കുവൈത്തിലെ വിദേശ തൊഴിലാളികളില്‍ 70% മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവര്‍

minister

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികളില്‍ ഭൂരിഭാഗവും മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരെന്നു വെളിപ്പെടുത്തല്‍. തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് ആണ് സ്വകാര്യ മേഖലയിലെ വിദേശികളില്‍ 70 ശതമാനവും ഇന്റര്‍മീഡിയറ്റ്, ബിരുദ യോഗ്യതകള്‍ ഇല്ലാത്തവരാണെന്നു വെളിപ്പെടുത്തിയത്. അതിനാല്‍ തൊഴിലാളികളെ യോഗ്യതയ്ക്ക് അനുസരിച്ച് തരംതിരിച്ചുള്ള കണക്കെടുപ്പ് ആവശ്യമാണെന്ന് അവര്‍ പറഞ്ഞു.

തൊഴില്‍ മേഖലയില്‍ സ്വദേശികളുടെ ക്വോട്ട പുനര്‍നിര്‍ണയം സംബന്ധിച്ച തീരുമാനം ഉടനെയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരമാണ് ലക്ഷ്യം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തൊഴില്‍ മേഖലയിലേക്ക് ഇറങ്ങുന്നവര്‍ക്ക് പ്രാഗത്ഭ്യം ഉറപ്പുവരുത്തുന്നതിന് യുഎന്നും വിദ്യാഭ്യാസ മന്ത്രാലയവും സഹകരിച്ച് പദ്ധതി തയാറാക്കുന്നുണ്ട്.

ജനസംഖ്യാ സന്തുലനത്തിനായുള്ള ഉന്നതാധികാര സമിതി ഉടന്‍ തന്നെ യോഗം ചേരും. രാജ്യത്തെ സ്വദേശി വിദേശി അനുപാതത്തിലുള്ള അന്തരം ഇല്ലാതാക്കുന്നതിനുള്ള ചില സുപ്രധാന തീരുമാനങ്ങള്‍ ഈ യോഗത്തില്‍ ഉണ്ടാകുമെന്നും മന്ത്രി സൂചന നല്‍കി. അതിനിടെ പെരുന്നാള്‍ അവധിക്കാലത്ത് വിവിധ സ്വാകാര്യ കമ്പനികളില്‍ നടത്തിയ പരിശോധനകളില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി ‘മാന്‍പവര്‍ അതോറിറ്റി’ ആക്ടിങ് ഡയറക്ടര്‍ അബ്ദുല്ല അല്‍ മുത്തോതിഹ് അറിയിച്ചു.

You must be logged in to post a comment Login