കൂടത്തായി അന്വേഷണത്തിന് ആറംഗ സംഘം; ജോളിയെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച്

കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയിൽ നിർണായക നീക്കങ്ങളുമായി അന്വേഷണ സംഘം. പ്രതി ജോളിയെയും കൂട്ട് പ്രതികളെയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. താമരശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ഇന്ന് ചോദ്യം ചെയ്യും.

കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാം പ്രതിയായ ജോളി, ബന്ധു മാത്യു എന്ന് വിളിക്കുന്ന എം എസ് ഷാജി, സുഹൃത്ത് പ്രജുകുമാർ എന്നിവരെ കസ്റ്റഡിയിൽ കിട്ടാനാണ് അന്വേഷണ സംഘം താമരശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കുന്നത്. എന്നാൽ ദേഹാസ്വാസ്ഥ്യങ്ങളെ തുടർന്ന് ജോളിയെ ഇന്നലെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ പശ്ചാത്തലത്തിൽ ഇന്ന് കസ്റ്റഡി അനുവദിക്കുമോ എന്ന കാര്യം സംശയമാണ്. 15 ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് ആവശ്യപ്പെടുക.

കസ്റ്റഡിയിൽ വിട്ട് കിട്ടിയാൽ വൈദ്യ പരിശോധക്ക് ശേഷം മൂവരെയും വിശദമായി ചോദ്യം ചെയ്യുകയും തെളിവെടുപ്പിന് കൊണ്ടുപോവുകയും ചെയ്യും. അതിനിടെ അന്വേഷണ സംഘം വിപുലികരിച്ചു. 6 സംഘമായി തിരിഞ്ഞാണ് അന്വേഷണം നടത്തുക. ഓരോ കേസും ഓരോ സംഘം അന്വേഷിക്കും. ജില്ലയ്ക്ക് അകത്ത് നിന്നും തെരഞ്ഞെടുത്ത മികച്ച ഉദ്യോഗസ്ഥരാണ് ഈ ടീമിൽ ഉണ്ടാവുക. പരാതികാരനായ റോജോ തോമസിനെ അമേരിക്കയിൽ നിന്ന് വിളിച്ചുവരുത്തി മൊഴിയെടുക്കാനുള്ള നടപടിക്രമങ്ങൾ പൊലീസ് വേഗത്തിലാക്കി. ഇതിന് പുറമെ കേസിൽ മൊഴിയെടുക്കേണ്ടവരുടെ വിപുലമായ പട്ടികയും അന്വേഷണ സംഘം തയ്യാറാക്കി.

You must be logged in to post a comment Login