കൂടത്തായി: ആൽഫൈനെ കൊന്നത് ബ്രഡിൽ സയനൈഡ് പുരട്ടി നൽകി

കൂടത്തായി ആൽഫൈൻ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ജോളി ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്. 129 പേരാണ് സാക്ഷികൾ. റോയ് തോമസിന്റെ സഹോദരൻ റോജോയാണ് കേസിലെ ഒന്നാം സാക്ഷി. ഡോക്ടർമാരും പ്രധാന സാക്ഷികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കെ ജി സൈമൺ മാധ്യമങ്ങളോട് വിശദീകരിച്ചു.

ഷാജുവിനെ വിവാഹം കഴിക്കാൻ ലക്ഷ്യമിട്ടാണ് ആൽഫൈനെ ജോളി കൊലപ്പെടുത്തിയത്. പെൺകുട്ടി ബാധ്യതയാകുമെന്ന് ജോളി കരുതിയിരുന്നു. ബ്രഡിൽ സയനൈഡ് പുരട്ടി നൽകിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ബാഗിൽ ചെറിയ ഡപ്പിയിൽ സയനൈഡ് കരുതി. ജോളി ബ്രഡിൽ വിഷം പുരട്ടുന്നത് ചിലർ കണ്ടിരുന്നുവെന്നും കെ ജി സൈമൺ വ്യക്തമാക്കി.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് ആൽഫൈൻ മരിച്ചതെന്ന് ജോളി പറഞ്ഞു പരത്തി. അപസ്മാരമെന്നും പറഞ്ഞു നടന്നു. ഷാജുവിന്റേയും സിലിയുടേയും മൂത്ത മകന്റെ ആദ്യ കുർബാന തീരുമാനിച്ചിരുന്ന അതേ ദിവസമാണ് കൊലപാതകം നടന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. അഞ്ഞൂറ് പേജോളം വരുന്ന കുറ്റപത്രമാണ്് സമർപ്പിച്ചിരിക്കുന്നത്. റോയ് തോമസ് വധക്കേസിലും സിലി വധക്കേസിലും കുറ്റപത്രം സമർപ്പിച്ചിരുന്നു.

You must be logged in to post a comment Login