കുബേര തളര്‍ന്നു, യഥാര്‍ത്ഥ കുബേരന്മാര്‍ തലപൊക്കി

യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ സാധാരണക്കാരില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആഭ്യന്തര വകുപ്പിന്റെ കുബേര ഓപ്പറേഷന്‍ മാസങ്ങളോളം പിന്തുണച്ചു. എന്നാല്‍ ഇപ്പോള്‍ ശങ്കരന്‍ പിന്നെയും തെങ്ങില്‍ തന്നെ എന്ന അവസ്ഥയായി. കുബേരക്കാരായ ബ്ലേഡ് മാഫിയ തങ്ങളുടെ പണം പലിശയ്ക്ക് നല്‍കാന്‍ നേരിട്ട് സാധിക്കാതെ വന്നതോടെ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. ചിലര്‍ ചെറിയ വ്യാപാര സ്ഥാപനങ്ങള്‍ തല്ലിക്കൂട്ടി. മറ്റു ചിലരാകട്ടെ ചെറുകിട വ്യാപാരികള്‍ക്ക് ദിവസ കളക്ഷന്‍ നല്‍കി കുബേര പ്രവര്‍ത്തനം പതുക്കെ കൊണ്ടുപോകുന്നു. ഇവരോട് ആവശ്യക്കാര്‍ പണം ചോദിച്ചാല്‍ എന്റെ ‘ചേട്ടാ കുബേരയെ പേടിച്ച് എല്ലാം നിര്‍ത്തിയെന്ന ആവലാതിയും പരിദേവനങ്ങളും ചെന്നിത്തലയോട് അല്പം പരിഭവവും.
യഥാര്‍ത്ഥത്തില്‍ പണം വാങ്ങിയവരാകട്ടെ തിരിച്ചു കൊടുക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് കുബേരയുടെ പേരുപറഞ്ഞ് പോലീസിനെക്കൊണ്ട് പിടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ അത്യാവശ്യം പലിശയില്ലാതെ സഹായിച്ച നല്ലവരായ ധനവാന്‍മാരും വെട്ടിലായി. കാശും പോയി. പോലീസ് സഹകരണ സംഘത്തില്‍നിന്ന് വീടുപണിക്കായി വായ്പയെടുത്ത ജീവനക്കാരന്‍ ഭാര്യയുടെ സുഹൃത്ത് സ്ഥലം വാങ്ങാന്‍ രണ്ടുലക്ഷം രൂപ ചോദിച്ചപ്പോള്‍ എടുത്തുകൊടുക്കേണ്ടിവന്നു. ഒരു സ്ത്രീയല്ലെ മര്യാദകേട് കാണിക്കില്ലായെന്ന് അവര്‍ കരുതി. പക്ഷേ എല്ലാം തകിടം മറിഞ്ഞു. തിരികെ കിട്ടിയതാകട്ടെ വെറും നാല്‍പത്തി അയ്യായിരം രൂപ മാത്രം. ബാക്കി ചോദിച്ചപ്പോഴോ കുബേര തന്ത്രം പുറത്തെടുത്ത് ഭീഷണിയായി. ഉന്നതങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് താക്കീതും നല്‍കി. എന്നാല്‍ യഥാര്‍ത്ഥ കുബേരന്മാര്‍ ഇപ്പോഴും തങ്ങളുടെ പണമിടപാട് അനസ്യൂതം തുടരുന്നു. അതിന് മറയായി കണ്ടത് സഹകരണ സംഘങ്ങളുടെ ആരംഭമാണ്. ഇത്തരക്കാര്‍ തങ്ങളുടെ പണം നിക്ഷേപിക്കുന്നതും അത് പലിശയ്ക്ക് നല്‍കുന്നത് പുതുതായി രൂപംകൊള്ളുന്ന സഹകരണ ബാങ്കുകള്‍ വഴിയാണെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
അടുത്ത കാലത്തായി കോണ്‍ഗ്രസുകാര്‍ക്ക് കുറേ സഹകരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ച് നല്‍കി. ഇരുപത്തയ്യായിരം രൂപ നല്‍കിയാല്‍ സൊസൈറ്റിക്കുവേണ്ട ബൈലോ, എആറിനെ കാണല്‍, രജിസ്‌ട്രേഷന്‍ എല്ലാം നിമിഷങ്ങള്‍ക്കകം റെഡി. ഇതിനായി എറണാകുളത്ത് ഒരു വേന്ദ്രന്‍ തന്നെയുണ്ട്. കയ്യില്‍ പണമുള്ള ഏഴു കുബേരന്മാര്‍ ചേര്‍ന്നാണ് ഇത്തരത്തിലുള്ള സഹകരണ സംഘങ്ങള്‍ തല്ലിക്കൂട്ടുന്നത്. ഇവിടെ പാവപ്പെട്ടവര്‍ക്കോ ഹരിജനങ്ങള്‍ക്കോ ബോര്‍ഡ് സ്ഥാനങ്ങളില്ല. കാരണം പണം ഇല്ലായ്മ തന്നെ. കുബേരന്മാരുടെ ഈ സംഘങ്ങള്‍ സാധാരണ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെയും അവിടുത്തെ നിക്ഷേപത്തെയും പ്രതികൂലമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്. പല സഹകരണ ബാങ്കുകളും പുതുതായി രൂപംകൊള്ളുന്ന ഇത്തരം കുബേരന്മാരുടെ സഹകരണ സംഘങ്ങള്‍ക്കെതിരെ രജിസ്ട്രാര്‍ക്ക് പരാതി നല്‍കി ഇപ്പോഴും അന്വേഷണത്തിലാണ്. കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുക എന്ന പേരിലാണ് സംസ്ഥാനത്തുടനീളം ഇതുപോലുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് രൂപം കൊടുക്കുന്നത്. വടക്കന്‍ കേരളത്തില്‍ ഇടതന്‍മാര്‍ക്കുള്ളതുപോലെ വലതനുമിരിക്കട്ടെ ഒരു സഹകരണ സംഘം എന്ന കാഴ്ചപ്പാടാണ് ഇപ്പോഴത്തെ സര്‍ക്കാരിനുള്ളതെന്നാണ് പൊതുവെയുള്ള സംസാരം. കുറഞ്ഞത് 50 സെന്റ് സ്ഥലമുള്ളവര്‍ക്കാണ് ഈ സ്ഥാപനത്തില്‍ അംഗത്വവും വായ്പയും നല്‍കുന്നത്.
കാരണം സാധാരണക്കാരന് പണം കൊടുത്താല്‍ തിരിച്ചുകിട്ടാന്‍ പ്രയാസമാണെന്ന് ഈ മേഖലയിലെ കുബേര•ാര്‍ക്ക് നന്നായറിയാം. ചുരുക്കത്തില്‍ കുബേര തളര്‍ന്നു. കുബേരന്മാര്‍ തലപൊക്കി. പഴയവീഞ്ഞ് പുതിയ കുപ്പിയില്‍.

You must be logged in to post a comment Login