കൂടത്തായി കൊലപാതകം; അന്നമ്മ വധക്കേസിൽ വിശദമായി ചോദ്യം ചെയ്യാൻ ജോളിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

കൂടത്തായി അന്നമ്മ വധക്കേസിൽ ജോളി ജോസഫിനെ വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പേരാമ്പ്ര സിഐക്കാണ് അന്വേഷണച്ചുമതല. കൂടാതെ ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസന്റെ രഹസ്യ മൊഴിയും രേഖപ്പെടുത്തും.

കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ ജയിലിൽ എത്തിയായിരുന്നു അന്നമ്മ വധക്കേസിൽ അന്വേഷണ സംഘം ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായി ചോദ്യം ചെയ്യാനും, തെളിവെടുപ്പിനുമായി ജോളിയെ അഞ്ചു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണസംഘം ആവശ്യപ്പെടുക.

2002 ൽ കൊല്ലപ്പെട്ട പൊന്നാമറ്റം അന്നമ്മയുടേതാണ് കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കേസ്. ആട്ടിൻ സൂപ്പിൽ കലർത്തിയ വിഷം ഉള്ളിൽ ചെന്നായിരുന്നു അന്നമ്മ കൊല്ലപ്പെട്ടത്. അന്വേഷണസംഘത്തിന് ജോളിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാവുന്ന അവസാനത്തെ കേസ് കൂടിയാണ് അന്നമ്മയുടേത്. കൂടാതെ കൊലപാതക പരമ്പര കേസിൽ ജോൺസന്റെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള നീക്കവും അന്വേഷണ സംഘം നടത്തുന്നുണ്ട്. ഇതിനായി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കും.

You must be logged in to post a comment Login