കുതിരക്കാലിനു പിന്നാലെ കുതിരക്കച്ചവടം; ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ഇപ്പോള്‍ കോണ്‍ഗ്രസിലെ ഒരു മന്ത്രി ഉള്‍പ്പടെ ഒമ്പത് പേരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുമതി തേടിയിരിക്കുന്നത്.

utharakhand

ഡെറാഡൂണ്‍: ബിജെപി എംഎല്‍എ പൊലീസ് കുതിരയുടെ കാല്‍ അടിച്ചൊടിച്ച ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍. ഒരു മന്ത്രിയടക്കം ഒമ്പത് കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവെച്ച് ബിജെപിക്കൊപ്പം കൈകോര്‍ത്തതോടെയാണ് സര്‍ക്കാര്‍ ആടിയുലയുന്നത്. 70 എംഎല്‍എമാരാണ് ഉത്തരാഖണ്ഡ് സഭയില്‍ ആകെയുള്ളത്.

70 അംഗ സഭയില്‍ ഭൂരിപക്ഷത്തിന് വേണ്ട അംഗബലം കോണ്‍ഗ്രസിനുണ്ടെങ്കിലും പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ആറ് അംഗങ്ങളുടെ കൂടി പിന്തണയോടെയാണ് ഹരീഷ് റാവത്ത് സര്‍ക്കാര്‍ അധികാരത്തിലുള്ളത്. ഇപ്പോള്‍ കോണ്‍ഗ്രസിലെ ഒരു മന്ത്രി ഉള്‍പ്പടെ ഒമ്പത് പേരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുമതി തേടിയിരിക്കുന്നത്. മുന്‍മുഖ്യമന്ത്രി കൂടിയായ വിജയ് ബഹുഗുണയുടെ നേതൃത്വത്തിലാണ് വിമത എംഎല്‍എമാര്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചിരിക്കുന്നത്. ബിജെപിയുമായി ചേര്‍ന്ന് ബദല്‍ സര്‍ക്കാരുണ്ടാക്കുന്നതിനുള്ള നീക്കങ്ങളാണ് ഉത്തരാഖണ്ഡില്‍ നടക്കുന്നത്.

ഒമ്പത് പേര്‍ വിമത ശബ്ദമുയര്‍ത്തിയെങ്കിലും സഭയില്‍ തനിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. ഒമ്പത് അംഗങ്ങളുടെ കുറവോടെ കോണ്‍ഗ്രിസിന്റെ അംഗബലം 27 അംഗങ്ങളായി കുറയും. ഇതിനൊപ്പം പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ ആറ് അംഗങ്ങളുടെ പിന്തുണകൂടിയാകുമ്പോള്‍ ഭൂരിപക്ഷം ലഭിക്കും. ഇതാണ് സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന റാവത്തിന്റെ വാദത്തിന് അടിസ്ഥാനം.

ഉത്തരാഖണ്ഡിലെ കക്ഷിനില
ആകെ അംഗങ്ങള്‍-70 (നാമനിര്‍ദേശം ഉള്‍പ്പടെ 71)
കോണ്‍ഗ്രസ്-36
ബിജെപി-28
പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫ്രണ്ട്-6

കോണ്‍ഗ്രസിന്റെ അംഗങ്ങള്‍ പ്രത്യേക ബ്ലോക്കായി മാറണമെന്ന ആവശ്യത്തോട് സ്പീക്കറുടെ നിലപാട് എന്തായിരിക്കുമെന്നതാണ് നിര്‍ണായകം. കൂറുമാറ്റ നിയമം ബാധകമാകുന്ന സാഹചര്യത്തില്‍ ഇത് മറികടക്കാനുള്ള വഴികളും ബിജെപിയും വിമതരും ചേര്‍ന്ന് നടത്തുന്നുണ്ട്.

You must be logged in to post a comment Login