കുവൈത്ത് പ്രവാസികളുടെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ ഇന്ത്യന്‍ എംബസി പിന്‍വലിച്ചു

 

കുവൈത്ത്: കുവൈത്തിലെ പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കാന്‍ കൊണ്ടുവന്ന പുതിയ നിബന്ധനകള്‍ ഇന്ത്യന്‍ എംബസി പിന്‍വലിച്ചു. പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ട് പേരുടെ സിവില്‍ ഐ.ഡി യുടെ പകര്‍പ്പ് സമര്‍പ്പിക്കണമെന്നായിരുന്നു എംബസിയുടെ ഉത്തരവ്. പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന പുതിയ ഉത്തരവിനെതിരെ വ്യാപകമായ പരാതികളും പ്രതിഷേധങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിവാദപരമായ ഉത്തരവ് എംബസി പിന്‍വലിച്ചത്.

കുവൈത്തില്‍ ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്ന കോക്‌സ് ആന്‍ഡ് കിങ്ങ്‌സ് ഏജന്‍സിക്ക് നല്‍കിയ പുതിയ സര്‍ക്കുലറിലാണ് വിവാദപരമായ പഴയ ഉത്തരവ് പിന്‍വലിച്ചതായി എംബസി വ്യക്തമാക്കുന്നത്. പകരം ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടേയോ തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ചാല്‍ മതി. തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് എന്നിവയിലേതായാലും കുഴപ്പമില്ല.

നേരത്തെ രണ്ട് പേരുടെ സിവില്‍ ഐഡി പകര്‍പ്പിന് പുറമെ ഫോണ്‍ നമ്പറും വേണമെന്നായിരുന്നു ഉത്തരവ്. ദുരുപയോഗം ചെയ്യുമെന്ന് ഭയന്ന് സിവില്‍ ഐഡിയുടെ പകര്‍പ്പ് നല്‍കാന്‍ പലരും തയ്യാറാകാതെ വന്നതിനെ തുടര്‍ന്ന് നിരവധിയാളുകള്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കാന്‍ സാധിക്കാതെ വന്നിരുന്നു.

You must be logged in to post a comment Login