കൂടത്തായി കൊലപാതകക്കേസ്: ജോളിയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൂടത്തായി കൊലപാതകപരമ്പരയിലെ ആൽഫൈൻ വധക്കേസിൽ ജോളിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജോളിയെ നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.

ആൽഫൈൻ വധക്കേസിൽ ജോളിയെ ചോദ്യം ചെയ്യാൻ 14 ദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടങ്കിലും കോടതി നാല് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.തിരുവമ്പാടി പോലീസിനാണ് അന്വേഷണ ചുമതല.

എന്നാൽ ജോളിയെ കസ്റ്റഡിയിൽ വിടുന്നത് അനാവശ്യമാണെന്ന് ജോളിയുടെ അഭിഭാഷകൻ കോടതിയിൽ ആരോപിച്ചു.രണ്ട് തവണ കസ്റ്റഡിയിൽ നൽകിയിട്ടും കട്ടപ്പനയിലും കോയമ്പത്തൂരിലും തെളിവെടുപ്പ് നടത്തിയിട്ടില്ലെന്ന് അഭിഭാഷകൻ കുറ്റപ്പെടുത്തി.ഇതോടൊപ്പം സിലിയുടെ കൊലപാതക കേസിൽ മാത്യുവിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലും വിട്ടു.

ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ വ്യാജ ഒസ്യത്തിന്മേലുള്ള അന്വേഷണവും ഊർജിതമാക്കി. പ്രാദേശിക ലീഗ് നേതാവായിരുന്ന ഇമ്പിച്ചി മോയിയെ വീണ്ടും ചോദ്യം ചെയ്യും. അറസ്റ്റിലാക്കുന്നതിന്റെ ഏതാനും ദിവസങ്ങൾക്ക് മുൻപ് ജോളിയും ഇമ്പിച്ചിമോയിയും സുഹൃത്ത് ഇസ്മായിലും ചേർന്ന് കോഴിക്കോട്ടെ അഭിഭാഷകനെ കാണാൻ പോയതായി ജോളിയുടെ മകൻ മൊഴി നൽകിയിട്ടുണ്ട്. കുന്നതങ്ങാടി ബാവ ഹാജിയുടെ വീട്ടിൽ വച്ചുള്ള ഇരുവരുടെ കൂടിക്കാഴ്ചയും സാമ്പത്തിക ഇടപാടും ക്രൈം ബ്രാഞ്ച് വിശദമായി അന്വേഷിക്കുന്നുണ്ട്.

ജോളിയുടെ രണ്ടാമത്തെ ഭർത്താവ് ഷാജുവിന്റെ രഹസ്യ മൊഴി രേഖപ്പെടുത്താനായി നവംബർ 7 ന് കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ കോടതിക്ക് മുമ്പാകെ ഹാജരാവാൻ നിർദ്ദേശം നൽകി. ഇതോടൊപ്പംജോളിയുടെ രണ്ട് മക്കളുടെയും സിലിയുടെ സഹോദരൻ സിജോയുടെയും മൊഴി രേഖപ്പെടുത്തും. ജോളിയുടെമക്കളുടെ മൊഴി നവംബർ ഒന്നിനും സിജോയുടെ മൊഴി നവംബർ രണ്ടിനുമാണ് രേഖപ്പെടുത്തുക.

You must be logged in to post a comment Login