കുട്ടനാട് സീറ്റിൽ സ്ഥാനാർത്ഥിയെ നിർദേശിച്ച് പി ജെ ജോസഫ്

കുട്ടനാട് സീറ്റിൽ സ്ഥാനാർത്ഥിയെ നിർദേശിച്ച് പി ജെ ജോസഫ്. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിന് ജയസാധ്യതയുണ്ടെന്ന് പി ജെ ജോസഫ് അഭിപ്രായപ്പെട്ടു. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ലെന്നും ജോസ് വിഭാഗത്തിന്റെ അവകാശവാദങ്ങൾ കാര്യമാക്കുന്നില്ലെന്നും പി ജെ ജോസഫ് കോട്ടയത്ത് പറഞ്ഞു.

തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന കുട്ടനാട് സീറ്റിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിച്ചിട്ടില്ല എന്നായിരുന്നു യുഡിഎഫ് നേതാക്കൾ വ്യക്തമാക്കിയത്. എന്നാൽ സീറ്റിൽ പിടിമുറുക്കി കേരള കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്തെത്തി. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിന്റെ പേരിന് മുൻതൂക്കം നൽകുന്നുവെന്നും ജയസാധ്യതയുണ്ടെന്നും പി ജെ ജോസഫ് വ്യക്തമാക്കി.

ഇക്കാര്യത്തിൽ തർക്കം ഉണ്ടാകില്ലെന്നും സീറ്റ് കോൺഗ്രസ് ഏറ്റെടുക്കില്ലെന്നും ജോസഫ് പറഞ്ഞു. യുഡിഎഫിന് ഒരു സ്ഥാനാർത്ഥിയെ ഉണ്ടാകൂ. ജോസ് പക്ഷം സ്ഥാനാർഥിയെ നിർത്തിയാൽ കഴിഞ്ഞ തവണ നെൽ കർഷക യൂണിയൻ നേതാവ് മത്സരിച്ച ഗതിയാകും വരികയെന്നും ജോസഫ് വ്യക്തമാക്കി. കുട്ടനാട്ടിൽ നേതാക്കൾ പ്രസംഗിക്കാൻ എത്തിയാൽ പാലാ മോഡൽ കൂക്കിവിളി ഉണ്ടാകില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ യുഡിഎഫ് ധാരണ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പി ജെ ജോസഫ് പറഞ്ഞു.

ചരൽകുന്നിൽ നടന്ന നേതൃ ക്യാമ്പിൽ ജോസ് വിഭാഗം കുട്ടനാട് സ്ഥാനാർത്ഥി നിർണയത്തിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു. പിന്നാലെയാണ് പി ജെ ജോസഫിന്റെ പുതിയ നീക്കം.

You must be logged in to post a comment Login