കുമാരസ്വാമി രാജി വച്ചേക്കും; ഇന്ന് കർണാടക മന്ത്രിസഭായോഗം

ബെംഗളൂരു: വിമത എംഎൽഎമാരുടെ രാജിനീക്കത്തോടെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലായ കര്‍ണാടകയിൽ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജിയ്ക്ക് ഒരുങ്ങുന്നുവെന്ന് സൂചന. രാജിക്കത്ത് നല്‍കിയ വിമത എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി രാജിയ്ക്ക് ഒരുങ്ങുന്നത്. ഇന്ന് പതിനൊന്ന് മണിയ്ക്ക് മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്.

നിയമസഭ പിരിച്ചു വിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ഗവര്‍ണ്ണറോട് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ഇന്നു തന്നെ കുമാരസ്വാമി രാജിവച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്ാൽ മറ്റന്നാള്‍ നിയമസഭാ സമ്മേളനത്തിൽ രാജിപ്രഖ്യാപനം നടത്തിയ ശേഷം രാജിവച്ചേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയ ശേഷം മുംബൈയിലെ ഹോട്ടലിൽ താമസിക്കുന്ന കോൺഗ്രസിന്‍റെയും ജെഡിഎസിന്‍റെയും വിമത എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി രാജിയ്ക്ക് ഒരുങ്ങുന്നത്. ഇതിനിടെ ഇന്നലെ രണ്ട് കോൺഗ്രസ് എംഎൽഎമാര്‍ കൂടി രാജിക്കത്ത് സമര്‍പ്പിച്ചതോടെ കോൺഗ്രസ് വീണ്ടും പ്രതിരോധത്തിലായി. ഇനിയും എംഎൽഎമാര്‍ രാജി വെച്ചേക്കുമെന്നുള്ള സൂചനകള്‍ക്കിടയിലാണ് ഇനിയും സര്‍ക്കാര്‍ താങ്ങി നിര്‍ത്തേണ്ടെന്ന നിലപാടിലേയ്ക്ക് കോൺഗ്രസ് എത്തിയത്.

ഇതിനിടെ, ബെംഗളുരുവിൽ തുടരുന്ന മുതിര്‍ന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് മുഖ്യമന്ത്രി കുമാരസ്വാമിയുമായും ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുമായും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും കൂടിക്കാഴ്ച നടത്തി. ഈ നിലയിൽ മുന്നോട്ട് പോകേണ്ടെന്ന നിര്‍ദ്ദേശം ഗുലാം നബി ആസാദ് നേതാക്കളുമായി പങ്കുവെച്ചെന്നാണ് വിവരം. കെസി വേണുഗോപാലും ദിനേശ് ഗുണ്ട്റാവുവും ചര്‍ച്ചകളിൽ പങ്കെടുത്തു. നേതാക്കള്‍ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇന്ന് പതിനൊന്ന് മണിയ്ക്ക് മന്ത്രിസഭായോഗം ചേരുന്ന വിവരം മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

നിലവിലെ സ്ഥിതി ഇനിയും വഷളാക്കാതെ ഇടക്കാല തെരഞ്ഞെടുപ്പ് നേരിടുന്നതാണ് നല്ലതെന്ന് നേതാക്കള്‍ തീരുമാനിച്ചെന്നാണ് വിവരം.

ആറു മണിക്കൂറോളം മുംബൈയിലെ ഹോട്ടലിന് മുന്നിൽ കാത്തിരുന്നിട്ടും വിമത എംഎൽഎമാരെ കാണാനുള്ള നീക്കം പരാജയപ്പെട്ട കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ ഇന്നലെ ബെംഗളൂരുവിലേയ്ക്ക് മടങ്ങിയിരുന്നു. ഇന്നലെ രാവിലെ എംഎൽഎമാരെ കാണാനായി മുംബൈ റിനൈസൻസ് ഹോട്ടലിൽ എത്തിയ ശിവകുമാറിനെ പോലീസ് തടയുകയായിരുന്നു. രാവിലെ ഏഴരയോടെയാണ് ഹോട്ടലിന് മുന്നിൽ ഡി കെ ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കള്‍ ഹോട്ടലിന് മുന്നിൽ എത്തിയെങ്കിലും ശിവകുമാറിൽ നിന്നും കുമാരസ്വാമിയിൽ നിന്നും തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി എംഎൽഎമാര്‍ ഇന്നലെ മുംബൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നേതാക്കളെ പോലീസ് തടയുകയായിരുന്നു.

കനത്ത മഴയെ അവഗണിച്ച് ആറ് മണിക്കൂറോളം ശിവകുമാറും സംഘവും ഹോട്ടലിന് മുന്നിൽ കാത്തുനിന്നെങ്കിലും വിമത എംഎൽഎമാരെ കാണാൻ സാധിച്ചില്ല. ഇവര്‍ക്ക് പിന്തുണയുമായി കൂടുതൽ കോൺഗ്രസ് പ്രവര്‍ത്തകരും പിന്നാലെ ബിജെപി പ്രവര്‍ത്തകരും ഹോട്ടലിന് മുന്നിൽ എത്തിയതോടെ പോലീസ് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. ശിവകുമാര്‍ ഹോട്ടലിൽ മുറി ബുക്ക് ചെയ്തെങ്കിലും മോശം സാഹചര്യം കണക്കിലെടുത്ത് ഹോട്ടൽ അധികൃതര്‍ അദ്ദേഹത്തിന് മുറി നിഷേധിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഹോട്ടലിന് മുന്നിൽ പ്രതിഷേധവുമായി തമ്പടിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. തുടര്‍ന്ന് മുംബൈ പോലീസ് ഡി കെ ശിവകുമാറിനെ വിമാനത്താവളത്തിൽ എത്തിച്ചു.

ഇതിനിടയിൽ കെ.സുധാകർ, എം ടി ബി നാഗരാജു എന്നീ എംഎൽഎമാർ കോൺഗ്രസ് – ജെഡിഎസ് സര്‍ക്കാരിന്‍റെ ആധി കൂട്ടി അംഗത്വം രാജിവെച്ചു. തങ്ങളുടെ രാജി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിമത എംഎൽഎമാർ സ്പീക്കർക്കെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. മൊത്തം 16 എംഎൽഎമാരാണ് കര്‍ണാടകയിൽ രാജിക്കത്ത് നല്‍കിയിരിക്കുന്നത്.

സർക്കാർ ഉടൻ പിരിച്ചു വിടണമെന്ന് ബിജെപി ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിക്ക് വിശ്വാസ വോട്ട് തേടേണ്ട ആവശ്യമില്ലെന്നും സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും ബിജെപി അധ്യക്ഷൻ ബി. എസ് യെഡ്യൂരപ്പ അവകാശപ്പെട്ടു.

You must be logged in to post a comment Login