കുമ്പളം കൃഷി

 

ശരീരവളര്ച്ചയ്ക്കും ആരോഗ്യത്തിനും പോഷകങ്ങള് അത്യാവശ്യം. പ്രായപൂര്ത്തിയായ ഒരാള് പ്രതിദിനം 300 ഗ്രാം പച്ചക്കറിയെങ്കിലും കഴിക്കണമെന്ന് വിദഗ്ധര് പറയുമ്പോള്, നമ്മുടെ ഉപയോഗ തോത് 23 ഗ്രാം മാത്രവും. പച്ചക്കറികളുടെ കൂട്ടത്തില് ഇന്ന് പ്രകൃതിചികിത്സയില് ഒഴിച്ചുകൂടാനാവാത്തവിധം കുമ്പളം വളര്ന്നിരിക്കുന്നു. വിറ്റാമിനുകളും പ്രോട്ടീനുകളും ധാതുക്കളും നാരുകളുമാണ് കുമ്പളത്തിന്റെ വിജയരഹസ്യം.
മഴക്കാലവിളയായി മെയ്-ആഗസ്തില് കുമ്പളം കൃഷിചെയ്യാം. നമ്മുടെ നാട്ടില് നന്നായി വിളവുതരുന്ന രണ്ടിനങ്ങളാണ് കെഎയു ലോക്കലും ഇന്ദുവും. 10 സെന്റ് കുമ്പളം കൃഷിയില്‌നിന്ന് ഒന്നര ടണ്‌വരെ വിളവ് പ്രതീക്ഷിക്കാം. രണ്ടടി വലുപ്പവും ഒന്നരയടി ആഴവും ഉള്ള കുഴികളെടുത്ത് മേല്മണ്ണും കാലിവളവും ചേര്ത്ത് കുഴികളില് നിറയ്ക്കണം. 10 സെന്റിലേക്ക് അര ടണ് ചാണകം മതിയാകും. കുഴിയൊന്നിന് അഞ്ചു വിത്തുവരെ പാകാം. മുളച്ച് രണ്ടാഴ്ചയ്ക്കുശേഷം ഒരു തടത്തില് മൂന്നു തൈ നിര്ത്തിയാല് മതിയാകും. വള്ളി വീശുമ്പോഴും പൂവിടുമ്പാഴും ചാണകവളമോ മണ്ണിരകമ്പോസ്റ്റോ ചേര്ത്ത് മണ്ണ് കൂട്ടണം. പൂവിട്ടു തുടങ്ങിയാല് ഒരുകിലോഗ്രാം പച്ചച്ചാണകം ഒരുലിറ്റര് വെള്ളത്തില് കലക്കിയെടുത്ത ലായനി 10 ദിവസത്തെ ഇടവേളകളില് തളിച്ചുകൊടുക്കുന്നത് വിളവു കൂട്ടുന്നതായി കണ്ടിട്ടുണ്ട്. ഓല, പച്ചിലച്ചവറുകള് എന്നിവ ചെടികള് പടര്ന്നുതുടങ്ങുമ്പോഴേക്കും വിരിച്ചുകൊടുക്കണം.

ജൈവകീടനിയന്ത്രണത്തിനായി മട്ടിയുടെയും കശുമാവിന്റെയും ഇലച്ചാറിന്റെയും മിശ്രിതം 10 ശതമാനം വീര്യത്തില് തയ്യാറാക്കി തളിക്കാം. 10 ഗ്രാം കാന്താരിമുളക് അരച്ച് ഒരുലിറ്റര് ഗോമൂത്രത്തില് ചേര്ത്തു തയ്യാറാക്കുന്ന ലായനിയില് ഒമ്പതുലിറ്റര് വെള്ളം ചേര്ത്ത് തളിച്ചാല് ഇലയും പൂവും തിന്നുനശിപ്പിക്കുന്ന കീടങ്ങളെ അകറ്റാം

 

You must be logged in to post a comment Login