കുറച്ചതിന് പിന്നാലെ വീണ്ടും വര്‍ധന; പെട്രോളിന് 19 പൈസയും ഡീസലിന് 30 പൈസയും കൂടി

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചതിന് പിന്നാലെയും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിച്ചു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വിലയില്‍ 19 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഡീസലിന് 30 പൈസയും ഉയര്‍ന്നു. ഇതോടെ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 83രൂപ 54 പൈസയും 76 രൂപ 92 പൈസയുമായി. പ്രാദേശിക തലത്തില്‍ വീണ്ടും വില ഉയരും.

കോഴിക്കോട് പെട്രോള്‍ വില 18 പൈസ വര്‍ധിച്ച് 83 രൂപ 91 പൈസയായി. ഡീസല്‍വില 29 രൂപ ഉയര്‍ന്ന്  77.28 രൂപയായി. തിരുവനന്തപുരത്ത്  ഡീസല്‍ വീണ്ടും 80ലേക്ക് കുതിക്കുകയാണ്. 29 പൈസ വര്‍ധിച്ച് 78രൂപ 41 പൈസയാണ് ഒരു ലിറ്റര്‍ ഡീസലിന് വരുന്ന വില. പെട്രോളിന് 18 പൈസ വര്‍ധിച്ച് 85 രൂപ മൂന്ന് പൈസയുമായി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവയില്‍ ഒന്നരരൂപയുടെ കുറവ് വരുത്തിയിരുന്നു. കൂടാതെ എണ്ണകമ്പനികള്‍ ഇന്ധനവിലയില്‍ ഒരു രൂപയുടെ കുറവും വരുത്തുമെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് ലഭിച്ച നേരിയ ആശ്വാസം താത്കാലികം മാത്രമാണ് എന്ന് വ്യക്തമാക്കുന്നതാണ് ഇന്ധനവിലയില്‍ വന്ന വര്‍ധന.

വ്യാഴാഴ്ച കൊച്ചിയില്‍ പെട്രോള്‍ വില 85 രൂപ 87 പൈസയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന് വെളളിയാഴ്ച വില 83 രൂപ 36 പൈസ ആയി താഴ്ന്നു. ഇതാണ് ഇന്ന് കൂടിയത്. ഡീസലിലും സമാനമായ മാറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

You must be logged in to post a comment Login