കുവൈറ്റ് ഫാമിലി വിസിറ്റ് വിസയില്‍ പുതിയ നിയന്ത്രണം കൊണ്ടുവരുന്നു


കുവൈറ്റ് സിറ്റി: കുവൈറ്റ് വിദേശി ജീവനക്കാരുടെ കുടുംബ സന്ദര്‍ശന വിസയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. കുടുംബ സന്ദര്‍ശന വിസ ഭാര്യക്കും മക്കള്‍ക്കുമായി നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. രാജ്യത്ത് നിലവിലുള്ള സ്വദേശി വിദേശി ജനസംഖ്യയില്‍ നിലനില്‍ക്കുന്ന അസന്തുലിതത്വം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ മുതിരുന്നത്.

കുവൈത്ത് ആഭ്യന്തര മന്ത്രാലയം, സാമൂഹിക തൊഴില്‍ മന്ത്രാലയം,വാണിജ്യ വ്യവസായ മന്ത്രാലയങ്ങള്‍ സംയോജിച്ചാണ് നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. രാജ്യത്ത് തൊഴില്‍ വിപണി ക്രമീകരിക്കുന്നതിന്റെയും ജനസംഖ്യ അസന്തുലിതത്വവും പരിഹരിക്കുന്നതിന്റെയും ഭാഗമായി നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്ന പദ്ധതികളുടെ ഭാഗമാണ് കുടുംബ സന്ദര്‍ശന വിസ അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

നേരത്തെ കുടുംബ സന്ദര്‍ശന വിസയില്‍ മാതാപിതാക്കള്‍ അടക്കം അടുത്ത ബന്ധുക്കളെ കൊണ്ട് വരുന്നതിന് വിദേശികള്‍ക്ക് അനുവദം ഉണ്ടായിരുന്നു. കൂടാതെ വിസയുടെ കാലാവധി നീട്ടുന്നതിനും അനുവദിച്ചിരുന്നു. എന്നാല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നിലവില്‍ 32 ലക്ഷം വിദേശികളും 14 ലക്ഷം സ്വദേശികളുമാണ് കുവൈറ്റില്‍ താമസിക്കുന്നത്. അതായത് 70 ശതമാനം വിദേശികളും 30 ശതമാനം സ്വദേശികളുമാണ് ഇപ്പോള്‍ കുവൈറ്റില്‍ ഉള്ളത്. അതുകൊണ്ടുതന്നെ ജനസംഖ്യ അസന്തുലിതത്വും നേരിടുന്നതിന്റെ ഭാഗമായി കടുത്ത നിലപാടുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് തൊഴില്‍ സാമൂഹ്യമന്ത്രി ഹിന്ദ് അല്‍ സുബീഹ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

You must be logged in to post a comment Login