കുരുമുളകിന്റെയും വെളിച്ചെണ്ണയുടെയും വിലയില്‍ റെക്കോര്‍ഡ് മുന്നേറ്റം.

കൊച്ചി – കുരുമുളകിന്റെയും വെളിച്ചെണ്ണയുടെയും വില ദിനംപ്രതി റെക്കോര്‍ഡ് തിരുത്തി മുന്നേറുന്നു. വെളിച്ചെണ്ണയ്ക്ക് ഇന്നലെ മാത്രം ക്വിന്റലിന് 300 രൂപ കൂടി ടെര്‍മിനല്‍ വിപണിയില്‍ 15,300 രൂപയായി. കുരുമുളക് വില ക്വിന്റലിന് 70,000 രൂപയിലേക്കാണ് നീങ്ങുന്നത്. കടുത്ത ദൗര്‍ലഭ്യം മൂലം വിപണിയില്‍ ചരക്ക് വരവ് തീരെ കുറഞ്ഞുവെന്നു വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടിലെ പ്രമുഖ ഉല്‍പാദന വിപണന കേന്ദ്രമായ കാങ്കയത്ത് വെളിച്ചെണ്ണ വില ആദ്യമായി കൊച്ചിയിലേതിനേക്കാള്‍ കൂടി 15,475 രൂപയിലെത്തി. തൃശൂരില്‍ 15,200 രൂപയും കോഴിക്കോട് 15,600 രൂപയുമാണ്. കൊപ്ര 10,900 രൂപയിലെത്തി. എന്നാല്‍ ഈ വിലയ്ക്കും ചരക്ക് കിട്ടാനില്ലെന്നും 11,100 രൂപയിലേക്ക് വിപണി നീങ്ങുകയാണെന്നും വ്യാപാരികള്‍ പറഞ്ഞു. വെളിച്ചെണ്ണയുടെ ചില്ലറ വില കിലോഗ്രാമിന് 170 രൂപ. പായ്ക്കറ്റിലാക്കി, ബ്രാന്‍ഡ് ചെയ്തതിന് 180 രൂപയും.

ലഭ്യത കുറയുകയും വില കൂടുകയും ചെയ്തതോടെ ഗുണമേന്മ കുറഞ്ഞ വെളിച്ചെണ്ണ ധാരാളമായി വിപണിയിലെത്തുന്നു. കിലോഗ്രാമിന് 7 രൂപ കുറച്ചാണ് വ്യാപാരികള്‍ എണ്ണ ലഭ്യമാക്കുന്നതത്രെ. പാമോയിലിന്റെ വില അല്‍പം കുറഞ്ഞതിനു ശേഷം വീണ്ടും കൂടി. മൊത്ത വില 70 രൂപയും ചില്ലറ വില 78 രൂപയുമായി.

കുരുമുളകിന് ഹൈറേഞ്ച് മേഖലയില്‍ത്തന്നെ ക്വിന്റലിന് 62,500 – 64,000 രൂപ തോതില്‍ ആവശ്യക്കാരുണ്ട്. കര്‍ണാടകയില്‍ 65,000 – 67,500 രൂപ നിരക്കിലാണ് വ്യാപാരം. കര്‍ണാടകയിലെ വിളവെടുപ്പ് തുടങ്ങുന്നതോടെ വില കുറയുമെന്നു കരുതിയിരുന്ന ഉത്തരേന്ത്യന്‍ വ്യാപാരികള്‍, ചരക്കു കിട്ടാതെ വിഷമിക്കുന്നു. നികുതി ഒഴിവാക്കിയാണ് ഇടപാടുകളേറെയും.

തിരഞ്ഞെടുപ്പും അവധി ദിവസങ്ങളും കാരണം കൊച്ചി ടെര്‍മിനല്‍ വിപണിയില്‍, ഒരാഴ്ചയിലേറെയായി ചരക്ക് വരവ് ഇല്ലാത്തതുകൊണ്ട് വ്യാപാരം പരിമിതമായി. കഴിഞ്ഞ രണ്ടാഴ്ചക്കകം, വില 20 ശതമാനത്തോളം വര്‍ധിക്കുകയും ചെയ്തു.

You must be logged in to post a comment Login