിശദമായ ചര്‍ച്ച നടത്തും.

വരുമാനം വര്‍ധിപ്പിച്ച് ചെലവിനാവശ്യമായ തുക കണ്ടെത്തുമെന്നും മന്ത്രി അറിയിച്ചു. നിലവിലെ സ്ഥിതി മനസിലാക്കി കേന്ദ്രം കേരളത്തിന്റെ വായ്പാ പരിധി ഉയര്‍ത്തണം. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യയശാസ്ത്ര പിടിവാശി തിരുത്തണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

You must be logged in to post a comment Login