കുമ്മനത്തിനെതിരെ ബിജെപിയില്‍ കലാപം രൂക്ഷം

southlive-2016-08-f6c66f18-2106-4f52-90c4-df60d6a2a702-amit15
ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ ബിജെപിയില്‍ കലാപം ശക്തമായതിന് പിന്നാലെ സംസ്ഥാന ഘടകത്തിന്റെ നിയന്ത്രണം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് ഏറ്റെടുക്കുന്നു. എല്ലാ മാസവും സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് മിനുട്‌സ് നേരിട്ട് തനിക്ക് കൈമാറണമെന്ന് സംസ്ഥാന ഘടകത്തിന് അമിത് ഷാ നിര്‍ദേശം നല്‍കി. ബിജെപിയെ ആര്‍എസ്എസ് വല്‍ക്കരിക്കാനുള്ള കുമ്മനത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ബിജെപിയിലെ രണ്ട് പ്രബല ഗ്രൂപ്പുകളായ മുരളീധരന്‍ വിഭാഗവും കൃഷ്ണദാസ് വിഭാഗവും കലാപക്കൊടി ഉയര്‍ത്തിയതോടെയാണ് അമിത് ഷായുടെ ഇടപെടല്‍.

അടുത്തിടെ നടന്ന ബിജെപി അഖിലേന്ത്യാ കോര്‍ കമ്മിറ്റി യോഗത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തലങ്കാന കോര്‍ കമ്മിറ്റികളുടെ പ്രത്യേക യോഗം അമിത് ഷാ വിളിച്ചുചേര്‍ക്കുകയും ഒരോ മാസവും സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് മിനുട്‌സ് നേരിട്ട് തനിക്ക് അയച്ചുതരണമെന്ന് നിര്‍ദേശിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും തന്നെ നേരിട്ട് സമീപിക്കാമെന്ന് കേരള ഘടകത്തോട് പ്രത്യേകം അറിയിക്കുകയും ചെയ്തു.

വിഎച്ച്പിയില്‍ നിന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ദേശീയ നേതൃത്വം പ്രതിഷ്ഠിച്ച കുമ്മനം രാജശേഖരന്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് പുല്ലുവില പോലും കല്‍പിക്കുന്നില്ലെന്ന് കാണിച്ച് രണ്ട് മുന്‍ സംസ്ഥാന അധ്യക്ഷന്മാര്‍ കേന്ദ്രനേതൃത്വത്തിന് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ ഇടപെടല്‍. കാലങ്ങളായി ബിജെപിയില്‍ പ്രവര്‍ത്തിച്ച തങ്ങളെ വകവെക്കാതെ പാര്‍ട്ടിയെ ആര്‍എസ്എസ് പാളയത്തില്‍ കൊണ്ടുകെട്ടാനുള്ള കുമ്മനത്തിന്റെ ശ്രമത്തിനെതിരെ മുരളീധരന്‍ വിഭാഗവും കൃഷ്ണദാസ് വിഭാഗവും കടുത്ത അമര്‍ഷത്തിലാണ്.
മണ്ഡല കമ്മിറ്റികളുടെയും ജില്ലാ കമ്മിറ്റികളുടെയും അധ്യക്ഷന്‍മാരെ നിയമിക്കുന്നതില്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടാതെ കുമ്മനം ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്തെ 140 മണ്ഡല കമ്മിറ്റികളില്‍ 90 എണ്ണത്തിലും ഹിന്ദു ഐക്യവേദി, ആര്‍എസ്എസ്, വിഎച്ച്പി എന്നീ സംഘടനകളില്‍ നിന്നും നേരിട്ട് നിയമനം നടത്തിയതായും പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്തു നിര്‍ത്തിയാണ് ആര്‍എസ്എസില്‍ നിന്നുള്ളവരെ കുത്തിക്കയറ്റിയതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഇതേചൊല്ലി ബിജെപി യോഗത്തില്‍ കുമ്മനവും മുന്‍ സംസ്ഥാന അധ്യക്ഷന്‍ സികെ പത്മനാഭനും തമ്മില്‍ പരസ്യമായി വാഗ്വേദമുണ്ടായത്രെ.

ആര്‍എസ്എസില്‍ നിന്നും നേരിട്ട് നിയമിതരായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഗണേഷിനും ഒര്‍ഗനൈസേഷണല്‍ സെക്രട്ടറിമാരായ കാശിനാഥന്‍, പത്മകുമാര്‍, കോവൈ സുരേഷ് എന്നിവര്‍ക്കും കുമ്മനം കൂടുതല്‍ പരിഗണന നല്‍കുന്നതും ബിജെപി നേതാക്കളെ ചൊടിപ്പിക്കുന്നുണ്ട്.
നിയമസഭയില്‍ അക്കൗണ്ട് തുറന്നതിന് പിന്നാലെ മറ്റു സമുദായങ്ങളെയും ഉള്‍ക്കൊള്ളിച്ച് സംസ്ഥാനത്ത് ബിജെപിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പോര് രൂക്ഷമായത്.

You must be logged in to post a comment Login