കുവൈത്തില്‍ അഗ്‌നിബാധ: ഒരേ കുടുംബത്തിലെ പത്തു പേര്‍ കൊല്ലപ്പെട്ടു

kuwait fire
കുവൈത്ത് സിറ്റി: കുവൈത്തില്‍ തീപിടുത്തത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 10 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവര്‍ മുഴുവന്‍ പാകിസ്താനികളും ഒരേ കുടുംബത്തിലെ അംഗങ്ങളുമാണ്. വ്യാഴാഴ്ച രാവിലെ ഫര്‍വാനിയയിലെ ബ്ലോക്ക് 2 ല്‍ ആണു അപകടം നടന്നത്. താരിഖ് എന്ന പാകിസ്താനിയുടെ വില്ലയില്‍ ആണു അപകടം ഉണ്ടായത്.

കച്ചവടക്കാരനായ താരിഖും സഹോദരങ്ങളും കുടുംബവുമായി ഇവിടെ താമസിക്കുകയായിരുന്നു. സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ച ഗോഡോണിലാണു തീപിടുത്തമുണ്ടായത്. തീപിടുത്തം മൂലമുണ്ടായ പുക ശ്വസിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ശ്വാസതടസ്സമാണു മരണ കാരണം എന്നാണു നിഗമനം.

അപകട സമയത്ത് ഉറക്കത്തിലായിരുന്നു എല്ലാവരും. അഗ്‌നി ശമന ദുരന്ത നിവാരണ വിഭാഗത്തിന്റെ കഠിനമായ പരിശ്രമത്തിനു ഒടുവിലാണു വീടിനകത്ത് കുടുങ്ങിയവരെ പുറത്തെത്തിക്കാനായത്. 5 പേര്‍ സംഭവ സ്ഥലത്ത് വെച്ചും ബാക്കിയുള്ളവര്‍ ആശുപത്രിയിലും വെച്ചുമാണു മരണമടഞ്ഞത്.

പരിക്കേറ്റവര്‍ ഫര്‍വാനിയ, മുബാറക് അല്‍ കബീര്‍ ആശുപതികളില്‍ ചികില്‍സയിലാണു. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആണു അപകട കാരണം എന്നാണു പ്രാഥമിക നിഗമനം. അപകടം സംബധിച്ച് ആഭ്യന്തര മന്ത്രാലയം കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

You must be logged in to post a comment Login