കുരുമുളക് വിപണി പ്രതിസന്ധിയില്‍; ആറുമാസത്തിനിടെ കുറഞ്ഞത് 160 രൂപ

തൊടുപുഴ: കുരുമുളക് വിപണി നേരിടുന്ന പ്രതിസന്ധി ഹൈറേഞ്ചിന്റെ വാണിജ്യ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. ആറുമാസത്തിനിടെ കിലോയ്ക്ക് 160 രൂപയാണ് കുരുമുളകിന് കുറഞ്ഞത്. വിലയിടിവ് കര്‍ഷകരെയും വ്യാപാരികളെയും ഒരുപോലെ പ്രതിസന്ധിയിലാക്കി. 480-490 രൂപ നിരക്കിലാണു കഴിഞ്ഞ ഒരാഴ്ചക്കാലമായി കുരുമുളകു വിപണി. ജി.എസ്.ടിയുടെ കടന്നുവരവും കുരുമുളക് വിപണിയിലെ മരവിപ്പിനു കാരണമാകുന്നതായി വ്യാപാരികള്‍ പറയുന്നു. ണ്ട

ആറുമാസം മുന്‍പ് മുതല്‍ ജി.എസ്.ടി നിലവില്‍ വരുമെന്ന പ്രഖ്യാപനവും, വന്നതിനുശേഷമുള്ള വിപണിയിലെ മാന്ദ്യവുമാണ് വിലത്തകര്‍ച്ചയുടെ പ്രധാന കാരണമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കോണമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗം തെറ്റായ റിപ്പോര്‍ട്ട് നല്‍കിയത് കര്‍ഷകരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കുരുമുളക് ഉല്‍പാദനത്തില്‍ വ്യാപകമായ കുറവുയിട്ടും സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിന്റെ കണക്കില്‍ ഉല്‍പാദന വര്‍ധനവാണ് കാട്ടിയിരിക്കുന്നത്. വാസ്തവവിരുദ്ധമായ കണ്ടെത്തല്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ചില പ്രധാന സഹായങ്ങള്‍ തടഞ്ഞു. കര്‍ഷകരില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കേണ്ടതിനുപകരം വിപണിയെ ആശ്രയിച്ചതാണ് സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗത്തിന് തെറ്റായ വിവരങ്ങള്‍ ലഭിക്കാന്‍ കാരണം. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള മാന്ദ്യത്തില്‍നിന്നു വിപണി ഇനിയും മുക്തമായിട്ടില്ല. ഇതുമൂലം കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് വ്യാപാരത്തില്‍ വലിയ കുറവുണ്ടെന്നാണു ചെറുകിട വ്യാപാരികള്‍ പറയുന്നത്. വിലയിടിവു കാരണം കുരുമുളകു വില്‍പന നടത്താന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.വില വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ ആയിരക്കണക്കിനു കര്‍ഷകരാണു കുരുമുളകു ശേഖരിച്ച് വച്ചിരിക്കുന്നത്. വിളവെടുപ്പു കാലങ്ങളില്‍ കുരുമുളകു വില്‍പന നടത്താതെ ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഉയര്‍ന്ന വില ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്നവരാണു പ്രതിസന്ധിയിലായിരിക്കുന്നത്. വിയറ്റ്‌നാമില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും ഇറക്കുമതി ആരംഭിച്ചതും വിലയിടിവിനു മാറ്റൊരു കാരണമായി പറയുന്നു. വിലയിടിവിനെത്തുടര്‍ന്ന് വിപണിയിലേക്കെത്തുന്ന കുരുമുളകിന്റെ അളവിലും കുറവുണ്ടായിട്ടുണ്ട്. ഗുണനിലവാരം കുറഞ്ഞവയാണു വിപണിയില്‍ എത്തുന്നതില്‍ കൂടുതലെന്നും വ്യാപാരികള്‍ ആരോപിക്കുന്നു. വിലയില്‍ ഉയര്‍ച്ച പ്രതീക്ഷിച്ച് വന്‍കിടക്കാര്‍ കുരുമുളകു വിറ്റഴിക്കാതെ ശേഖരിച്ചുവച്ചിരിക്കുന്നതും വിപണിയിലെത്തുന്ന കുരുമുളകിന്റെ അളവ് കുറയാന്‍ കാരണമാകുന്നുണ്ട. രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ കുരുമുളകിന്റെ വിലയില്‍ വലിയ ചാഞ്ചാട്ടമില്ലാത്തതിനാല്‍ കയറ്റുമതി സാധ്യത ഇല്ലാതായതും വിലത്തകര്‍ച്ചയ്ക്ക് ആക്കംകൂട്ടി. മലയോര മേഖലയിലെ പതിനായിരക്കണക്കിന് കര്‍ഷകരുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് കുരുമുളക് കൃഷി.

You must be logged in to post a comment Login