കുറ്റസമ്മതത്തിനായി മര്‍ദ്ദിച്ചു; പോരാത്തതിന് കുടുംബാംഗങ്ങളെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി: ശ്രീശാന്ത്

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെയ്പ് കേസുമായി ബന്ധപ്പെട്ട കേസില്‍ തന്നെ അറസ്റ്റ് ചെയ്ത ഡല്‍ഹി പൊലീസ്, മര്‍ദ്ദിച്ചതിനു പുറമെ കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ കുടുംബാംഗങ്ങളെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ശ്രീശാന്ത് സുപ്രീംകോടതിയില്‍. കേസുമായി ബന്ധപ്പെട്ട് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ഹര്‍ജി സുപ്രീംകോടതിയില്‍ പരിഗണിക്കവെയാണ് പുതിയ വിശദാംശങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.
വാതുവയ്പു വിവരത്തെക്കുറിച്ച് അറിവുണ്ടായിട്ടും ശ്രീശാന്ത് എന്തുകൊണ്ട് അക്കാര്യം ബിസിസിഐയുടെ ശ്രദ്ധയില്‍പ്പെടുത്തിയില്ലെന്ന് കോടതി ചോദിച്ചു.

വാതുവയ്പുകേസില്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്. പ്രമുഖ അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് ശ്രീശാന്തിനായി ഹാജരായി. ജസ്റ്റിസ് അശോക് ഭൂഷണ്‍, കെ.എം. ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ശ്രീശാന്തിന്റെ ഹര്‍ജി പരിഗണിച്ചത്. അധിക രേഖകള്‍ക്കു മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച സുപ്രീംകോടതി, കേസ് രണ്ടാഴ്ചത്തേക്കു മാറ്റിവച്ചു.

2013ല്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ് കിങ്‌സ് ഇലവന്‍ മല്‍സരത്തില്‍ ഒത്തുകളി നടന്നതായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ശ്രീശാന്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി. ഒത്തുകളിക്കുന്നതിന് ശ്രീശാന്തിന് പ്രതിഫലം ലഭിച്ചതിനും തെളിവില്ലെന്ന് ഖുര്‍ഷിദ് വാദിച്ചു. ഇതിനിടെയാണ്, വാതുവയ്പ്പിനെക്കുറിച്ച് അറിവുണ്ടായിട്ടും ശ്രീശാന്ത് എന്തുകൊണ്ട് ഇക്കാര്യം ബിസിസിഐയെ അറിയിച്ചില്ല എന്നു കോടതി ചോദിച്ചത്. ഇതോടെ, ഇക്കാര്യത്തില്‍ ശ്രീശാന്തിനു വീഴ്ച സംഭവിച്ചതായി ഖുര്‍ഷിദ് സമ്മതിച്ചു. എങ്കില്‍പ്പോലും ആജീവനാന്ത വിലക്ക് പിന്‍വലിച്ച് അഞ്ചു വര്‍ഷത്തെ വിലക്കില്‍ ഒതുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ, ഈ വാതുവയ്പ് സംഭവങ്ങളില്‍ ശ്രീശാന്തിന്റെ പെരുമാറ്റം ശരിയായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

You must be logged in to post a comment Login