കുല്‍ഭൂഷണ്‍ ജാദവിനെതിരായ കൂടുതല്‍ രേഖകള്‍ യു.എന്നിന് സമര്‍പ്പിക്കാനൊരുങ്ങി പാകിസ്താന്‍

ഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ വധശിക്ഷക്കു വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെതിരെ കൂടുതല്‍ രേഖകള്‍ യു.എന്നിന് സമര്‍പ്പിക്കാനൊരുങ്ങി പാകിസ്താന്‍. ഇന്ത്യന്‍ ചാരനാണെന്നും അട്ടിമറി ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നുമുള്ള പാക് വാദങ്ങള്‍ ഉറപ്പിക്കുന്ന രേഖകളാണ് യു.എന്നിനും വിദേശ നയതന്ത്രജ്ഞര്‍ക്കും കൈമാറുകയെന്നാണ് റിപ്പോര്‍ട്ട്.

സൈനിക വിചാരണയില്‍ കുല്‍ഭൂഷന്‍ ഒപ്പിട്ട സാക്ഷ്യപത്രവും കറാച്ചിയിലും ബലൂചിസ്താനിലും അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കി പാക് സൈനിക കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ച സാക്ഷിമൊഴിയുമടങ്ങുന്ന തെളിവുകളാണ് പാകിസ്താന്‍ യു.എന്നിന് കൈമാറുക. കുല്‍ഭൂഷന്റെ അറസ്റ്റ്, സൈനിക വിചാരണ, കോടതി നടപടി ക്രമങ്ങള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു.

പാകിസ്താന്‍ സുരക്ഷാ ഏജന്‍സി നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ജാദവ് അറസ്റ്റിലായത്. പാക് ആര്‍മി ആക്റ്റിനു കീഴില്‍ ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷ്യല്‍ വിചാരണയില്‍ കുല്‍ഭൂഷന് വധശിക്ഷ വിധിക്കുകയായിരുന്നു. കുല്‍ഭൂഷണ്‍ കേസ് സംബന്ധിച്ച രേഖകള്‍ ഇസ്ലാമബാദിലെ അംബാസിഡര്‍മാര്‍ക്കും വിദേശങ്ങളിലുള്ള പാക് നയതന്ത്രജ്ഞര്‍ക്കും അവര്‍ ജോലിചെയ്യുന്ന രാജ്യങ്ങള്‍ക്കും കൈമാറും. യു.എന്നിനെ കൂടാതെ മറ്റ് ആഗോള സംഘടനകള്‍ക്കു കൂടി തെളിവു രേഖകള്‍ നല്‍കാനാണ് പാക് തീരുമാനം.

ഇറാനില്‍ നിന്നും പാകിസ്താനിലേക്ക് കടന്ന കുല്‍ഭുഷന്‍ ജാദവിനെ 2015 മാര്‍ച്ച് മൂന്നിന് ബലൂചിസ്താനില്‍ നിന്ന് സുരക്ഷാ സൈനികര്‍ അറസ്റ്റു ചെയ്യുകയായിരുന്നുവെന്നാണ് പാക് അധികൃതര്‍ അറിയിച്ചത്. ജാദവിനെതിരായ സൈനിക വിചാരണയുടെയും കുറ്റപത്രത്തിന്റെയും സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ ഇന്ത്യക്ക് നല്‍കണമെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ഗൗതം ബാംബാവ്‌ലെ അറിയിച്ചിരുന്നു.

You must be logged in to post a comment Login