കൂടത്തായി: ചിലർ സമാന്തര അന്വേഷണം നടത്തുന്നതായി അറിവ്; നടപടിയെടുക്കുമെന്ന് റൂറൽ എസ്‌പി

കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതകങ്ങളെ കുറിച്ച് സമാന്തര അന്വേഷണങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് റൂറൽ എസ്‌പി കെ.ജി സൈമൺ. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എസ്‌പി വ്യക്തമാക്കി.

ആറ് പേരുടെ മരണം അന്വേഷിക്കുന്നതിൽ നിന്നും കൂടുതൽ മരണങ്ങളുടെ അന്വേഷണങ്ങളിലേക്ക് ഉദ്യോഗസ്ഥർ നീങ്ങുന്നതിനിടെയാണ് ഇത്തരം ഒരു അറിയിപ്പ്. സമാന്തര അന്വേഷണങ്ങൾ ശരിയായ അന്വേഷണത്തെ ദോഷമായി ബാധിക്കുന്നുണ്ടെന്നും എസ്‌പി അറിയിപ്പിൽ പറഞ്ഞു.

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരായി ചമഞ്ഞു കൊണ്ട് ഇത്തരക്കാർ നാട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും കൊല്ലപ്പെട്ടവരുമായി ബന്ധപ്പെട്ടവരെ ഇന്റർവ്യൂ ചെയ്യുകയും ചെയ്തതായി ശ്രദ്ധയിൽപ്പെട്ടുവെന്ന് കെ.ജി സൈമൺ കുറിപ്പിൽ വ്യക്തമാക്കുന്നു. ഇത്തരം പ്രവൃത്തികൾ നിയമവിരുദ്ധമാണെന്നും കേസന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നുമുള്ളത് കൊണ്ട് പിന്മാറണമെന്ന് എസ്‌പി മുന്നറിയിപ്പ് നൽകുന്നു.

ഈ രീതിയിലുള്ള പ്രവർത്തനം ആരെങ്കിലും നടത്തുന്നതായി മനസിലായാൽ ആ വിവരം പോലീസിനെ അറിയിക്കണമെന്നും കുറിപ്പിൽ പറയുന്നു. കൂടത്തായി കൂട്ടക്കൊലപാതകം അന്വേഷിക്കാൻ ആറ് ചെറു സംഘങ്ങൾ രൂപീകരിച്ചു. ആറ് കൊലപാതകങ്ങളും ആറ് എഫ്ഐആറുകൾ ഇട്ട് വ്യത്യസ്ത കേസുകളായി അന്വേഷിക്കാനാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ പദ്ധതി.

You must be logged in to post a comment Login