കുതിച്ചുയർന്ന് ഇന്ധന വില; ബാരലിന് 70 ഡോളർ

കുതിച്ചുയർന്ന് ഇന്ധന വില; ബാരലിന് 70 ഡോളർ
റിയാദ്: സൗദി അറേബ്യയിലെ ആരാംകോ എണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിനു പിന്നാലെ  ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയർന്ന്.  അസംസ്‌കൃത എണ്ണവില 20 ശതമാനം വര്‍ധിച്ച് ബാരലിന് 70 ഡോളറായാണ് ഉയർന്നത്.  80 ഡോളര്‍ വരെ വില വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ. സൗദിയിലെ ആരാംകോയിലെ എണ്ണ ഉല്‍പാദന കേന്ദ്രത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണു ഇന്ധനവില ഉയരുന്നത്. 28വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണിത്.

ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് ആരാംകോ എണ്ണ ഉൽപാദനം പകുതിയായി വെട്ടിക്കുറച്ചിട്ടുണ്ട്.  ആരാംകോയുടെ  ബുഖ്‌യാഖ്, ഖുറൈസ് ഉൽപാദന കേന്ദ്രങ്ങളില്‍ ഉല്‍പാദനം പൂർണമായും നിര്‍ത്തിവച്ചെന്നു സൗദി ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അറിയിച്ചു. ഇതോടെ പ്രതിദിന ആഗോള എണ്ണ ഉല്‍പാദനത്തിൽ ആറു ശതമാനത്തിന്റെ കുറവുണ്ടാകും.

അതേസമയം ഡ്രോൺ ആക്രമണത്തിലുണ്ടായ തകരാർ പരിഹരിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. എണ്ണ ഉൽപാദന കേന്ദ്രത്തിന്റെ പ്രവർത്തനം പൂർവസ്ഥിതിയിൽ ആകുന്നത് വൈകിയാൽ കരുതൽ എണ്ണ ശേഖരം ഉപയോഗിക്കുമെന്നു അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

You must be logged in to post a comment Login