കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; ബിഡിജെഎസ് മത്സരിക്കും

കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥി മത്സരിക്കുമെന്ന് ബിഡിജെഎസ് നേതൃത്വം. എൻഡിഎയിൽ ഇപ്പോൾ അരൂർ ഉപതെരഞ്ഞെടുപ്പ് കാലത്തെ സാഹചര്യമല്ല. വി മുരളീധരൻ – വെള്ളാപ്പള്ളി കൂടിക്കാഴ്ചയോടെ ബിജെപി- ബിഡിജെഎസ് അകൽച്ച ഇല്ലാതായെന്നും നേതൃത്വം വ്യക്തമാക്കി.

ശക്തനായ സ്ഥാനാർത്ഥി ബിഡിജെഎസിനായി കളത്തിലിറങ്ങുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി വി ഗോപകുമാർ പറഞ്ഞു. മന്ത്രിയുടെ സന്ദർശനം ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കരുതുന്നു. സെൻകുമാർ വിഷയത്തിലടക്കം വ്യക്തത കൈവന്നത് എൻഡിഎയെ ശക്തിപ്പെടുത്തുമെന്നും ബിഡിജെഎസ് നേതൃത്വം.

തുഷാറിന്റെ സ്ഥാനം, ചില ബോർഡ് കോർപറേഷൻ പദവികൾ തുടങ്ങിയവയിൽ വൈകാതെ നീക്കുപോക്കുകൾ ഉണ്ടാകും. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ ഉറപ്പ് ബിഡിജെഎസിനെ വി മുരളീധരൻ അറിയിച്ചതായും സൂചനയുണ്ട്.

അതേസമയം, കുട്ടനാട് സീറ്റിനെ ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ അവകാശ വാദങ്ങൾ തുടരുന്നതിനിടെ നിർണായക യുഡിഎഫ് യോഗം തിരുവനന്തപുരത്ത് ചേരും. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാർത്ഥിയായി പിജെ ജോസഫ് പക്ഷം പ്രഖ്യാപിച്ചു, അതോടൊപ്പം തോമസ് ചാഴിക്കാടന്റെ അധ്യക്ഷതയിൽ സമിതിയെ നിയമിച്ച് സ്ഥാനാർത്ഥി നിർണയ ചർച്ചകളുമായി ജോസ് കെ മാണി പക്ഷവും രംഗത്തുണ്ട്.

കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ സീറ്റ് എൻസിപിക്ക് തന്നെയെന്ന് ഇടത് മുന്നണി തീരുമാനിച്ചിരുന്നു. എൽഡിഎഫ് യോഗത്തിന് ശേഷം സിപിഐഎം- സിപിഐ നേതാക്കൾ എൻസിപി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് സീറ്റ് എൻസിപിക്ക് തന്നെ നൽകാനുള്ള തീരുമാനമെടുത്തത്. എൻസിപിയിൽ നിന്ന് സിപിഐഎം സീറ്റ് ഏറ്റെടുത്തേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

You must be logged in to post a comment Login